Connect with us

Articles

സൂക്ഷിക്കണം, ചൂട് കൂടുകയാണ്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ താപനില മെല്ലെമെല്ലെ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇനിയും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കുമെന്നാണ് ഇന്ത്യന്‍ മീറ്റീരിയോളജിക്കല്‍ ഡിപാര്‍ട്ട്മെന്റ് മുന്നറിയിപ്പ് നല്‍കുന്നത്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ആറ് ജില്ലകളിലാണ് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്.

Published

|

Last Updated

ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ വീണ്ടും നമ്മുടെ കൊച്ചു കേരളത്തില്‍ സംസാര വിഷയമാകുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ താപനില മെല്ലെമെല്ലെ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇനിയും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കുമെന്നാണ് ഇന്ത്യന്‍ മീറ്റീരിയോളജിക്കല്‍ ഡിപാര്‍ട്ട്മെന്റ് മുന്നറിയിപ്പ് നല്‍കുന്നത്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ആറ് ജില്ലകളിലാണ് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ ശനിയാഴ്ച കൂടുതലായി രേഖപ്പെടുത്തിയ താപനില ശരാശരി 2.2 ഡിഗ്രി സെല്‍ഷ്യസ് ആണ്. ഇങ്ങനെ പോകുകയാണെങ്കില്‍ വരും ദിവസങ്ങള്‍ കേരളത്തെ പൊള്ളിക്കുമെന്ന് ഉറപ്പാണ്.

ഇതിന്റെ കാരണങ്ങള്‍ തേടുമ്പോള്‍ കൃത്യമായ ചില കാരണങ്ങള്‍ക്കപ്പുറം കാലക്രമേണ നാം എത്തിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോള താപനത്തിന്റെയുമൊക്കെ അനന്തര ഫലമെന്നു തന്നെയാണ് കരുതേണ്ടിവരുന്നത്. അതിനൊപ്പം പ്രാദേശികമായ ചില വിഷയങ്ങള്‍ കൂടി പരിഗണിച്ചാല്‍ ഏറെക്കുറെ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന താപനില വര്‍ധനവിന്റെ കാരണങ്ങള്‍ ലഭിച്ചേക്കാം.

ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും
ലോകമെമ്പാടും അന്തരീക്ഷ താപനില കൂടുന്നതിന്റെ കാരണങ്ങളില്‍ പ്രധാനമാണ് ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും. ഹരിതഗൃഹ വാതകങ്ങളുടെ ബാഹുല്യം, വനനശീകരണം എന്നിങ്ങനെ വിവിധങ്ങളായ കാരണങ്ങള്‍ മൂലം ആഗോളതലത്തില്‍ താപനില ഉയരുന്നുണ്ട്. അതൊരു ആഗോള പ്രതിഭാസമാണെങ്കിലും അതിന്റെ ബഹിര്‍സ്ഫുരണങ്ങള്‍ ഓരോ പ്രദേശങ്ങളിലും ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ കുറെയേറെ വര്‍ഷങ്ങള്‍ കണക്കിലെടുത്താല്‍ ഓരോ വര്‍ഷങ്ങള്‍ കഴിയുന്തോറും അന്തരീക്ഷത്തിലെ താപനില ഉയര്‍ന്നുവരുന്ന രീതിയാണ് കാണാനാകുന്നത്. ആ രീതി ഇനിയുള്ള വര്‍ഷങ്ങളിലും കൂടിക്കൂടി വരാന്‍ തന്നെയാണ് സാധ്യതയും. ആഗോളതലത്തില്‍ ഭൂമിക്കും അന്തരീക്ഷത്തിനുമൊക്കെ മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ അത് പ്രതിഫലിക്കുന്നത് കൂടുതലായും താപനിലയിലാണ്. മേല്‍ സൂചിപ്പിച്ച തരത്തില്‍ ഹരിതഗൃഹ വാതകങ്ങളുടെ അളവില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. വന നശീകരണമാണെങ്കില്‍ യാതൊരു നിയന്ത്രണവുമില്ലാതെ തുടര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈയവസരത്തില്‍ ആഗോളതലത്തിലെ കാലാവസ്ഥാ മാറ്റത്തെ ഉള്‍ക്കൊള്ളേണ്ടി വരുന്നതാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ചൂടിന്റെ ഒരു കാരണമായി പറയപ്പെടുന്നത്.
വടക്കു കിഴക്കന്‍

കാറ്റിന്റെ സ്വാധീനം
ഈ മാസങ്ങളില്‍ കൂടുതലായും തെക്കുപടിഞ്ഞാറന്‍ കാറ്റിനേക്കാള്‍, വടക്കുകിഴക്കന്‍ കാറ്റാണ് കേരളത്തെ സംബന്ധിച്ചിടത്തോളം കൂടുതലായി ലഭിക്കുന്നത്. വടക്കുകിഴക്കന്‍ കാറ്റ് ഏറെയും കരപ്രദേശങ്ങള്‍ കടന്നാണ് കേരളത്തിന്റെ അതിര്‍ത്തിയില്‍ പ്രവേശിക്കുന്നത്. ജലാംശം കുറവുള്ളതും വരണ്ടതുമായ ഈ കാറ്റ് സ്വാഭാവികമായും താപനില ഉയരുന്നതിന് കാരണമാകുന്നു. മറിച്ച് അറബിക്കടലില്‍ നിന്ന് വീശുന്ന തെക്കുപടിഞ്ഞാറന്‍ കാറ്റ് താരതമ്യേന കേരളത്തില്‍ സൃഷ്ടിക്കുന്നത് ഈര്‍പ്പം നിറഞ്ഞതും തണുത്തതുമായ അന്തരീക്ഷമാണ്. അവയുടെ അഭാവം കേരളത്തെ കൂടുതല്‍ ചൂടിലേക്ക് തള്ളിവിടുന്നു.

വേനല്‍മഴ മാറിനില്‍ക്കുമ്പോള്‍
ഈ കാലയളവില്‍ ചൂടിന്റെ കാഠിന്യത്തിലും ഒരു വേനല്‍മഴ കേരളത്തെ കുളിര്‍പ്പിക്കാറുള്ളതാണ്. എന്നാല്‍ വേനല്‍മഴ മാറിനില്‍ക്കുന്നത് ഇപ്പോള്‍ ഉണ്ടാകുന്ന കൊടും ചൂടിന് കാരണമായി കണക്കാക്കാം. ഇതിന്റെ കാരണങ്ങള്‍ വ്യക്തമായി പറയാനാകില്ല. ഒരുപക്ഷേ, അടുത്ത ദിവസങ്ങളില്‍ തന്നെ വേനല്‍മഴ ഉണ്ടാകുകയും, ഈ പ്രശ്നങ്ങള്‍ അവസാനിക്കുകയും ചെയ്തേക്കാം. അതുകൊണ്ടുതന്നെ ഇപ്പോഴുണ്ടായിരിക്കുന്ന കൊടും ചൂട് ഒരു വേനല്‍മഴ വന്നണയുന്നതോടെ അവസാനിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.

നഗരവത്കരണം/ വനനശീകരണം
ഇപ്പോള്‍ ഉണ്ടായ കാലാവസ്ഥാമാറ്റം മാത്രമല്ല, കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അന്തരീക്ഷ താപനില വര്‍ധിക്കുന്ന പ്രതിഭാസത്തിന് നഗരവത്കരണം ഒരു പ്രധാന കാരണമായി പറയപ്പെടുന്നു. കേരളം ഗ്രാമങ്ങളാല്‍ സമൃദ്ധമെന്ന് പൊതുവെ പറയപ്പെടുന്നുണ്ടെങ്കിലും അവയൊക്കെ വളരെ വേഗം നഗരങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രകൃതിയുടെ പച്ചപ്പില്‍ നിന്ന് മാറി അവിടെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിറയുമ്പോള്‍ അവിടങ്ങളില്‍ സ്വാഭാവികമായും ഓക്സിജന്റെ അളവ് കുറയുകയും കെട്ടിടങ്ങള്‍ ആഗിരണം ചെയ്തതിനു ശേഷം പുറത്തേക്കുവിടുന്ന ചൂട് അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുകയും ചെയ്യുന്നു. അതും ചൂട് കൂടാന്‍ ഒരു കാരണമാണ്.

കൂടാതെ അതിരാവിലെയും സന്ധ്യ മയങ്ങിയതിന് ശേഷവും മാത്രം കാണപ്പെടുന്ന മേഘങ്ങള്‍ മറ്റൊരു കാരണമായി പറയാം. അതുവഴി ഉച്ചസമയങ്ങളില്‍ കൂടുതല്‍ സൂര്യപ്രകാശം തടസ്സങ്ങളില്ലാതെ ഭൂമിയിലേക്ക് എത്താനും അത് മറ്റു സമയങ്ങളില്‍ തിരികെ മുകളിലേക്ക് പോകാനും കഴിയാത്ത അവസ്ഥ സംജാതമാകുന്നു. ഇതുവഴി ചൂട് വലിയൊരളവില്‍ കൂടുന്നതായി കണക്കാക്കപ്പെടുന്നു.

സൂക്ഷിക്കണം ഈ ചൂടിനെ
കാരണങ്ങള്‍ പലത് പറയുമ്പോഴും നമ്മുടെ ശ്രദ്ധയും സൂക്ഷ്മതയും അതിനെതിരെ ഉണ്ടാകുന്നില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് അത് വഴിവെച്ചേക്കാം. ചൂട് എന്നും അസുഖങ്ങളുടെയും കൂടി തോഴനാണ്. സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കുന്നതുമൂലം പ്രത്യക്ഷമായി ഉണ്ടാകുന്ന സൂര്യാതപം പോലെയുള്ള പ്രശ്നങ്ങള്‍ക്കൊപ്പം പരോക്ഷമായും ഏറെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് അത് കാരണമായേക്കാം.

സൂര്യനില്‍ നിന്ന് പൊതുവെ ഇന്‍ഫ്രാറെഡ്, അള്‍ട്രാവയലറ്റ്, വിസിബിള്‍ ലൈറ്റ് എന്നിവയാണ് ഭൂമിയിലേക്ക് എത്തുന്നത്. ഇതില്‍ ഇന്‍ഫ്രാറെഡ് രശ്മികള്‍ നേരിട്ട് ശരീരത്തില്‍ ഏല്‍ക്കുന്നതുമൂലം നമ്മുടെ ത്വക്കുകള്‍ പൊള്ളുന്നതു പോലെയുള്ള അവസ്ഥയുണ്ടാകുകയും ചെയ്യുന്നു. അവയെയാണ് സൂര്യാതപം എന്ന് പറയുന്നത്. സണ്‍ ബേണ്‍ എന്നുകൂടി അറിയപ്പെടുന്ന ഇത് കേള്‍ക്കുമ്പോള്‍ നിസ്സാരമെങ്കിലും ചിലപ്പോള്‍ മരണത്തിനു വരെ കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇരുചക്ര വാഹനങ്ങളിലും മറ്റും യാത്ര ചെയ്യുമ്പോഴും ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം.

ആന്തരികമായ പ്രശ്നങ്ങളും ഈ അമിതമായ ചൂടുകൊണ്ട് ഉണ്ടായേക്കാം. ധാരാളം വെള്ളം കുടിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കഴിവതും കൈയില്‍ വെള്ളം കരുതുക. വെയിലത്ത് നിന്ന് വീട്ടിലേക്ക് വന്നയുടന്‍ തണുത്ത വെള്ളം കുടിക്കുന്നത് ഏവര്‍ക്കും ഒരു ശീലമാണ്. അത് ഒഴിവാക്കണം. വേനലില്‍ വിയര്‍പ്പ് കൂടുമ്പോള്‍ അത് ശരീരത്തില്‍ അടിഞ്ഞുകൂടി ഫംഗസ് ബാധ ഉണ്ടാകാനും സാധ്യതയുണ്ട്. അതുകൊണ്ട് ശരീരം വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം. വേനല്‍ കാലത്താണ് ജലജന്യ രോഗങ്ങള്‍ പെരുകാനുള്ള സാധ്യത കൂടുതലായുള്ളത്. അത് ഒഴിവാക്കാനായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കുക.

നേരിടാം, ക്രിയാത്മകമായി
ഈ ചൂട് മേല്‍ സൂചിപ്പിച്ച പോലെ ഒരു താത്കാലികമായ പ്രതിഭാസം മാത്രമാണ്. അത് ഉടന്‍ മാറുകയും ചെയ്യും. എന്നിരുന്നാലും കൃത്യമായ ഇടവേളകളില്‍ അത് വീണ്ടും വന്നുകൊണ്ടിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ഈ ചൂടിനെ പ്രതിരോധിക്കുമ്പോഴും വരും വര്‍ഷങ്ങളിലെ കൂടി ഇതു പോലെയുള്ള കഠിനമായ കാലാവസ്ഥക്കെതിരെ നാം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അതിനായി നമ്മുടെ ജീവിതരീതി തന്നെ ക്രമീകരിക്കണം. കൂടുതല്‍ പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ ശ്രമിക്കണം. പ്രകൃതിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നത് തന്നെയാണ് ഇത്തരത്തില്‍ ഉണ്ടാകുന്ന എല്ലാ പാരിസ്ഥിതിക പ്രശ്നങ്ങളുടെയും മൂലകാരണം. അത് ഒഴിവാക്കി പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ കഴിഞ്ഞാല്‍ ധാരാളം പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാനാകും.

 

(കൊച്ചി സര്‍വകലാശാല, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ലേഖകന്‍)