National
ബംഗാള്‍ മര്‍കസ് അക്കാദമിക് ബ്ലോക്ക് ശിലാ സ്ഥാപനം ഇന്ന്
മര്‍കസ് അലുംനി യു എ ഇ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെ നിര്‍മാണം നടക്കുന്നത്.

കൊല്‍ക്കത്ത|പശ്ചിമ ബംഗാളിലെ ദക്ഷിണ്‍ ദിനാജ്പൂര്‍ ആസ്ഥാനമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ-സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബംഗാള്‍ മര്‍കസ്-ത്വയ്ബ ഗാര്‍ഡന്‍ അക്കാദമിക് ബ്ലോക്ക് ശിലാ സ്ഥാപനം ഇന്ന് നടക്കും. മര്‍കസ് അലുംനി യു എ ഇ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പുതിയ അക്കാദമിക്ക് ബ്ലോക്കിന്റെ നിര്‍മാണം നടക്കുന്നത്. മര്‍കസിന്റെ ദേശീയ സ്ഥാപന-സംഘടനാ കൂട്ടായ്മയായ എം ഹാന്‍ഡ്സ് (Markaz Holistic Approach for National Development And Sustainability)മായി സഹകരിച്ചാണ് പദ്ധതിയുടെ നിര്‍വ്വഹണം.
2012ല്‍ ദക്ഷിണ്‍ ദിനാജ്പൂര്‍ ജില്ലയിലെ മാജിഖണ്ഡയില്‍ മര്‍കസ് പൂര്‍വ വിദ്യാര്‍ഥി സുഹൈറുദ്ദീന്‍ നൂറാനിയുടെ നേതൃത്വത്തില്‍ കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് സ്ഥാപിച്ചാണ് ബംഗാള്‍ മര്‍കസിന് തുടക്കമിടുന്നത്. 9 വിദ്യാര്‍ഥികളുമായി തുടങ്ങിയ സ്ഥാപനം ബംഗാളിന് പുറമെ ആസാം, ബീഹാര്‍, മണിപ്പൂര്‍, ത്രിപുര, ഒഡീഷ, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയും സാധാരണക്കാരുടെ വിദ്യാഭ്യാസ-ജീവിത നിലവാരത്തില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. 18 സ്ഥാപനങ്ങളിലായി 3500 വിദ്യാര്‍ഥികളും, സാമൂഹ്യക്ഷേമ പദ്ധതികളിലായി ഒരുലക്ഷത്തോളം ജനങ്ങളും ഇന്ന് ബംഗാള്‍ മര്‍കസിന്റെ ഗുണഭോക്താക്കളാണ്.
മാര്‍ച്ച് 1,2,3 തിയ്യതികളില്‍ നടക്കുന്ന ത്വയ്ബ പത്താം വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായാണ് ശിലാസ്ഥാപന ചടങ്ങ് നടക്കുന്നത്. മര്‍കസിന്റെ ദേശീയ വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാനായി അലുംനി ആവിഷ്‌കരിച്ച ‘നാഷണല്‍ മിഷന്‍’ പദ്ധതിയില്‍ ആദ്യത്തേതാണ് ഇത്. അലുംനി ജി സി സി നാഷണല്‍ കമ്മിറ്റികളുടെ കീഴില്‍ വിവിധ വികസന പദ്ധതികളാണ് പലയിടങ്ങളിലായി നടന്നുവരുന്നത്.
ശിലാസ്ഥാപന ചടങ്ങില്‍ ദക്ഷിണ്‍ ദിനാജ്പൂര്‍ ജില്ലാ കളക്ടര്‍ ബിജിന്‍ കൃഷ്ണ, ഹമീദുറഹ്‌മാന്‍ എം എല്‍ എ, തുറാബ് മൊണ്ടാല്‍ എം എല്‍ എ, മര്‍കസ് അലുംനി യു എ ഇ ദേശീയ കമ്മിറ്റി സാരഥികളായ ഉമ്മര്‍ ഫാറൂഖ്(സില്‍വര്‍ ലൈന്‍ റെന്റല്‍ മാനേജിങ് ഡയറക്ടര്‍), അക്ബര്‍ ഷാ( സ്‌കൈവേസ് കാര്‍ഗോ മാനേജിങ് പാര്‍ട്ണര്‍), ത്വയ്യിബ് മുഹമ്മദ്( എച്ച് എം എസ് അഡ്വാന്‍സ്ഡ് ടെക്‌നിക്കല്‍ സര്‍വീസ് മാനേജിങ് ഡയറക്ടര്‍,)അലുംനി UAE നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മുഹമ്മദലി പരപ്പന്‍പൊയില്‍,സെക്രട്ടറി മനാഫ് പൂക്കാട്ടില്‍,മര്‍കസ് അലുംനി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി പി ഉബൈദുല്ലാ സഖാഫി, ചീഫ് കോഡിനേറ്റര്‍ അക്ബര്‍ ബാദുഷ സഖാഫി, ജനറല്‍ സെക്രട്ടറി സി സ്വാദിഖ് കല്‍പള്ളി, ഫൈനാന്‍സ് സെക്രട്ടറി ജൗഹര്‍ കുന്ദമംഗലം, മിസ്തഹ് മൂഴിക്കല്‍, സി കെ മുഹമ്മദ് ഇരിങ്ങണ്ണൂര്‍, ജബ്ബാര്‍ ഒറ്റപ്പിലാവ്, സലീം ആര്‍ സി, വി സി റഫീഖ്, മനാഫ് ചാവക്കാട്,ത്വയ്ബ ഗാര്‍ഡന്‍ സാരഥികളായ സുഹൈറുദ്ദീന്‍ നൂറാനി, ശരീഫ് നൂറാനി, മുഹമ്മദ് അലി ഹനീഫ് നൂറാനി സംബന്ധിക്കും.