Kerala
തൊണ്ടിമുതല്‍ കേസ്; ആന്റണി രാജുവിന് തടവുശിക്ഷ, എം എല്‍ എ സ്ഥാനം നഷ്ടമാകും
ആന്റണി രാജുവിന് എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കും. ആറ് വര്‍ഷം വരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കുണ്ടാകും
തിരുവനന്തപുരം | തൊണ്ടിമുതല്‍ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ.നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. ക്രിമിനല്‍ ഗൂഢാലോചനയടക്കം അഞ്ച് ഗുരുതരമായ വകുപ്പുകള്‍ പരിഗണിച്ചാണ് കോടതി വിധി. ആന്റണി രാജുവിന് പുറമെ ഒന്നാം ഒന്നാം പ്രതിയും ക്ലാര്‍ക്കുമായിരുന്ന കെ എസ് ജോസും കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.അപ്പീൽ നൽകാനായി ആന്റണി രാജുവിന് ജാമ്യം അനുവദിച്ചു.
ജോസിനും മൂന്ന് വര്‍ഷം വരെ തടവുശിക്ഷ കോടതി വിധിച്ചിട്ടുണ്ട്. ശിക്ഷാ വിധി വന്നതോടെ ആന്റണി രാജുവിന് എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കും. ആറ് വര്‍ഷം വരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കുണ്ടാകും
1990 ഏപ്രില്‍ നാലിന് 60 ഗ്രാം ഹാഷിഷുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്നാണ് കേസ്. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായ ആന്റണി രാജു, സീനിയറായ അഡ്വ. സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്നാണ് ആന്‍ഡ്രൂവിന്റെ വക്കാലത്ത് ഏറ്റെടുത്തത്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പ്രതിയെ 10 വര്‍ഷത്തേക്ക് ശിക്ഷിച്ചു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് ആന്‍ഡ്രൂ അനുകൂല വിധി നേടി. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടെതല്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് ആന്‍ഡ്രൂവിനെ കോടതി വിട്ടയച്ചത്.
പിന്നീട് ഓസ്ട്രേലിയയില്‍ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് കഴിയവെ സഹതടവുകാരനോട്ആന്‍ഡ്രൂ തൊണ്ടിമുതലില്‍ കൃത്രിമം നടത്തി രക്ഷപ്പെടുത്തിയ വിവരം വെളിപ്പെടുത്തി. സഹ തടവുകാരന്‍ ഓസ്ട്രേലിയയിലെ പോലീസിനോട് ഇക്കാര്യം പറഞ്ഞു. തുടര്‍ന്ന് ഇന്റര്‍പോള്‍ ആണ് സിബിഐക്ക് വിവരം കൈമാറിയത്. സിബിഐ കേരള പോലീസിനെ ഇക്കാര്യം അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിഐ കെ. കെ ജയമോഹന്‍ ഹൈക്കോടതിയെ സമീച്ചതിനെ തുടര്‍ന്നാണ് തൊണ്ടിമുതല്‍ കേസില്‍ അന്വേഷണം നടത്തിയത്.
കുറ്റപത്രം സമര്‍പ്പിച്ച് 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി പറയുന്നത്. 1994 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പതിമൂന്ന് വര്‍ഷം കഴിഞ്ഞാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്റെ ആവശ്യത്തിനൊപ്പം സ്വകാര്യ ഹരജിയും കണക്കിലെടുത്ത് ഐപിസി 465, 468 എന്നീ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയത്.




