Connect with us

Articles

ബ്രിട്ടനിലെ കുടിയേറ്റവിരുദ്ധ കലാപത്തിന് പിന്നിൽ

തീവ്ര വലതുപക്ഷ ആശയങ്ങൾ പേറുന്ന സംഘടനകളും വ്യക്തികളുമാണ്‌ സ്ഥിതി വഷളാക്കിയത്‌. ഇവരുടെ വീഡിയോകളും സന്ദേശങ്ങളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. 2009-ൽ പ്രവർത്തനരഹിതമായ ഇംഗ്ലീഷ് ഡിഫൻസ് ലീഗ് (EDL) സ്ഥാപിച്ച, തീവ്ര വലതുപക്ഷക്കാരനും മുസ്ലിം വിരുദ്ധ പ്രവർത്തകനുമായ ടോമി റോബിൻസണിന്‍റെ പ്രകോപനപരമായ സന്ദേശങ്ങൾ ലക്ഷങ്ങളാണ് കണ്ടത്‌.

Published

|

Last Updated

ബ്രിട്ടനിൽ തീവ്രവലതുപക്ഷത്തിൻ്റെ നേതൃത്വത്തിൽ കുടിയേറ്റ വിരുദ്ധ നീക്കം ശക്തിപ്പെടുകയാണ്‌. തൽക്കാലം കലാപം നിയന്ത്രിക്കാൻ സർക്കാരിന്‌ സാധിച്ചെങ്കിലും പൂർണതോതിൽ നിയന്ത്രണവിധേയമായിട്ടുമില്ല. ഇന്ത്യക്കാരുൾപ്പെടെ കുടിയേറ്റക്കാർ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ആക്രമണത്തിന്‌ ഇരയാകുന്നത്‌ തുടരുന്നു. ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം പ്രധാനമന്ത്രി കെയർ സ്റ്റാർമറിന്‌ നേരിടേണ്ടിവന്ന ആദ്യ പ്രതിസന്ധിയാണിത്‌. 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു മാസം മുമ്പാണ് അദ്ദേഹത്തിൻ്റെ ലേബർ പാർട്ടി അധികാരത്തിലെത്തിയത്. തൊട്ടുപിന്നാലെ യുകെയിലുടനീളമുള്ള പ്രധാന പട്ടണങ്ങളും നഗരങ്ങളും കുടിയേറ്റ വിരുദ്ധ അക്രമങ്ങളും ഇസ്ലാമോഫോബിക് അക്രമങ്ങളും വൻതോതിൽ ശക്തിപ്പെട്ടു.

ആക്രമണം പൊട്ടിപ്പുറപ്പെട്ട ആദ്യ ദിവസങ്ങളിൽ സർക്കാരിന്‌ മെല്ലെപ്പോക്കായിരുന്നു എന്ന വിമർശനം ഉയരുന്നുണ്ട്. ഇതുവരെ അഞ്ഞുറോളം കലാപകാരികളെ അറസ്റ്റ് ചെയ്തു. ഓൺലൈനിൽ ഉൾപ്പെടെ വിദ്വേഷം പരത്തുന്നവരെ അറസ്റ്റ്‌ ചെയ്യുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്‌.

ഇതിനിടെ ശതകോടീശ്വരൻ ഇലോൺ മസ്‌കിൻ്റെ പ്രകോപനപരമായ പരാമർശവും വിവാദമായി. ബ്രിട്ടനിലെ ഒരു ആഭ്യന്തരയുദ്ധം അനിവാര്യമാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം. ഇത്‌ നിരുത്തരവാദപരവും അക്രമത്തിന് പ്രേരിപ്പിക്കുന്നതുമാണെന്ന്‌ സർക്കാർ പ്രതികരിച്ചു.

കലാപത്തിലേക്ക് നയിച്ചത്

ഒരാഴ്ച മുമ്പ്, ലിവർപൂളിനടുത്തുള്ള സ്റ്റോക്ക്‌പോർട്ടിൽ ഒരു നൃത്ത പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ 10 വയസ്സിന് താഴെയുള്ള മൂന്ന് പെൺകുട്ടികൾ ക്രൂരമായി കുത്തേറ്റ് മരിച്ചു. പത്ത് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ അക്‌സൽ മുഗൻവ റുഡകുബാന എന്ന 17 വയസ്സുകാരനെ അറസ്റ്റ് ചെയ്യുകയും കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തു. എന്നാൽ പ്രതിക്ക്‌ പ്രായപൂർത്തി ആകാത്തതിനാൽ ആദ്യഘട്ടത്തിൽ ഇയാളുടെ വിവരം പുറത്തുവിട്ടിരുന്നില്ല. ഇതിനിടെ പ്രതി മുസ്ലിമാണെന്നും കുടിയേറ്റക്കാരനാണെന്നും വ്യാജ പ്രചാരണമുണ്ടായി. തുടർന്നാണ്‌ ആക്രമണത്തിലേക്ക്‌ നീങ്ങിയത്‌.

ബ്രിട്ടനിലെ ഒരു ഡസനിലധികം പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും അക്രമം വ്യാപിച്ചു. ബെൽഫാസ്റ്റ് ഒഴികെ, ഇംഗ്ലണ്ടിലെ വടക്കൻ പ്രദേശത്താണ് അക്രമം കൂടുതലും റിപ്പോർട്ട്‌ ചെയ്‌തത്‌. ഈ പ്രദേശം സാമ്പത്തികമായി ദുർബലവും തൊഴിലില്ലായ്മ കൂടുതലുമാണ്‌.

ആരാണ് കലാപകാരികൾ?

തീവ്ര വലതുപക്ഷത്തിന്‍റെ കലാപം എന്നാണ്‌ ബ്രിട്ടനിലെ ആക്രമണത്തെ പ്രധാനമന്ത്രി സ്റ്റാർമർ വിശേഷിപ്പിച്ചത്‌. ഇത്‌ അക്ഷരംപ്രതി ശരിയാണുതാനും. തീവ്ര വലതുപക്ഷ ആശയങ്ങൾ പേറുന്ന സംഘടനകളും വ്യക്തികളുമാണ്‌ സ്ഥിതി വഷളാക്കിയത്‌. ഇവരുടെ വീഡിയോകളും സന്ദേശങ്ങളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. 2009-ൽ പ്രവർത്തനരഹിതമായ ഇംഗ്ലീഷ് ഡിഫൻസ് ലീഗ് (EDL) സ്ഥാപിച്ച, തീവ്ര വലതുപക്ഷക്കാരനും മുസ്ലിം വിരുദ്ധ പ്രവർത്തകനുമായ ടോമി റോബിൻസണിന്‍റെ പ്രകോപനപരമായ സന്ദേശങ്ങൾ ലക്ഷങ്ങളാണ് കണ്ടത്‌.

“നിരപരാധികളായ ഇംഗ്ലീഷുകാർ വേട്ടയാടപ്പെടുന്നു”, “നമ്മുടെ സ്ത്രീകൾ ഹലാൽ മാംസം അല്ല” തുടങ്ങിയ സന്ദേശങ്ങൾ പ്രചരിച്ചു. മുസ്ലിം, കുടിയേറ്റ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം കൂടുതലും. നിലവിൽ ബ്രിട്ടനിൽ കുടിയേറ്റത്തിനെതിരെ വികാരം ശക്തമാണ്‌. തീവ്രവലതുപക്ഷം ഇത്‌ മുതലെടുക്കുന്നുണ്ട്‌. ദിവസവും നൂറുകണക്കിന്‌ പേരാണ്‌ ഇംഗ്ലീഷ്‌ ചാനൽ കടന്ന്‌ ബ്രിട്ടനിലെത്തുന്നത്‌. ഇത്‌ തദ്ദേശീയർക്കിടയിൽ വികാരമുണ്ടാക്കുന്നു. സ്റ്റാർമർ സർക്കാർ ഇതിനെ എങ്ങനെ മറികടക്കുമെന്നാണ്‌ കണ്ടറിയേണ്ടത്‌.