Connect with us

From the print

യു ഡി എഫ് തീരുമാനം കാത്ത് അന്‍വര്‍

രണ്ട് ദിവസത്തിനകം തൃണമൂല്‍ കോണ്‍ഗ്രസ്സുമായി സഹകരിക്കാന്‍ യു ഡി എഫ് തയ്യാറായില്ലെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി അന്‍വര്‍ പ്രഖ്യാപിക്കും.

Published

|

Last Updated

മലപ്പുറം | യു ഡി എഫ് തീരുമാനം കാത്ത് പി വി അന്‍വര്‍. രണ്ട് ദിവസത്തിനകം തൃണമൂല്‍ കോണ്‍ഗ്രസ്സുമായി സഹകരിക്കാന്‍ യു ഡി എഫ് തയ്യാറായില്ലെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി അന്‍വര്‍ പ്രഖ്യാപിക്കും. ടി എം സിയുമായുള്ള സഹകരണം സംബന്ധിച്ച് കെ പി സി സി ചര്‍ച്ചയിലാണ്. ഇന്നോ നാളെയോ തീരുമാനം അറിയിക്കാമെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്. അനുകൂലമല്ലെങ്കില്‍ അന്‍വര്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.

അന്‍വറുമായുള്ള സഹകരണത്തിന് ഘടകകക്ഷികള്‍ നേരത്തേ അനുകൂല നിലപാട് സ്വീകരിച്ചതാണ്. എന്നാല്‍, കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം നേതാക്കള്‍ ഇടഞ്ഞുനില്‍ക്കുകയായിരുന്നു. പ്രധാനമായും മലപ്പുറത്തെ രണ്ട് കോണ്‍ഗ്രസ്സ് എം എല്‍ എമാരാണ് എതിര്‍ക്കുന്നത്. അന്‍വറിനെ കൂടെ കൂട്ടണമെന്ന് ലീഗ് ശക്തമായി ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ഇവര്‍ രണ്ട് പേരും നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. നിലമ്പൂര്‍ നഗരസഭ, വഴിക്കടവ്, ചുങ്കത്തറ, എടവണ്ണ, കാളികാവ്, അമരമ്പലം, വണ്ടൂര്‍, തുവ്വൂര്‍ എന്നിവടങ്ങളില്‍ ടി എം സി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ടെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

വഴിക്കടവ് ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ സ്ഥാനാര്‍ഥിയെ മാത്രമാണ് ടി എം സി പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റിടങ്ങളിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് യു ഡി എഫ് തീരുമാനം കാത്തിരിക്കുകയാണ്. വഴിക്കടവ് ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ ടി എം സി സ്ഥാനാര്‍ഥി മത്സരിക്കുന്നത് യു ഡി എഫിനെ ബാധിക്കും.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 4,600ഓളം വോട്ട് വഴിക്കടവ് പഞ്ചായത്തില്‍ നിന്ന് മാത്രം അന്‍വറിന് ലഭിച്ചിരുന്നു. ഈ വോട്ട് ടി എം സി പിടിച്ചാല്‍ യു ഡി എഫ് സ്ഥാനാര്‍ഥി പരാജയപ്പെടുമെന്നാണ് വിലയിരുത്തല്‍.

യു ഡി എഫ് പ്രതീക്ഷവെക്കുന്ന ഡിവിഷനാണ് വഴിക്കടവ്. ഇത് മുന്നില്‍ക്കണ്ടാണ് ജില്ലയിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ അന്‍വറിനോട് നിലപാട് മയപ്പെടുത്തിയത്.