From the print
കളത്തില്‍ കരുത്താര്‍ക്ക്; പ്രചാരണത്തില്‍ മുന്നില്‍ റീല്‍സും സ്റ്റാറ്റസും
പഴയകാല പോസ്റ്റര്‍ പതിപ്പിക്കലും വീടുവീടാന്തരം കയറിയുള്ള വോട്ടഭ്യര്‍ഥനയും വാഹനപ്രചാരണവും ഒരു പരിധിവരെ മത്രമേ ജനങ്ങളിലെത്തുന്നുള്ളൂ എന്ന തിരിച്ചറിവാണ് പ്രചരണത്തിന്റെ രീതി മാറ്റാന്‍ കാരണമായത്.
തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒട്ടുമിക്ക പാര്‍ട്ടികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണം ഒന്നാംഘട്ടത്തിലേക്ക് കടന്നു. ഇപ്പോള്‍ നവമാധ്യമങ്ങളിലെ റീല്‍സും പോസ്റ്ററും പരമാവധി പ്രചരിപ്പിക്കുന്നതിലാണ് ശ്രദ്ധ. പഴയകാല പോസ്റ്റര്‍ പതിപ്പിക്കലും വീടുവീടാന്തരം കയറിയുള്ള വോട്ടഭ്യര്‍ഥനയും വാഹനപ്രചാരണവും ഒരു പരിധിവരെ മത്രമേ ജനങ്ങളിലെത്തുന്നുള്ളൂ എന്ന തിരിച്ചറിവാണ് പ്രചരണത്തിന്റെ രീതി മാറ്റാന്‍ കാരണമായത്.
പഴയകാല പ്രചരണ തന്ത്രങ്ങള്‍ ഇക്കാലഘട്ടത്ത് വിലപ്പോകില്ലെന്ന് അറിയാവുന്ന ന്യൂജന്‍ സ്ഥാനാര്‍ഥികള്‍ ഒരുപടി കൂടി മുന്നില്‍ കടന്ന് ഹൈടെക് പ്രചാരണ രീതിയിലാണ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്്. സിനിമാ സ്‌റ്റൈല്‍ പോസ്റ്റര്‍ മുതല്‍ ബുക്ക് കവര്‍ ഡിസൈനും സിനിമാ റീലുകളും ട്രെന്‍ഡിംഗ് ഗാനങ്ങളും പ്രചാരണത്തിന്റെ കുന്തമുനയായി കഴിഞ്ഞു.
പുത്തന്‍ പോസ്റ്ററുകള്‍ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത് കൂടുതലും യുവ സ്ഥാനാര്‍ഥികളാണ്. അവരോട് കിടപിടിക്കാന്‍ തന്നെ സീനിയേഴ്സും തീരുമാനിച്ചുറപ്പിച്ച മട്ടാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, ഫഹദ് ഫാസില്‍, ദുല്‍കര്‍ സല്‍മാല്‍ തുടങ്ങിയവരുടെ സിനിമാ ഗാനങ്ങളടങ്ങിയ റീല്‍സുകളാണ് ഇപ്പോഴത്തെ ട്രെന്റ്. തുടരും, ഭ്രമയുഗം തുടങ്ങിയ സിനിമകളിലേ ഡയലോഗുകളാണ് റീല്‍സിലെ ഹിറ്റ്. എ ഐയും ഗാനങ്ങളും നല്‍കി പ്രചാരണത്തിന്റെ പുത്തന്‍ ആശയങ്ങള്‍ നവമാധ്യമങ്ങളിലൂടെ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ഥികളും അവരുടെ സോഷ്യല്‍ മീഡിയ ടീമും.
പുതിയതും പഴയതുമായ മലയാളം ഹിറ്റ് ഗാനങ്ങള്‍ റീല്‍സുകളാക്കി വാട്സ്ആപ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയില്‍ പോസ്റ്റ് ചെയ്ത് ജനങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമം. കൂടാതെ വീട്ടിലെത്തി സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്തുന്നതിന് പകരം വീട്ടിലുള്ളവര്‍ക്ക് പരിചയപ്പെടുത്തലിന്റെ മുഖവുരയോടെയുള്ള വീഡീയോകള്‍ അയച്ചുനല്‍കും. എതിര്‍ സ്ഥാനാര്‍ഥി ഒരു റീല്‍ പോസ്റ്റ് ചെയ്താല്‍ മറ്റ് സ്ഥാനാര്‍ഥികള്‍ കൂടുതല്‍ മികച്ച രീതിയിലും വേറിട്ടതുമായ റീലുകള്‍ നവമാധ്യമങ്ങളില്‍ പോസ്റ്റിടും. കൂടാതെ സ്ഥാനാര്‍ഥികളെ പിന്തുണക്കുന്നവരും സുഹൃത്തുക്കളും ഇത് ഷെയര്‍ ചെയ്യും. ഇതോടെ വാട്സ്ആപ്പും ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും മത്സരിക്കുന്നവരുടെ വിജയാഭ്യര്‍ഥനകൊണ്ട് നിറയുന്നു.
പഴയകാലത്ത് സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നാല്‍ ജീപ്പിലോ കാറിലോ സ്പീക്കര്‍ കെട്ടി കൊട്ടിഘോഷിക്കുന്നതും പോസ്റ്ററുകള്‍ കൂടുതലായി പതിപ്പിക്കുന്ന പ്രവണതയും ഇത്തവണ കുറഞ്ഞിട്ടുണ്ട്. ഏതായാലും വ്യത്യസ്തങ്ങളായ നിറക്കൂട്ടിലും സ്‌റ്റൈലന്‍ ലുക്കിലും പശ്ചാത്തല സംഗീതത്തിലുമൊക്കെയാണ് റീലുകളും പോസ്റ്ററുകളും ഗ്രൂപ്പുകളില്‍ നിന്ന് ഗ്രൂപ്പുകളിലേക്ക് വിജയാഭ്യര്‍ഥനകളായി പറക്കുന്നത്.




