From the print
ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം: ആധാറും റേഷന്‍ കാര്‍ഡും പരിഗണിക്കണം
വൈകിപ്പോയി, നേരത്തേ ആകാമായിരുന്നുവെന്ന് സുപ്രീം കോടതി.

ന്യൂഡല്‍ഹി | ബിഹാറിലെ വിവാദ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ (എസ് ഐ ആര്‍) നിര്‍ണായക ഇടപെടലുമായി സുപ്രീം കോടതി. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ആധാര്‍, റേഷന്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ കൂടി തിരിച്ചറിയല്‍ രേഖയായി ഉള്‍പ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി മുന്നോട്ടുപോയ കമ്മീഷന്‍ നടപടിയെ കോടതി വിമര്‍ശിച്ചു.
അതേസമയം, കേസില്‍ ഇടക്കാല വിധിയില്ല. കേസ് ഈ 28ന് വീണ്ടും പരിഗണിക്കും. 21നകം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കണമെന്നും ജസ്റ്റിസുമാരായ സുധാന്‍ഷു ധുലിയ, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബഞ്ച് വ്യക്തമാക്കി. കേസ് വീണ്ടും പരിഗണിക്കുന്നതിന് മുമ്പ് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കരുതെന്നും ബഞ്ച് പറഞ്ഞു.
കമ്മീഷന്‍ നിലവില്‍ പരിഗണിക്കുന്ന തിരിച്ചറിയല്‍ രേഖകള്‍ സമഗ്രമല്ലെന്ന് വിലയിരുത്തിയാണ് സുപ്രീം കോടതി ഇടപെടല്‍. ആധാര്‍, റേഷന്‍ കാര്‍ഡ്, വോട്ടര്‍ ഐ ഡി, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ ഒഴിവാക്കിയുള്ള 11 രേഖകളാണ് വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്താനുള്ള രേഖയായി കമ്മീഷന്‍ നിര്‍ദേശിച്ചത്. ഏതെല്ലാം രേഖകള്‍ സ്വീകരിക്കണമെന്ന് തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെങ്കിലും ഈ രേഖകള്‍ സ്വീകരിക്കുന്നില്ലെങ്കില്‍, അതിനുള്ള കാരണം വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ആധാര്‍ എന്നത് വ്യക്തികളെ തിരിച്ചറിയാനുള്ള രേഖ മാത്രമാണെന്നും ജനന തീയതിയോ പൗരത്വമോ തെളിയിക്കുന്നതല്ലെന്നുമാണ് തിരഞ്ഞടുപ്പ് കമ്മീഷന്റെ വാദം.
‘ബിഹാറില്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിനാണ് വോട്ടര്‍ പട്ടികയില്‍ പ്രത്യേക പരിഷ്‌കരണം? പൗരത്വവുമായി ബന്ധപ്പെട്ടാണ് ഇത് നടത്തുന്നതെങ്കില്‍ ഇതു നേരത്തേ ആകാമല്ലോ? ഇതു കുറച്ചു വൈകിപ്പോയില്ലേ? പൗരന്മാര്‍ അല്ലാത്തവര്‍ വോട്ടര്‍ പട്ടികയില്‍ ഉണ്ടാകാന്‍ പാടില്ല. എന്നാല്‍, തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണോ നിങ്ങള്‍ക്ക് തീയതി നിശ്ചയിക്കാനായത്.’- കോടതി ചോദിച്ചു.
2003ലാണ് ഇതിന് മുമ്പ് ബിഹാറില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം നടന്നത്. ജൂണ്‍ 24ലെ കണക്കനുസരിച്ച് ബിഹാറില്‍ 7.9 കോടി വോട്ടര്‍മാരുണ്ട്. ഇവരില്‍ 4.96 കോടി വോട്ടര്‍മാര്‍ 2003ലെ വോട്ടര്‍ പട്ടികയിലുള്ളവരാണ്. ഇവരൊഴിച്ചുള്ളവര്‍ക്ക് ജനന തീയതിയോ സ്ഥലമോ ഉള്‍പ്പെടെ പൗരത്വം തെളിയിക്കാനാവശ്യമായ രേഖ ഹാജരാക്കണമെന്നാണ് കമ്മീഷന്‍ നിര്‍ദേശം. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടര്‍ പട്ടിക പുതുക്കുന്നതിനെതിരെ സമര്‍പ്പിച്ച ഹരജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. വോട്ടര്‍പട്ടിക പരിഷ്‌കരണം പൗരത്വ ഭേദഗതി നിയമം പിന്‍വാതിലിലൂടെ നടപ്പാക്കാനുള്ള നീക്കമാണെന്നും ആരോപണമുയര്‍ന്നിരുന്നു.
പൗരത്വം തീരുമാനിക്കേണ്ടത് തിര. കമ്മീഷനല്ല
ന്യൂഡല്‍ഹി | വ്യക്തിയുടെ പൗരത്വം തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനല്ലെന്നും ആഭ്യന്തര മന്ത്രാലയമാണെന്നും സുപ്രീം കോടതി. ബിഹാര്‍ വോട്ടര്‍ പട്ടിക കേസ് പരിഗണിക്കുന്നതിനിടെ പൗരത്വത്തിന്റെ തെളിവായി ആധാര്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദി വാദിച്ചപ്പോഴാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ആര്‍ട്ടിക്കിള്‍ 326 പ്രകാരം അധികാരങ്ങളുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാദിച്ചെങ്കിലും ഈ പരിശോധന വളരെ നേരത്തേ തന്നെ ആരംഭിക്കേണ്ടതായിരുന്നുവെന്ന് ബഞ്ച് വ്യക്തമാക്കി.
ഒരാളുടെ പൗരത്വം നിര്‍ണയിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനിലെ താഴേക്കിടയിലുള്ള ഉദ്യോഗസ്ഥന് നല്‍കാന്‍ കഴിയില്ലെന്ന് ആര്‍ ജെ ഡി. എം പി മനോജ് ഝാക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. ബിഹാര്‍ സര്‍ക്കാര്‍ നടത്തിയ സര്‍വേയില്‍ വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ കമ്മീഷന്‍ നിര്‍ദേശിച്ച സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളൂവെന്നും സിബല്‍ ചൂണ്ടിക്കാട്ടി. 2.5 ശതമാനം പേര്‍ക്ക് മത്രമാണ് പാസ്സ്പോര്‍ട്ടുള്ളത്. മെട്രിക്കുലേഷന്‍ 14.71 ശതമാനം ആളുകള്‍ക്കേയുള്ളൂവെന്നും ഹരജിക്കാര്‍ വാദിച്ചു.