Connect with us

Editorial

ബിഹാര്‍ ഫലവും ഇന്ത്യ മുന്നണിയുടെ രാഷ്ട്രീയ ഭാവിയും

പ്രചാരണ രംഗത്ത് തൊഴിലില്ലായ്മ, അന്യദേശങ്ങളില്‍ തൊഴില്‍ തേടിപ്പോകുന്നവര്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍, വിലക്കയറ്റം, അഴിമതി തുടങ്ങി ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടു.

Published

|

Last Updated

അതിദയനീയമാണ് ബിഹാറില്‍ മതേതര സഖ്യത്തിന്റെ നില. 243 സീറ്റില്‍ 35 ഇടത്ത് മാത്രമാണ് ജയം. ആര്‍ ജെ ഡിക്കും കോണ്‍ഗ്രസ്സിനും നഷ്ടക്കണക്ക് മാത്രം. 61 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ്സിന് ലഭിച്ചത് കേവലം ആറ് സീറ്റുകള്‍ മാത്രം. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജേഷ് കുമാര്‍ ഉള്‍പ്പെടെ പ്രമുഖര്‍ പരാജയപ്പെട്ടു. ബിഹാറിന്റെ ചരിത്രത്തില്‍ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് പാര്‍ട്ടി കടന്നു പോകുന്നത്. 2015ല്‍ 41 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ്സ് 27 സീറ്റും 2020ല്‍ 70 സീറ്റില്‍ മത്സരിച്ച് 19 സീറ്റും നേടിയിരുന്നു. അസദുദ്ദീന്‍ ഉവൈസിയുടെ എ ഐ എം ഐ എമ്മിനേക്കാളും ദുര്‍ബലമാണിന്ന് രാജ്യത്തെ ഏറ്റവും പഴക്കം അവകാശപ്പെടുന്ന പാര്‍ട്ടി.

രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി വെളിപ്പെടുത്തലുകളിലും എസ് ഐ ആറിനെതിരായ പ്രതിഷേധങ്ങളിലും നേട്ടം പ്രതീക്ഷിച്ചിരുന്ന കോണ്‍ഗ്രസ്സിന്റെ കണക്കുകൂട്ടല്‍ തെറ്റി. വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് രാഹുല്‍ നടത്തിയ വോട്ടര്‍ അധികാര്‍ യാത്ര 110 മണ്ഡലങ്ങളിലൂടെ കടന്നുപോകുകയും പല സ്ഥലത്തും മോശമല്ലാത്ത ജനക്കൂട്ടത്തെ ആകര്‍ഷിക്കുകയും ചെയ്തിരുന്നു. രാഹുല്‍ 1,300 കി.മീറ്റര്‍ സഞ്ചരിച്ച ഈ യാത്ര ഒരു ഫലവും ചെയ്തില്ല. അദ്ദേഹം കടന്നുപോയ മണ്ഡലങ്ങളിലൊന്നും പാര്‍ട്ടിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനുമായില്ല. ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായ വോട്ട് കൊള്ള ബിഹാര്‍ രാഷ്ട്രീയത്തില്‍ ഒരു ചലനവുമുണ്ടാക്കിയില്ല. രണ്ടിടത്ത് നോട്ടക്ക് താഴെയാണ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളുടെ വോട്ടിംഗ് നില. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിലും തെലങ്കാന തിരഞ്ഞെടുപ്പ് വേളയിലും രാഹുല്‍ നടത്തിയ യാത്രകള്‍ കോണ്‍ഗ്രസ്സിന് ഗുണം ചെയ്തിരുന്നു. ഇതാണ് ബിഹാറിലെ വോട്ടര്‍ അധികാര്‍ യാത്രക്ക് പ്രചോദനമായത്. എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ച് രാഹുല്‍ നടത്തിയ യാത്ര പക്ഷേ ഫലം ചെയ്തില്ല. പ്രചാരണ രംഗത്ത് തൊഴിലില്ലായ്മ, അന്യദേശങ്ങളില്‍ തൊഴില്‍ തേടിപ്പോകുന്നവര്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍, വിലക്കയറ്റം, അഴിമതി തുടങ്ങി ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടു.

ബിഹാറിലെ മുഖ്യ രാഷ്ട്രീയ ശക്തിയായിരുന്നു 1950-90 കാലഘട്ടത്തില്‍ കോണ്‍ഗ്രസ്സ്. 1990ല്‍ ജഗന്നാഥ് മിശ്രയുടെ നേതൃത്വത്തിലായിരുന്നു സംസ്ഥാനത്ത് അവസാനത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍. പിന്നീട് നേതൃശൂന്യതയും സംഘടനാപരമായ തളര്‍ച്ചയും ആര്‍ ജെ ഡിയുടെ കടന്നു വരവും ഭഗല്‍പൂര്‍ കലാപവും കാരണം പാര്‍ട്ടി ക്ഷയിച്ചു കൊണ്ടിരുന്നു. ആഭ്യന്തര സംഘര്‍ഷങ്ങളും പാര്‍ട്ടിക്കു വിനയായി. മിശ്രക്കു ശേഷം വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടും നേതൃപാടവവുമുള്ള നേതാവ് പാര്‍ട്ടിയെ നയിക്കാനുണ്ടായില്ല. 1989 ഒക്ടോബര്‍ 24 മുതല്‍ രണ്ട് മാസത്തോളം നീണ്ടുനിന്ന, ഭഗല്‍പൂര്‍ നഗരത്തെയും ചുറ്റുമുള്ള 250ഓളം ഗ്രാമങ്ങളെയും ബാധിച്ച ഹിന്ദുത്വ ആക്രമണം മുസ്ലിംകളെ കോണ്‍ഗ്രസ്സുമായി അകറ്റി. വര്‍ഗീയാക്രമണത്തില്‍ കൊല്ലപ്പെട്ട ആയിരത്തോളം പേരില്‍ 900 പേരും മുസ്ലിംകളായിരുന്നു.

പാര്‍ട്ടിയുടെ സംഘടനാതലം വളരെ ദുര്‍ബലമാണ്. സംസ്ഥാനതലത്തില്‍ ആര്‍ ജെ ഡി, ജെ ഡി യു, ബി ജെ പി കക്ഷികളുടെ നേതൃത്വത്തിന് തുല്യം അണികളെ ആകര്‍ഷിക്കാന്‍ കെല്‍പ്പുള്ള ഒരു നേതാവ് കോണ്‍ഗ്രസ്സിനില്ല. കേഡര്‍ സ്വഭാവം പാടേ നഷ്ടമായി. ബൂത്ത്തലത്തില്‍ പ്രവര്‍ത്തകരുടെ അഭാവം തിരഞ്ഞെടുപ്പില്‍ നന്നായി ബോധ്യപ്പെട്ടു. ആര്‍ ജെ ഡിയുടെ ഒരു നിഴല്‍ മാത്രമായി മാറി ഇത്തരം വേദികളില്‍ കോണ്‍ഗ്രസ്സ്. ആര്‍ ജെ ഡിക്ക് യാദവര്‍, ജെ ഡി യുവിന് കുര്‍മി സമൂഹം എന്നതു പോലെ കോണ്‍ഗ്രസ്സിന് സ്ഥിരമായ വോട്ട് ബേങ്കുമില്ല. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ച് കാരണങ്ങള്‍ കണ്ടെത്തിയ ശേഷം വിശദമായ കാഴ്ചപ്പാട് അവതരിപ്പിക്കുമെന്നും ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതിനെതിരെയുള്ള പോരാട്ടം ശക്തമായി തുടരുമെന്നുമാണ് തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് കോണ്‍ഗ്രസ്സ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്‍സ്റ്റയില്‍ കുറിച്ചത്. പ്രഖ്യാപനങ്ങള്‍ കൊണ്ടായില്ല, അടിത്തട്ട് തൊട്ടേ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള കര്‍മപദ്ധതികളാണ് വേണ്ടത്.

ബിഹാറിലെ പരമ്പരാഗത ഇടതു കോട്ടകളിലും കടുത്ത വിള്ളല്‍ സൃഷ്ടിച്ചു ജെ ഡി യു- ബി ജെ പി സഖ്യം. 2020ല്‍ 29 സീറ്റുകളില്‍ മത്സരിച്ച സി പി ഐ (എം എല്‍), സി പി എം, സി പി ഐ എന്നീ കക്ഷികള്‍ 16 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ സി പി ഐ (എം എല്‍) 12, സി പി എം രണ്ട്, സി പി ഐ രണ്ട്) ഇത്തവണ മത്സരിച്ച 33 സീറ്റുകളില്‍ മൂന്ന് സീറ്റുകള്‍ മാത്രമാണ് (സി പി ഐ (എം എല്‍) രണ്ട്, സി പി എം ഒന്ന്) നിലനിര്‍ത്തിയത്. ബിഹാര്‍ രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിധ്യമായിരുന്നു ഒരു കാലത്ത് ഇടതു രാഷ്ട്രീയം. തൊഴിലാളി വര്‍ഗത്തിന്റെയും കര്‍ഷകരുടെയും അവകാശങ്ങള്‍ക്കു വേണ്ടി വാദിച്ചിരുന്ന ഇടതുപ്രസ്ഥാനങ്ങളില്‍ സാധാരണക്കാരും തൊഴിലാളി വര്‍ഗവും കര്‍ഷകരും പ്രതീക്ഷകളര്‍പ്പിച്ചു. അവരായിരുന്നു ഇടത് രാഷ്ട്രീയത്തിന്റെ കരുത്ത്. പില്‍ക്കാലത്തെ സാമ്പത്തികവും സാമൂഹികവുമായ മാറ്റങ്ങളും ഇത് ഇടത് പാര്‍ട്ടികളിലുണ്ടാക്കിയ പ്രതിഫലനവും ഇടത് പ്രസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയായി. ഇതിന്റെ പ്രതിഫലനം കൂടിയാണ് ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ കാണുന്നത്.

ഇടത് പ്രസ്ഥാനങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ മങ്ങലേറ്റുവെങ്കിലും അതൊരു രാഷ്ട്രീയ പരിസമാപ്തി അല്ല. തൊഴിലാളി- കര്‍ഷക പ്രശ്നങ്ങള്‍, സമൂഹത്തിലെ അടിത്തട്ടിലുള്ളവര്‍ നേരിടുന്ന പ്രതിസന്ധി തുടങ്ങിയ പ്രശ്നങ്ങള്‍ അവശേഷിക്കുന്ന സാഹചര്യത്തില്‍ ഇടത് പ്രസ്ഥാനങ്ങള്‍ക്ക് ഇന്നും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രസക്തിയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇത്തരം പ്രശ്നങ്ങളുടെ പരിഹാരത്തിന് വ്യക്തമായ ആലോചനകളും സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരെയും പിന്നാക്ക വിഭാഗങ്ങളെയും വിശ്വാസത്തിലെടുക്കാനാവശ്യമായ പ്രവര്‍ത്തന പദ്ധതികളും അനിവാര്യമാണ്. വികസനത്തിന്റെ പേരില്‍ ആളുകള്‍ കുടിയൊഴിപ്പിക്കപ്പെടുമ്പോഴും വനങ്ങള്‍ വെട്ടിവെളുപ്പിക്കുമ്പോഴും നദികള്‍ രാഷ്ട്രീയ പദ്ധതികളുടെ ഇരയാകുമ്പോഴും അതിനെതിരെ ശക്തിയായി പ്രതികരിക്കാനാകണം. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന തങ്ങളുടെ രാഷ്ട്രീയ ശബ്ദം തിരിച്ചു പിടിക്കാന്‍ ഇടത് നേതൃത്വത്തിനാകുമോ?

 

 

Latest