Siraj Article
സെലക്ടീവ് വിവാദങ്ങളുടെ പിന്നില്‍
കാലങ്ങളായി വിവാദങ്ങള്‍ സൃഷ്ടിക്കുന്ന, അതിലൂടെ വീരപരിവേഷം നേടുന്ന കങ്കണ റണാവത്ത് ഒരു പ്രതീകമാണ്. ദാസ്യവേലയുടെ, അപ്രിയ കാര്യങ്ങളുടെ വഴിതിരിച്ചുവിടലിന്റെ സെലിബ്രിറ്റി പ്രൊപഗണ്ട മോഡല്‍. അതിലൂടെ അവര്‍ക്ക് നേട്ടങ്ങളുണ്ടാകുന്നു. ഇതിന്റെ മറുപുറമാണ്, എതിര്‍ശബ്ദമുയര്‍ത്തുന്ന സെലിബ്രിറ്റികളുടെ കാര്യം

ഒന്നിലേറെ തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും രാജ്യത്തെ നാലാമത്തെ പരമോന്നത ബഹുമതിയായ പത്മശ്രീയും ലഭിച്ച ഇന്ത്യയിലെ മികച്ച നടി കങ്കണ റണാവത്തിന്റെ ഒടുവിലത്തെ കണ്ടുപിടിത്തമാണ്, 47ല്‍ ലഭിച്ച സ്വാതന്ത്ര്യം ഡ്യൂപ്ലിക്കറ്റ് ആണെന്നതും 2014ലാണ് യഥാര്‍ഥ സ്വാതന്ത്ര്യം ലഭിച്ചതെന്നതും. അതായത്, 1987 മാര്‍ച്ച് 23ന് ജനിച്ച് 2014 വരെ പാരതന്ത്ര്യത്തിന്റെ വിലങ്ങിലായിരുന്നു താനെന്ന് അവര്‍ പറയുന്നു. ഒരുതരത്തില്‍ അത് ശരിയാണ്. 2014 വരെ രാജ്യത്തെ സംഘ്പരിവാറുകാരും ഹിന്ദുത്വവാദികളും ഫാസിസ്റ്റുകളും ന്യൂനപക്ഷ- ദളിത് വിരോധികളും അനുഭവിച്ച പാരതന്ത്ര്യത്തിന്റെ കെട്ടുപാടുകള്‍ പൊട്ടിച്ചത് 2014 മെയ് മാസം നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ ഡി എ സര്‍ക്കാര്‍ അധികാരമേറ്റതോടെയാണല്ലൊ.
അതിന് ശേഷം ഇന്നുവരെ എന്തൊക്കെ കുതൂഹുലങ്ങള്‍ക്ക് രാജ്യം സാക്ഷ്യംവഹിച്ചു.
ദളിതുകളുടെയും മുസ്‌ലിംകളുടെയും ന്യൂനപക്ഷങ്ങളുടെയും സ്ഥിതി എന്താണ്? സാമ്പത്തിക സ്ഥിതി എന്തായി? എന്തിനേറെ അതിദേശീയത ജ്വലിപ്പിച്ചും അതില്‍ അഭിരമിച്ചും അധികാരപ്പടവുകളില്‍ കമിഴ്ന്നു കിടന്ന് ചുംബിച്ചവരുടെ നേട്ടങ്ങളായി ആഗോള പട്ടിണി സൂചികയും സന്തോഷ സൂചികയും ജനാധിപത്യ- അഭിപ്രായ സ്വാതന്ത്ര്യ സൂചികയുമെല്ലാം നമ്മുടെ മുന്നിലുണ്ട്. സെന്‍സെക്സ് കൂപ്പുകുത്തുന്നത് പോലെയാണ് ആഗോള സൂചികകളില്‍ നമ്മുടെ നാടിന്റെ സ്ഥാനമെന്നത് പ്രത്യേകം പറയേണ്ടല്ലോ.
2014ന് ശേഷമാണ് യഥാര്‍ഥ സ്വാതന്ത്ര്യം അനുഭവിക്കുന്നതെന്ന കങ്കണയുടെ വാക്കുകളില്‍ അവരുടെ “നേട്ടങ്ങളും’ പ്രതിഫലിക്കുന്നുണ്ട്. 2015ല്‍ അവരായിരുന്നു രാജ്യത്തെ ഏറ്റവും മികച്ച അഭിനേത്രി. 2021ലും അവര്‍ തന്നെ. 2020ല്‍ പത്മശ്രീയും. സ്വാതന്ത്ര്യത്തിന്റെ അര്‍ഥം പൂര്‍ണമാകാന്‍ ഇതു ധാരാളം. ഇനിയും നേട്ടങ്ങളുടെ പറുദീസയാണ് അവരെ കാത്തിരിക്കുന്നതും.
പരിഹാസങ്ങള്‍ക്കപ്പുറം പല ഗുരുതര പ്രശ്നങ്ങളും കങ്കണ വിവാദത്തിലൂടെ ഉടലെടുക്കുന്നുണ്ട്.
വിവാദങ്ങള്‍ സൃഷ്ടിച്ച് വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിക്കുകയും ജനകീയ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുകയും ചെയ്യുകയെന്ന സംഘ്പരിവാര കുബുദ്ധി തന്നെയാണ് പ്രധാന പ്രശ്നം. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ കര്‍ഷക സമരത്തിന് പഞ്ചാബിലെയും ഉത്തര്‍ പ്രദേശിലെയും ഹരിയാനയിലെയും മറ്റും കര്‍ഷകര്‍ ഇറങ്ങിപ്പുറപ്പെടാന്‍ ഇടയാക്കിയ കര്‍ഷക നിയമ ഭേദഗതി ചര്‍ച്ച ചൂടുപിടിച്ച സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ഗണന നല്‍കിയത് ഇവിടെ ഓര്‍ക്കാം.
വിരാട് കോലി അടക്കമുള്ള കായിക സെലിബ്രിറ്റികളോട് അദ്ദേഹം ട്വിറ്ററില്‍ ഒരു ചലഞ്ച് നടത്തി.
ഫിറ്റ്നസ് ചലഞ്ചായിരുന്നു അത്. പാറപ്പുറത്ത് കിടന്നും മറ്റുമുള്ള മോദിയുടെ ഫിറ്റ്നസ് മുറകള്‍ നാം കണ്ടതാണ്. അതേ മാതൃകയിലുള്ള ഫിറ്റ്നസ് ചലഞ്ചിലൂടെയാണ്, രാജ്യത്തിന് അന്നം തരുന്ന കര്‍ഷകരുടെ പ്രധാന ആവശ്യങ്ങളോടും പ്രതിഷേധത്തോടും അന്ന് മോദി പ്രതികരിച്ചത്.
ഇത്തരത്തില്‍ ജനകീയ പ്രശ്നങ്ങള്‍ക്കുള്ള ശ്രദ്ധ തിരിച്ചുവിടുന്നതില്‍ ബഹുകേമന്മാരായ സംഘ്പരിവാര പ്രൊപഗണ്ടയുടെ ഉപോത്പന്നമാണ് കങ്കണ റണാവത്ത് എന്ന രാജ്യത്തെ മികച്ച നടി. അടിസ്ഥാന വിലയേക്കാള്‍ നികുതി ചുമത്തി ജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന ഇന്ധന വില, അതിന്റെ അടിസ്ഥാനത്തില്‍ റോക്കറ്റ് കണക്കെ കുതിച്ചുയരുന്ന അവശ്യ വസ്തുക്കളുടെ വിലനിലവാരം, തൊഴില്‍ നഷ്ടം, ആളോഹരി വരുമാനത്തിലെ ഇടിവ് തുടങ്ങി ജനജീവിതം താറുമാറാകുന്ന ഘട്ടങ്ങളിലാണ് കങ്കണമാര്‍ ഇത്തരം വിവാദങ്ങള്‍ സൃഷ്ടിക്കുന്നത്.
സംഘ്പരിവാറിന് ദാസ്യവേലയെടുക്കുന്നവര്‍ക്കും ഇഷ്ടക്കാര്‍ക്കും എന്തും വിളിച്ചുപറയാം, ഒരു നടപടിയുമുണ്ടാകില്ലായെന്ന മറ്റൊരു ഗുരുതര പ്രശ്നം കൂടി ഈ വിവാദത്തിലൂടെ ഉടലെടുക്കുന്നുണ്ട്.
പേരും മതവും ജാതിയും സമുദായവും നോക്കി വിഷയങ്ങളുടെ മുന്‍ഗണനയും വിവാദവും തീരുമാനിക്കുന്ന ഒരു രീതിശാസ്ത്രത്തിന്റെ ഉദാഹരണമാണിത്. കേരളീയ പരിസരത്ത് രണ്ട് ദിവസത്തിനിടെയുണ്ടായ സാമൂഹിക മാധ്യമ ചര്‍ച്ച തന്നെയെടുക്കാം. മുസ്‌ലിം പേരുകാരനായ ഒരു യുട്യൂബര്‍ യു എ ഇയില്‍ പോയി മയിലിനെ കറിവെച്ച് തിന്നുന്നത് രാജ്യദ്രോഹവും ന്യൂസിലാന്‍ഡില്‍ വെച്ച് മുസ്‌ലിം പേരുകാരനല്ലാത്ത മലയാളി മയിലിനെ ഫ്രൈ ചെയ്യുന്നത് “ഔസം’, “ബലേഭേഷ്’ ആകുന്നതും ഇപ്പറഞ്ഞ മതാടിസ്ഥാനത്തിലുള്ള ചാപ്പകുത്തല്‍ കാരണമാണ്.
കൊറോണക്ക് പശുമൂത്രവും ചാണകവും നല്ല മരുന്നാണെന്ന് ഉന്നതന്മാര്‍ തന്നെ പ്രചരിപ്പിക്കുക, അത് വിശ്വസിച്ച് പാവപ്പെട്ട ഉള്‍നാടന്‍ ഗ്രാമീണര്‍ ചാണക വെള്ളത്തില്‍ കുളിക്കുകയും കഴുത്തറ്റം മുങ്ങിക്കിടക്കുകയും ചെയ്യുക. ഇതില്‍ യാതൊരു പ്രശ്നവുമില്ല. ഇത്തരം വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ആഗോള കൊവിഡ് യോഗത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി പശു പങ്കെടുക്കുന്ന കാര്‍ട്ടൂണ്‍ വരച്ച് അതിന് മാസങ്ങള്‍ക്ക് ശേഷം കേരള ലളിതകലാ അക്കാദമി അവാര്‍ഡ് ലഭിച്ചാല്‍ അത് രാജ്യത്തെ ഇകഴ്ത്തുന്നതാകുന്നു. തിരഞ്ഞെടുപ്പില്‍ വട്ടപ്പൂജ്യം ലഭിച്ച ഒരു സംസ്ഥാനത്തോടും സര്‍ക്കാറിനോടും കാണിക്കാവുന്ന പ്രതികാരം. അതുകൊണ്ടാണല്ലോ വിദേശകാര്യ സഹമന്ത്രി വരെ വിഷയം ഏറ്റെടുത്ത് ട്വിറ്ററില്‍ കുറിച്ചത്. മറ്റൊരു മതത്തിന്റെ പരിപാടിയില്‍ അന്നദാനത്തിന് വിശ്വാസപ്രകാരമുള്ള മന്ത്രോച്ചാരണങ്ങളും ഊതലും “അന്ധവിശ്വാസവും’ “ദുരാചാരവും’ ആയി ചിത്രീകരിച്ച് സായൂജ്യമടയുന്ന, പരിപാവനമെന്ന് ലക്ഷങ്ങള്‍ വിശ്വസിക്കുന്ന തീര്‍ഥാടനത്തിലെ ആചാര ലംഘനവും ലഹരി ആസ്വദിക്കലുമെല്ലാം നടത്തിയ വിദ്വാന്മാര്‍. വാര്‍ഡ് മുതല്‍ ലോക്സഭയിലേക്ക് വരെ വര്‍ഷങ്ങളായി മത്സരിക്കുന്ന ഒരു മേഖലയിലെ സാമുദായിക ചടങ്ങുകളൊക്കെ നല്ലതുപോലെ അറിയാവുന്നയാളാണ് ഇതെന്നതാണ് മറ്റൊരു തമാശ. ഇങ്ങനെ സെലക്ടീവ് വിവാദങ്ങളുടെയും വിഷയമേറ്റുപിടിക്കലിന്റെയും അര്‍ഥശൂന്യത വിളിച്ചോതുന്നത് കൂടിയാണ് കങ്കണ റണാവത്തിന്റെ ഇപ്പോഴത്തെ പ്രസ്താവനയും അത് ആര്‍ക്കും പ്രശ്നമല്ലാതാകുന്നതും. ഏതെങ്കിലും കോണ്‍ഗ്രസ്സ് /ഇടതുപക്ഷ അനുഭാവിയോ പേരുകൊണ്ട് മുസ്‌ലിമോ ആയ ആളാണ് ഇപ്പറഞ്ഞത് എങ്കില്‍ രായ്ക്കുരാമാനം രാജ്യദ്രോഹക്കുറ്റം ചുമത്തി അകത്താക്കുക മാത്രമല്ല, കുടുംബത്തെയൊന്നടങ്കം ചിത്രവധവും ചെയ്യുമായിരുന്നു.
എന്തും പറയാനുള്ള സ്വാതന്ത്ര്യം നല്‍കുന്ന ഒരു വിഡ്ഢി സമൂഹത്തെ സൃഷ്ടിക്കുന്നുവെന്നതും ഇതിന്റെ മറ്റൊരു പ്രശ്നമാണ്. സംഘ്പരിവാരം കാലങ്ങളായി പരീക്ഷിക്കുന്നതാണിത്. കേരളം പോലും അത്തരമൊരു മണ്ണായി പതുക്കെ രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബി ജെ പി നേതാക്കളുടെയും അനുഭാവികളുടെയുമൊക്കെ ഇടക്കിടെ ട്രോളുകളാകുന്ന പ്രസ്താവനകള്‍ നോക്കുക. ഏറ്റവും ഒടുവില്‍ ശ്രീ ശ്രീ രവിശങ്കറുടെ ആസ്ത്രേലിയ സംബന്ധിച്ച അഭിപ്രായം ആലോചിച്ചുനോക്കൂ. പാണ്ഡവര്‍ അസ്ത്രങ്ങള്‍ സൂക്ഷിച്ച ആലയമാണ് ആസ്ത്രേലിയ ആയതെന്ന് ശ്രീ ശ്രീ രവിശങ്കര്‍ പറയുമ്പോള്‍, അത് കേട്ട് തലയാട്ടുന്നവര്‍ ചില്ലറക്കാരല്ല. ബ്യൂറോക്രാറ്റുകളും ബിസിനസ്സുകാരും മറ്റ് ഉന്നത സ്ഥാനങ്ങളിലുള്ളവരുമാണവര്‍. നയ രൂപവത്കരണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നവര്‍. ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ആര്‍ക്കാണെന്ന വിഷയത്തില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ ഇരു വിഭാഗങ്ങളുമായി ചര്‍ച്ച നടത്താന്‍ സുപ്രീം കോടതി മധ്യസ്ഥനാക്കിയ വ്യക്തി കൂടിയാണ് ഈ ശ്രീ ശ്രീ രവിശങ്കര്‍.
ഇങ്ങനെ സദ്ഗുരുവും ബാബാ രാംദേവും പീഡനക്കേസില്‍ രാജ്യംവിട്ട് കൈലാസ രാജ്യം നിര്‍മിച്ച നിത്യാനന്ദയുമെല്ലാം പറയുന്ന ബ്ലണ്ടറുകള്‍ സൃഷ്ടിക്കുന്ന പൊതുബോധവും സാമാന്യവത്കരണവുമെല്ലാം അതിഗുരുതര പ്രശ്നങ്ങളാണ് സൂക്ഷ്മതലത്തില്‍ സൃഷ്ടിക്കുന്നത്.
അതിന്റെ മറ്റൊരു പതിപ്പാണ് കങ്കണമാരിലൂടെ വരുന്നത്. നെഹ്റുവിനെയും ഗാന്ധിയെയും ഭത്സിക്കുകയും ഗോഡ്സെയെയും സവര്‍ക്കറെയും ആരാധിക്കുകയും ചെയ്യും. അധികാരം ലഭിച്ച് ഏഴാം വര്‍ഷത്തിലും ഇന്ധന വില ഉയരുന്നതിന് 60 വര്‍ഷം ഭരിച്ച കോണ്‍ഗ്രസ്സിനെ കുറ്റം പറയും.
കോണ്‍ഗ്രസ്സിന്റെ കുടുംബാധിപത്യത്തെ ചൊറിയും. അതുകേട്ട് ദാസ്യവേലക്കാര്‍ ധൃതംഗപുളകിതരാകും.
ചുരുക്കത്തില്‍, കാലങ്ങളായി വിവാദങ്ങള്‍ സൃഷ്ടിക്കുന്ന, അതിലൂടെ വീരപരിവേഷം നേടുന്ന കങ്കണ റണാവത്ത് ഒരു പ്രതീകമാണ്. ദാസ്യവേലയുടെ, അപ്രിയ കാര്യങ്ങളുടെ വഴിതിരിച്ചുവിടലിന്റെ സെലിബ്രിറ്റി പ്രൊപഗണ്ട മോഡല്‍. അതിലൂടെ അവര്‍ക്ക് നേട്ടങ്ങളുണ്ടാകുന്നു. ഇതിന്റെ മറുപുറമാണ്, എതിര്‍ശബ്ദമുയര്‍ത്തുന്ന സെലിബ്രിറ്റികളുടെ കാര്യം. അപ്രിയമായ എന്തെങ്കിലും മൊഴിഞ്ഞുപോയാല്‍, ഒരു പോസ്റ്റ് ഷെയര്‍ ചെയ്താല്‍ അവര്‍ ഇടക്കിടെ വിവിധ ഏജന്‍സികളുടെ റെയ്ഡിനും ചോദ്യം ചെയ്യലുകള്‍ക്കും മറ്റും ഇരയാകേണ്ടി വരുന്നു. കങ്കണമാര്‍ ഇടക്കിടെ വിവാദങ്ങളുണ്ടാക്കുന്നത് അനവരതം തുടരും, മാധ്യമ കങ്കാണിമാര്‍ അത് ആഘോഷിക്കും. ഇതിനുള്ള ഏക മറുപടി സോണിയാ ഗാന്ധി പറഞ്ഞതാണ്, ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയവര്‍ക്ക് 47ല്‍ തന്നെ സ്വാതന്ത്ര്യം ലഭിച്ചു, നിരുപാധികം മാപ്പെഴുതി നല്‍കിയവര്‍ക്ക് 2014ലും.