From the print
അസമില്‍ വോട്ടര്‍പ്പട്ടിക പ്രത്യേക പരിഷ്‌കരണം
അസം ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച് 2026 ജനുവരി ഒന്നിന് യോഗ്യതാ തീയതിയായി നിശ്ചയിച്ച് വോട്ടര്‍പ്പട്ടികയില്‍ പ്രത്യേക പരിഷ്‌കരണം നടത്തുമെന്നാണ് പ്രഖ്യാപിച്ചത്.
ന്യൂഡല്‍ഹി | നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിലെ വോട്ടര്‍പ്പട്ടികയില്‍ പ്രത്യേക പരിഷ്‌കരണം നടത്താന്‍ ഉത്തരവിറക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. അസം ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച് 2026 ജനുവരി ഒന്നിന് യോഗ്യതാ തീയതിയായി നിശ്ചയിച്ച് വോട്ടര്‍പ്പട്ടികയില്‍ പ്രത്യേക പരിഷ്‌കരണം നടത്തുമെന്നാണ് പ്രഖ്യാപിച്ചത്.
പരിഷ്‌കരണത്തിന് ശേഷമുള്ള അന്തിമ പട്ടിക ഫെബ്രുവരി പത്തിന് പ്രസിദ്ധീകരിക്കും. ഇപ്പോള്‍ പ്രഖ്യാപിച്ച പ്രത്യേക പരിഷ്‌കരണം വോട്ടര്‍പ്പട്ടിക പുതുക്കലിനും വോട്ടര്‍പ്പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിനും (എസ് ഐ ആര്‍) ഇടയില്‍ നടത്തുന്ന പരിഷ്‌കരണമാണെന്ന് അസമിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
എണ്ണല്‍ ഫോമുകള്‍ക്ക് പകരം, ബൂത്ത് ലെവല്‍ ഉദ്യോഗസ്ഥര്‍ മുന്‍കൂട്ടി പൂരിപ്പിച്ച രജിസ്റ്ററിന്റെ അടിസ്ഥാനത്തില്‍ വോട്ടര്‍മാരെ പരിശോധിക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഷെഡ്യൂള്‍ അനുസരിച്ച് ഈ മാസം 22 മുതല്‍ ഡിസംബര്‍ 20 വരെയാണ് ബി എല്‍ ഒമാര്‍ വീടുകളിലെത്തി വോട്ടര്‍മാരുടെ കണക്കെടുക്കുക. കരട് വോട്ടര്‍പ്പട്ടിക ഡിസംബര്‍ 27ന് പ്രസിദ്ധീകരിക്കും. വോട്ടര്‍പ്പട്ടികയിലെ പൊരുത്തക്കേടുകള്‍ നീക്കം ചെയ്യുന്നതിനാണിതെന്ന് അസം തിരഞ്ഞെടുപ്പ് ഓഫീസര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
യോഗ്യരായ ഒരു പൗരനെയും ഒഴിവാക്കുന്നില്ലെന്നും യോഗ്യതയില്ലാത്ത ഒരാളെയും വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെടുത്തില്ലെന്നും കമ്മീഷന്‍ പറഞ്ഞു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ എസ് ഐ ആര്‍ പ്രഖ്യാപിച്ചപ്പോള്‍ അസമിനെ ഉള്‍പ്പെടുത്തിയിരുന്നില്ല




