National
മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
താരാകേശ്വർ റെയിൽവേ ഹൈ ഡ്രെയിനിന് സമീപം രക്തത്തിൽ കുളിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു
കൊൽക്കത്ത | കൊൽക്കത്തയ്ക്ക് സമീപം ഹൂഗ്ലിയിൽ നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. വെള്ളിയാഴ്ച രാത്രി മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് അറിയിച്ചു.
താരാകേശ്വറിലെ റെയിൽവേ ഷെഡിലെ കട്ടിലിൽ കൊതുകുവലക്കുള്ളിൽ മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്നു കുട്ടി. അക്രമികൾ കൊതുകുവല മുറിച്ചാണ് കുട്ടിയെ കടത്തിക്കൊണ്ടുപോയതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. പിറ്റേന്ന് ഉച്ചയോടെ താരാകേശ്വർ റെയിൽവേ ഹൈ ഡ്രെയിനിന് സമീപം രക്തത്തിൽ കുളിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ഗുരുതരാവസ്ഥയിലുള്ള കുട്ടി താരാകേശ്വർ ഗ്രാമീൺ ആശുപത്രിയിൽ ചികിത്സയിലാണ്. പോക്‌സോ നിയമപ്രകാരം എഫ് ഐ ആർ രജിസ്റ്റർ ചെയ്‌തതായി പോലീസ് അറിയിച്ചു.
ബഞ്ചാര സമുദായത്തിൽ പെട്ടതാണ് കുട്ടി. വീടുകൾ പൊളിച്ചു മാറ്റിയതിനാൽ തെരുവിലാണ് തങ്ങൾ താമസിക്കുന്നതെന്നും എവിടേക്കാണ് പോകേണ്ടതെന്നറിയില്ലെന്നും കുട്ടിയുടെ രക്ഷിതാക്കൾ കണ്ണീരോടെ പറയുന്നു.
അതിനിടെ, സംഭവത്തിൽ പോലീസ് കേസെടുക്കാൻ വൈകിയെന്ന് ആരോപിച്ച് ബി ജെ പി. മമത ബാനർജി സർക്കാരിനെതിരെ രംഗത്തെത്തി.


