Connect with us

From the print

കൂട്ടരാജിക്ക് പിന്നാലെ യു പോക്കറും ലീഗ് വിട്ടു

സി പി എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.

Published

|

Last Updated

കോഴിക്കോട് | മുസ്ലിം ലീഗ് നേതൃത്വത്തെ ഞെട്ടിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ട്രേഡ് യൂനിയന്‍ നേതാവുമായ യു പോക്കര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്് എം സി മായിന്‍ ഹാജിയുമായുള്ള തര്‍ക്കം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് രാജി.

തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് ട്രേഡ് യൂനിയന്‍ രംഗത്ത് 40 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള യു പോക്കറിന്റെ രാജി. ഇന്നലെ കോഴിക്കോട് പ്രസ്സ് ക്ലബില്‍ സി പി എം നേതാക്കള്‍ക്കൊപ്പമെത്തിയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവെക്കുന്നതായും സി പി എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നല്ലളത്തെ ലീഗ് സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയുള്ള പ്രശ്നങ്ങളാണ് യു പോക്കറിന്റെ രാജിയില്‍ കലാശിച്ചത്. യു പോക്കറിനെ നല്ലളത്ത് പരിഗണിക്കണമെന്നായിരുന്നു ലീഗ് കമ്മിറ്റികളുടെ ആവശ്യം. എന്നാല്‍, മുതിര്‍ന്ന നേതാവായ പോക്കറിനെ വെട്ടി മായിന്‍ ഹാജി സ്വന്തം താത്പര്യം മുന്‍നിര്‍ത്തി മേഖലാ ലീഗ് പ്രസിഡന്റ്്വി പി ഇബ്റാഹീമിന് സ്ഥാനാര്‍ഥിത്വം നല്‍കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് ശാഖാ കമ്മിറ്റി നേതാക്കള്‍ കഴിഞ്ഞ ദിവസം കൂട്ടത്തോടെ രാജിവെച്ചിരുന്നു. പിന്നാലെയാണ് പോക്കറും രാജിവെച്ചത്.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എസ് ടി യു ദേശീയ സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, മോട്ടോര്‍ തൊഴിലാളി യൂനിയന്‍ സംസ്ഥാന പ്രസിഡന്റ്്ഉള്‍പ്പെടെ നിരവധി സ്ഥാനങ്ങള്‍ വഹിക്കുമ്പോഴാണ് പോക്കര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നത്. നാഷനല്‍ ലീഗിലെ എം മുസ്തഫയാണ് ഇവിടെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി.