Connect with us

bihar

മദ്യനിരോധനം ആഹ്വാനം ചെയ്ത് ബിഹാറിൽ എം എൽ എമാരുടെ പ്രതിജ്ഞ; പിന്നാലെ നിയമസഭാ മന്ദിരത്തിൽ മദ്യക്കുപ്പികൾ

അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

Published

|

Last Updated

പട്‌ന | മദ്യനിരോധനം ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഭരണകക്ഷിയായ എൻ ഡി എ. എം എൽ എമാർ പ്രതിജ്ഞ ചെയ്തതിന്റെ തൊട്ടടുത്ത ദിവസം ബിഹാർ നിയമസഭാ വളപ്പിൽ ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടെത്തി. സംഭവത്തിൽ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.

മുഖ്യമന്ത്രിയുടെ ചേംബറിൽ നിന്ന് നൂറ് മീറ്റർ മാത്രം അകലെയാണ് മദ്യക്കുപ്പികൾ കണ്ടെത്തിയത്. ഇത് ഗുരുതര വീഴ്ചയാണെന്നും ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടുമെന്നും നിതീഷ് കുമാർ പറഞ്ഞു.

സംഭവത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. സംസ്ഥാനത്തെ മദ്യമുക്തമാക്കാനുള്ള ബി ജെ പി- ജെ ഡി യു സർക്കാറിന്റെ നടപടി പരാജയമാണെന്നാണ് ഇക്കാര്യം സൂചിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പറഞ്ഞു.

മദ്യനിരോധനത്തിനെതിരെയുള്ള സർക്കാറിന്റെ പ്രതിജ്ഞ വെറും പ്രഹസനമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഏതാനും മാസങ്ങളായി പടിഞ്ഞാറൻ ചമ്പാരൻ, ഗോപാൽഗഞ്ച്, മുസാഫർപൂർ, സമസ്തിപൂർ ജില്ലകളിലായി അറുപതിലധികം പേരാണ് വ്യാജമദ്യം കഴിച്ച് മരിച്ചത്. ഇതേത്തുടർന്ന് നിതീഷ് കുമാർ നടത്തിയ അവലോകന യോഗത്തിൽ ഭരണകക്ഷിയായ ബി ജെ പിയിൽ നിന്നും മുഖ്യമന്ത്രിക്ക് നേരെ വിമർശനമുയർന്നിരുന്നു. മദ്യനിരോധനം നടപ്പാക്കുന്നതിൽ അലംഭാവം കാണിച്ചാൽ പോലീസുകാർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Latest