Connect with us

Kerala

ബേലൂര്‍ മഖ്‌ന കര്‍ണാടക വനമേഖലയിലേക്ക് മടങ്ങി

ആന കാട്ടിലേക്ക് കയറിപ്പോയാലും വൈകുന്നേരത്തോടെ തിരികെ വരുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Published

|

Last Updated

വയനാട്| മാനന്തവാടി പടമലയിലെ വീടിന്റെ ചുറ്റുമതില്‍ തകര്‍ത്ത് അജീഷിനെ ചവിട്ടിക്കൊന്ന ബേലൂര്‍ മഖ്നയെന്ന കാട്ടാന ജനവാസ കേന്ദ്രത്തിലിറങ്ങിയ ശേഷം വീണ്ടും കര്‍ണാടക വനമേഖലയിലേക്ക് പോയി. പെരിക്കല്ലൂരില്‍ നിന്ന് പുഴ മുറിച്ചുകടന്ന് ബൈരക്കുപ്പ ഭാഗത്തേക്കാണ് ആന പോയത്. ബേലൂര്‍ മഖ്‌ന വലിയ ആശങ്കയാണ് മേഖലയില്‍ ഉണ്ടാക്കുന്നത്. ഇന്ന് പുലര്‍ച്ചെ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പെരികല്ലൂര്‍ മരക്കടവില്‍ ആനയെത്തിയിരുന്നു. പിന്നീട് കര്‍ണാടക വനാതിര്‍ത്തിയിലേക്ക് മടങ്ങി.

എന്നാല്‍ ആന തിരികെ വരുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. ഇവിടെ സ്ഥിരമായി വന്യമൃഗങ്ങളുടെ ശല്യമുള്ള പ്രദേശമാണ്. ആന കാട്ടിലേക്ക് കയറിപ്പോയാലും വൈകുന്നേരത്തോടെ തിരികെ വരുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

അതേസമയം വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിമാരുടെ സംഘം ഇന്ന് വയനാട്ടിലെത്തും. മന്ത്രിമാരായ കെ രാജന്‍, എം.ബി രാജേഷ്, എ കെ ശശീന്ദ്രന്‍ എന്നിവരാണ് സംഘത്തിലുള്ളത്. രാവിലെ പത്ത് മണിക്ക് സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പല്‍ ഹാളില്‍ സര്‍വകക്ഷി യോഗം നടക്കും. ജില്ലയിലെ വനം റവന്യൂ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തും. വന്യജീവി ആക്രമണത്തിനിരയായവരുടെ കുടുംബാംഗങ്ങളെ സംഘം സന്ദര്‍ശിച്ചേക്കും.

വന്യജീവി ആക്രമണം തുടര്‍ച്ചയായ പശ്ചാത്തലത്തില്‍ യുഡിഎഫ് ഇന്ന് രാപ്പകല്‍ സമരം സംഘടിപ്പിക്കും. രാവിലെ 10 മണിക്ക് കളക്ടറേറ്റിന് മുന്നില്‍ കെ മുരളീധരന്‍ എംപി സമരം ഉദ്ഘാടനം ചെയ്യും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാട്ടാനയാക്രമണത്തില്‍ മരിച്ചവരുടെ വീടുകളില്‍ എത്തും.അതേസമയം പുല്‍പ്പള്ളിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാകും പൊലീസ് നടപടി. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.

 

 

 

Latest