National
രാജ്ഭവനില്‍ ക്രിമിനലുകളെ സംരക്ഷിക്കുന്നുവെന്ന് ടി എം സി എം പി; തിരച്ചിലുമായി ഗവര്‍ണര്‍; ബംഗാളില്‍ നാടകീയ രംഗങ്ങള്‍
ക്രിമിനലുകള്‍ക്ക് രാജ്ഭവന്‍ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും വിതരണം ചെയ്യുന്നതായുള്ള ടി എം സി എം പി. കല്യാണ്‍ ബാനര്‍ജിയുടെ ആരോപണത്തിനു പിന്നാലെയായിരുന്നു തിരച്ചില്‍.
കൊല്‍ക്കത്ത | രാജ്ഭവന്‍ ക്രിമിനലുകളെ സംരക്ഷിക്കുന്നതായും അവര്‍ക്ക് ആയുധം നല്‍കുന്നതായുമുള്ള തൃണമൂല്‍ എം പിയുടെ ആരോപണത്തിനു പിന്നാലെ നടപടിയുമായി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ്. സംസ്ഥാന-കേന്ദ്ര പോലീസ് സംഘവുമായി ചേര്‍ന്ന് ഗവര്‍ണര്‍ രാജ്ഭവന്‍ കെട്ടിടത്തിലും പരിസരത്തും തിരച്ചില്‍ നടത്തി.
തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ആക്രമിക്കുന്നതിനായി ക്രിമിനലുകള്‍ക്ക് രാജ്ഭവന്‍ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും വിതരണം ചെയ്യുന്നതായുള്ള ടി എം സി എം പി. കല്യാണ്‍ ബാനര്‍ജിയുടെ ആരോപണത്തിനു പിന്നാലെയായിരുന്നു തിരച്ചില്‍. വടക്കന്‍ ബംഗാളിലെ തന്റെ സന്ദര്‍ശനം വെട്ടിച്ചുരുക്കിയാണ് ഗവര്‍ണര്‍ രാജ്ഭവനിലെത്തിയത്. ഉച്ചക്ക് 2:15 നാണ് പരിശോധന ആരംഭിച്ചതെന്ന് പി ടി ഐ റിപോര്‍ട്ട് ചെയ്തു. പോലീസിനു പുറമെ ദുരന്തനിവാരണ, സിവില്‍ ഡിഫന്‍സ് വകുപ്പുകളിലെ ഉദ്യോഗസ്ഥരും തിരച്ചിലില്‍ പങ്കെടുത്തു. തിരച്ചില്‍ ആരംഭിക്കുന്നതിന് മുമ്പ് രാജ്ഭവന്‍ ഒഴിപ്പിച്ചിരുന്നു. തിരച്ചിലിന്റെ ദൃശ്യങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തു.
‘ബി ജെ പി ക്രിമിനലുകള്‍ക്ക് രാജ്ഭവന് അകത്ത് സംരക്ഷണം നല്‍കുന്ന നടപടി ഗവര്‍ണര്‍ അവസാനിപ്പിക്കണം. ടി എം സി പ്രവര്‍ത്തകരെ ആക്രമിക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ക്ക് തോക്കുകളും ബോംബുകളും നല്‍കുകയാണ്. അദ്ദേഹം ഒരു പിടിപ്പുകെട്ട ഗവര്‍ണറാണ്. ബി ജെ പിയുടെ സേവകനാണ്. അദ്ദേഹം രാജ്ഭവനില്‍ ഇരിക്കുന്ന കാലത്തോളം ബംഗാളിന് നല്ലതൊന്നും സംഭവിക്കില്ല.’-കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ കല്യാണ്‍ ബാനര്‍ജി പറഞ്ഞു.




