Connect with us

Kerala

ബിജു കുര്യന് പഠനയാത്രക്ക് പോകാന്‍ യോഗ്യതയുണ്ട്; നടപടിക്രമങ്ങളില്‍ വീഴ്ചയില്ലെന്ന് കൃഷിവകുപ്പ്

ബിജു കുര്യന് പഠന യാത്രക്ക് തിരഞ്ഞെടുക്കപ്പെടാന്‍ ആവശ്യമായ യോഗ്യത ഉണ്ടായിരുന്നുവെന്ന് കൃഷിവകുപ്പ് നിയോഗിച്ച അന്വേഷണ സംഘം.

Published

|

Last Updated

കണ്ണൂര്‍ | നൂതന കൃഷിരീതികള്‍ പഠിക്കാന്‍ ഇസ്‌റാഈലിലേക്ക് പോയ കര്‍ഷകരുടെ സംഘത്തിലേക്ക് കണ്ണൂര്‍ സ്വദേശി ബിജു കുര്യനെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ വീഴ്ചയില്ലെന്ന് കൃഷിവകുപ്പ്. ബിജു കുര്യന് പഠന യാത്രക്ക് തിരഞ്ഞെടുക്കപ്പെടാന്‍ ആവശ്യമായ യോഗ്യത ഉണ്ടായിരുന്നുവെന്ന് കൃഷിവകുപ്പ് നിയോഗിച്ച അന്വേഷണ സംഘം വ്യക്തമാക്കി.

ബിജുവിന്റെ കണ്ണൂര്‍ ഇരിട്ടി പായത്തെ കൃഷിഭൂമിയില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കൃഷി ഓഫീസര്‍മാരുടെ പ്രത്യേക സംഘം പരിശോധന നടത്തി. സംഘം രണ്ട് ദിവസത്തിനകം കൃഷി വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

അനര്‍ഹമായ രീതിയിലാണ് ബിജു കുര്യന്‍ അടക്കമുള്ള പലരും പഠനയാത്രക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്നായിരുന്നു ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പായം പഞ്ചായത്തിലെ കൃഷി ഓഫീസര്‍ കെ ജെ രേഖയോട് കൃഷിവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് വിശദമായ അന്വേഷണം കൃഷിവകുപ്പ് പ്രഖ്യാപിച്ചത്.

ഈ മാസം 12നാണ് നവീന കൃഷിരീതികള്‍ പരിശീലിക്കുന്നതിനായി 27 അംഗ സംഘം ഇസ്‌റാഈലിലേക്ക് തിരിച്ചത്. ഇവരില്‍ ഒരാളായ കണ്ണൂര്‍ ഇരിട്ടി സ്വദേശി ബിജുവിനെ കഴിഞ്ഞ വെള്ളിയാഴ്ച കാണാതാവുകയായിരുന്നു. 17-ാം തീയതി ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ സംഘത്തില്‍ നിന്നും ബിജുവിനെ കാണാതായെന്നാണ് വിവരം.

 

Latest