Connect with us

K Muraleedharan

കെ മുരളീധരന്റെ കടുത്ത നീക്കങ്ങള്‍ക്കു പിന്നില്‍ പാര്‍ട്ടിയില്‍ നേരിടുന്ന അവഗണന

തന്നയും കേരള രാഷ്ട്രീയത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ആസൂത്രിത നീക്കം നടക്കുന്നതായി കെ മുരളീധരനു ബോധ്യപ്പെട്ട സാഹചര്യത്തിലാണ് പൊടുന്നനെയുള്ള പ്രതികരണം.

Published

|

Last Updated

കോഴിക്കോട് | രാഷ്ട്രീയത്തില്‍ നിന്നു മാറിനില്‍ക്കണമെന്ന കെ മുരളീധരന്റെ ആലോചനക്കു പിന്നില്‍ പാര്‍ട്ടിയില്‍ നേരിടുന്ന കടുത്ത അവഗണന.

കെ സുധാകരന്‍ കെ പി സി സി പ്രസിഡന്റും വി ഡി സതീശന്‍ പ്രതിപക്ഷ നേതാവും ആയശേഷം ഒരു വിഭാഗം നേതാക്കളെ അകറ്റിനിര്‍ത്തുകയാണ്.
പലഘട്ടത്തില്‍ ഈ അവഗണനക്കെതിരായ വികാരം പുറത്തുവന്നിട്ടുണ്ടെങ്കിലും പാര്‍ട്ടി അച്ചടക്കം ഭയന്ന് മൗനം പാലിക്കുകയായിരുന്നു. നേരത്തെ എം കെ രാഘവന്‍ ചില കാര്യങ്ങള്‍ പുറത്തു പറഞ്ഞപ്പോള്‍ അതിനെ പിന്തുണച്ചു മുരളീധരന്‍ രംഗത്തുവന്നിരുന്നു.
അര്‍ഹതയില്ലാത്തവരുടെ കരങ്ങളിലാണ് അധികാരം ലഭിച്ചതെന്ന വികാരമാണു അവഗണിക്കപ്പെട്ട നേതാക്കള്‍ക്കുള്ളത്.

ഈ വര്‍ഷം മാര്‍ച്ചില്‍ കോഴിക്കോട്ട് നടന്ന പി ശങ്കരന്‍ അനുസ്മരണത്തിലായിരുന്നു എം കെ രാഘവനൊപ്പം കെ മുരളീധരനും സംസ്ഥാന നേതൃത്വത്തെ ആദ്യമായി തൊലിയുരിച്ചത്.

പാര്‍ട്ടിയില്‍ വിമത ശബ്ദം തലപൊക്കുന്നു എന്ന സൂചന ലഭിച്ചപ്പോള്‍ തന്നെ എ ഐ സി സി നേതൃത്വത്തിനു കെ പി സി സി കത്തു നല്‍കി.

സംസ്ഥാന നേതൃത്വത്തിനെതിരായ പരസ്യപ്രസ്താവനകള്‍ക്കെതിരെ കര്‍ശന മുന്നറിയിപ്പ് നല്‍കണമെന്നായിരുന്നു കത്തിലെ ആവശ്യം.

സംസ്ഥാന നേതൃത്വത്തെ പുകഴ്ത്തുന്നവര്‍ക്കേ പാര്‍ട്ടിയില്‍ സ്ഥാനമുള്ളൂവെന്നും ഉപയോഗിച്ചു വലിച്ചെറിയുന്നതാണ് ഇപ്പോള്‍ പാര്‍ട്ടിയിലെ രീതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനു പിന്നാലെയായിരുന്നു പാര്‍ട്ടിയില്‍ കൂടിയാലോചനയില്ലെന്ന ആരോപണവുമായി കെ മുരളീധരനും രാഘവനെ പിന്തുണച്ചത്.

ഈ പ്രസംഗത്തിനെതിരെ ഡി സി സി പ്രസിഡന്റ് കെ പ്രവീണ്‍കുമാറില്‍ നിന്നു റിപ്പോര്‍ട്ട് തേടുകയും ഈ റിപ്പോര്‍ട്ടും കെ പി സി സിയുടെ അഭിപ്രായം രേഖപ്പെടുത്തിയ കത്തുമാണ് എ ഐ സി സിക്കു കൈമാറിയത്.

ഈ കത്തില്‍ രാഘവനേക്കാള്‍ ആരോപണത്തിന്റെ കുന്തമുന കെ മുരളീധരനെതിരെയായിരുന്നു. മുരളീധരന്‍ നേതൃത്വത്തെ പതിവായി വിമര്‍ശിക്കുന്നതായി കത്തില്‍ പറഞ്ഞിരുന്നു.

ഇരുവരും എ ഐ സി സി അംഗങ്ങളും എംപിമാരുമായതിനാല്‍ ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ കെ പിസി സിക്ക് അധികാരമില്ലെന്നും കേന്ദ്ര നേതൃത്വം നടപടി കൈക്കൊള്ളണമെന്നുമായിരുന്നു ആവശ്യം.

എ ഐ സി സി പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാനായി 60 പേരുടെ പട്ടിക പ്രതിപക്ഷനേതാവും കെ പി സി സി പ്രസിഡന്റും ചേര്‍ന്നു നിശ്ചയിച്ചതായിരുന്നു അന്ന് രാഘവനെയും മുരളീധരനെയും പൊടുന്നനെ പ്രകോപിപ്പിച്ചത്.

നേതാക്കള്‍ക്ക് അഭിപ്രായം പറയുന്നതിനുള്ള രാഷട്രീയകാര്യ സമിതിയെ സുധാകരനും സതീശനും ചേര്‍ന്നു നോക്കുകുത്തിയാക്കിയെന്ന ആരോപണത്തില്‍ മുരളീധരനെ പിന്‍തുണച്ചു രമേശ് ചെന്നിത്തലയും രംഗത്തുവന്നിരുന്നു.

കെ സുധാകരന്‍- വി ഡി സതീശന്‍ നേതൃത്വം കെ സി വേണുഗോപാലുമായി ചേര്‍ന്നാണു കേരളത്തിലെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത് എന്നതിനാല്‍ സീനിയര്‍ നേതാക്കള്‍ക്കിടയില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന അസംതൃപ്തിയാണു മുരളീധരനിലൂടെ പുറത്തുവന്നത്.
അവസരം നോക്കി കേരളത്തില്‍ പറന്നിറങ്ങാമെന്നു കരുതുന്ന വേണുഗോപാല്‍ തനിക്കു ഭീഷണിയാവുന്നവരെ അകറ്റി നിര്‍ത്തുകയാണെന്നു മുരളീധരനു വ്യക്തമായിട്ടുണ്ട്. ശക്തനായ ചെന്നിത്തലയെ പ്രവര്‍ത്തക സമിതിയില്‍ സ്ഥിരം ക്ഷണിതാവായി നിലനിര്‍ത്തിയതോടെ ഇക്കാര്യങ്ങളില്‍ മുരളീധരനു കൂടുതല്‍ വ്യക്തത കൈവന്നു.

തന്നയും കേരള രാഷ്ട്രീയത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ആസൂത്രിത നീക്കം നടക്കുന്നതായി കെ മുരളീധരനു ബോധ്യപ്പെട്ട സാഹചര്യത്തിലാണ് പൊടുന്നനെയുള്ള പ്രതികരണം.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിലെ സ്‌ക്രീനിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പദവിയെല്ലാം തന്നെ നാടുകടത്തുന്നതിന്റെ ചുവടുവയ്പ്പുകളായി മുരളീധരന്‍ കരുതുന്നു. കേരള രാഷ്ട്രീയത്തെക്കുറിച്ചു ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട്, വേണമെങ്കില്‍ തെലങ്കാനയെക്കുറിച്ചു പറയാം എന്ന മുരളീധരന്റെ പ്രതികരണത്തിലെ പരിഹാസം ഇക്കാര്യം വ്യക്തമാക്കുന്നു.

ലോക്‌സഭയിലേക്ക് ഇനി മത്സരിക്കാനില്ലെന്നു മുരളീധരന്‍ ആവര്‍ത്തിച്ചു പറയുമ്പോള്‍ നിയമസഭായിലേക്കു തിരിച്ചു വരാനുള്ള നീക്കമാണെന്നു പാര്‍ട്ടിയിലെ ഒരു വിഭാഗം അതിനെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കും.

അതിനാലാണു തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നിന്നു തന്നെ പിന്‍മാറാനാണ് ആഗ്രഹിക്കുന്നതെന്ന പ്രഖ്യാപനം ഇപ്പോള്‍ മുരളീധരന്‍ നടത്തിയിരിക്കുന്നത്.

കെ പി സി സി നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കിക്കൊണ്ടാണ് കെ മുരളീധരന്‍ പിന്‍മാറാന്‍ ഒരുങ്ങുന്നത്. പുതുപ്പള്ളി തിരഞ്ഞെടുപ്പിനു ശേഷം ചിലതൊക്കെ പറയാനുണ്ടെന്നും ഈ ലോക്‌സഭാ കാലാവധി കഴിഞ്ഞാല്‍ കുറച്ചുകാലം മാറി നിന്നേക്കുമെന്നുമാണു മുരളീധരന്‍ വ്യക്തമാക്കിയത്. രമേശ് ചെന്നിത്തലയെ പോലെ ഒരു നേതാവിനെ ആസൂത്രിതമായി ഒതുക്കാന്‍ പുതിയ നേതൃത്വത്തിനു കഴിയുന്നുവെങ്കില്‍ തന്റെ കാര്യം പിന്നെ പറയാനില്ലെന്ന അര്‍ഥത്തിലാണ് കെ മുരളീധരന്‍ പ്രതികരിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന വൈക്കം സത്യഗ്രഹ ശതാബ്ദി പരിപാടിയില്‍ നിന്നു മനപ്പൂര്‍വ്വം അവഗണിച്ചതോടെ മുരളീധരന്‍ വരാനിരിക്കുന്ന നീക്കങ്ങള്‍ മണത്തറിഞ്ഞിരുന്നു. ഒരാള്‍ ഒഴിവായാല്‍ അത്രയും നന്നായി എന്നാണ് നേതൃത്വത്തിന്റെ മനോഭാവം. സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തുന്നതാണ് നല്ലത് എന്ന് അന്നു തന്നെ മുരളീധരന്‍ പ്രതികരിച്ചിരിന്നു.

മൂന്ന് മുന്‍ കെ പി സി സി പ്രസിഡന്റുമാര്‍ പങ്കെടുത്ത പരിപാടിയില്‍ ചെന്നിത്തലയ്ക്കും എം എം ഹസനും സംസാരിക്കാന്‍ അവസരം കൊടുത്തെങ്കിലും മുരളീധരനു മാത്രം അവസരം നല്‍കിയില്ല. പാര്‍ട്ടി പത്രത്തിലെ സപ്ലിമെന്റിലും മുരളീധരന്റെ പേര് ഉള്‍പ്പെടുത്തിയില്ല. തുടര്‍ന്നായിരുന്നു സ്വരം നന്നാകുമ്പോള്‍ തന്നെ പാട്ട് നിര്‍ത്താന്‍ താന്‍ തയ്യാറാണെന്ന പ്രതികരണം അദ്ദേഹം നടത്തിയത്. പാര്‍ട്ടിക്ക് തന്റെ സേവനം ആവശ്യമില്ല എന്നു തോന്നിയാല്‍ അറിയിച്ചാല്‍ മതിയെന്നും താന്‍ ഒന്നിലേക്കും ഇല്ലെന്നും ഇക്കാര്യം നേതൃത്വത്തോട് പറഞ്ഞിട്ടുണ്ടെന്നും അന്നു മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.

വടകര പോലുള്ള ഒരു മണ്ഡലം നിലനിര്‍ത്താന്‍ കെ മുരളീധരന്‍ തന്നെ വേണമെന്ന ഉറച്ച വിശ്വാസം മുസ്്‌ലിം ലീഗിനുണ്ട്. ഈ ആത്മ വിശ്വാസമാണു അടുത്ത തിരഞ്ഞെുപ്പില്‍ മത്സരിക്കാന്‍ വേറെ ആളെ നോക്കണമെന്നു പറയാന്‍ മുരളീധരനെ ശക്തനാക്കുന്നത്.

മുതിര്‍ന്ന നേതാവായിട്ടും സുപ്രധാനമായ പാര്‍ട്ടി പദവികളിലൊന്നും പരിഗണിക്കപ്പെടാതെ പോകുന്നതിലുള്ള കടുത്ത നിരാശയാണു മുരളീധരനെ അസ്വസ്ഥനാക്കുന്നത്. എം എല്‍ എയോ എം പി യോ അല്ലാതായാല്‍ പിന്നെ താനാര്? എന്ന ചോദ്യമാണ് അദ്ദേഹത്തെ തുറിച്ചു നോക്കുന്നത്.

 

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്