Connect with us

Kerala

കിളിമാനൂരില്‍ വയോധികനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവം; അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറും

പ്രതി എസ് എച്ച് ഒ പി അനില്‍കുമാര്‍ ഒളിവിലാണ്.

Published

|

Last Updated

തിരുവനന്തപുരം| കിളിമാനൂരില്‍ വയോധികനെ പാറശാല എസ് എച്ച് ഒ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും. പ്രതി പി അനില്‍കുമാര്‍ ഒളിവിലാണ്. പാറശ്ശാല എസ് എച്ച് ഓയുടെ ചുമതല പൂവാര്‍ സി ഐയ്ക്ക് നല്‍കും. ഇന്ന് വൈകിട്ടോടെ പി അനില്‍കുമാറിന്റെ സസ്പെന്‍ഷന്‍ ഉത്തരവ് ഇറങ്ങിയേക്കും. നടപടി ആവശ്യപ്പെട്ട റൂറല്‍ എസ് പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സൗത്ത് ഐ ജിയുടെ പരിഗണനയിലാണ്.

അലക്ഷ്യമായി അമിത വേഗത്തില്‍ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കുകയും നിര്‍ത്താതെ പോയതിനുമാണ് എസ് എച്ച് ഒക്കെതിരെ കേസ്. ഇന്ന് ആറ്റിങ്ങല്‍ കോടതിയില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി മഞ്ജുലാല്‍ എസ്എച്ച്ഒയെ പ്രതിയാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എസ്എച്ച്ഒക്കെതിരെ കേസെടുത്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ അനില്‍ കുമാര്‍ ഇന്ന് സമര്‍പ്പിക്കും. കഴിഞ്ഞ ഏഴാം തീയതിയാണ് അനില്‍ കുമാറിന്റെ വാഹനമിടിച്ച് രാജന്‍ മരിച്ചത്. സംഭവത്തില്‍ പാറശ്ശാല സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ റൂറല്‍ എസ് പി ശുപാര്‍ശ നല്‍കിയിരുന്നു. ദക്ഷിണമേഖല ഐജിക്കാണ് അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തു കൊണ്ട് റൂറല്‍ എസ് പി റിപ്പോര്‍ട്ട് നല്‍കിയത്.

സംഭവത്തില്‍ എസ്എച്ച്ഒ അനില്‍കുമാര്‍ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. ഒരാള്‍ വാഹനത്തിന്റെ സൈഡില്‍ ഇടിച്ചുവീണുവെന്നും പിന്നീട് അയാള്‍ എഴുന്നേറ്റ് നടന്നുപോയെന്നുമാണ് അനില്‍കുമാര്‍ മൊഴി നല്‍കിയത്. ബിഎന്‍എസ് പ്രകാരം പത്ത് വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് അനില്‍കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.ഞായറാഴ്ച മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് പാറശ്ശാല സ്റ്റേഷന്‍ വിട്ട് അനില്‍കുമാര്‍ തട്ടത്തുമലയിലെ വീട്ടില്‍ പോയത്. അനുമതിയില്ലാതെ പോയതുകൊണ്ടാണ് അപകടം ഉണ്ടായിട്ടും നിര്‍ത്താതെ പോയതെന്നാണ് വിവരം. അപകടമുണ്ടാക്കിയ അനില്‍കുമാറിന്റെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

Latest