Connect with us

Articles

സമസ്ത പിളര്‍പ്പിന് പിന്നില്‍; താജുല്‍ ഉലമയായിരുന്നു ശരി - 2

ശരീഅത്ത് പ്രശ്നത്തില്‍ സമസ്ത നേരിട്ട് ഇടപെടാന്‍ തീരുമാനിച്ചു. പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കാണാന്‍ ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരെ ചുമതലപ്പെടുത്തി. വിവരമറിഞ്ഞ സമുദായ രാഷ്ട്രീയ നേതൃത്വം മറ്റൊരു വഴിക്കാണ് ചിന്തിച്ചത്. കേരളീയ മുസ്‌ലിംകളെ പ്രതിനിധാനം ചെയ്ത് ശരീഅത്ത് വിഷയം സംസാരിക്കാന്‍ സമസ്തയുടെ പണ്ഡിതന്മാര്‍ ഡല്‍ഹിയില്‍ പോകുന്നത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കും. കേരളീയ മുസ്‌ലിംകളുടെ നേതൃത്വം സമസ്തയാണെന്ന് വരികയും ചെയ്യും. അതുകൊണ്ട് എന്ത് വില കൊടുത്തും ഈ യാത്ര മുടക്കണം.

Published

|

Last Updated

1965ന് ശേഷം സമസ്തയുടെ കാര്യമായ സമ്മേളനങ്ങള്‍ പോലും നടക്കാത്ത വിധം ചിലര്‍ പ്രസ്ഥാനത്തെ നിയന്ത്രിച്ചു. ഈ ഘട്ടത്തിലാണ് പണ്ഡിതന്മാര്‍ സമസ്ത കേരള സുന്നി യുവജന സംഘത്തെ സജീവമാക്കാനും അതുവഴി സമസ്തയുടെ ജനകീയ അടിത്തറ ശക്തിപ്പെടുത്താനും തീരുമാനിച്ചത്. 1978 ഏപ്രില്‍ മാസത്തില്‍ കോഴിക്കോട്ട് വെച്ച് എസ് വൈ എസിന്റെ സംസ്ഥാന സമ്മേളനം നടന്നു. രാഷ്ട്രീയക്കാര്‍ക്ക് നിയന്ത്രണം കൊടുക്കാതെ സമസ്തയുടെ പണ്ഡിതന്മാര്‍ മാത്രം നിയന്ത്രിക്കുകയും പ്രസംഗിക്കുകയും ചെയ്ത സമ്മേളനം സുന്നി നവജാഗരണത്തിന് ആഹ്വാനം ചെയ്തു. എല്ലാ മഹല്ലുകളിലും എസ് വൈ എസിന് യൂനിറ്റുകളുണ്ടാക്കാന്‍ തീരുമാനിക്കുന്നതും സമന്വയ വിദ്യാഭ്യാസത്തിലൂടെ മുന്നേറുന്നതിന്റെ ഭാഗമായി കാരന്തൂര്‍ മര്‍കസിന് തറക്കല്ലിടുന്നതും ഈ സമ്മേളനത്തിന്റെ ഭാഗമാണ്. ഇതിന് നേതൃത്വം വഹിച്ചത് സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദും മര്‍ഹൂം ഇ കെ ഹസന്‍ മുസ്‌ലിയാരുമായിരുന്നു. അന്ന് മുതല്‍ ഈ രണ്ട് പണ്ഡിത ശ്രേഷ്ഠന്മാരും ചില രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടുകളായി.

എസ് വൈ എസിന്റെ സമ്മേളന മാതൃകയില്‍ സമസ്തയുടെ ഒരു സമ്മേളനം നടത്തണമെന്ന് തീരുമാനിക്കുന്നതും താജുല്‍ ഉലമയുടെ അധ്യക്ഷതയില്‍ 1981 ജൂണ്‍ 27ന് ചേര്‍ന്ന മുശാവറയാണ്. ഇതുമായി മുന്നോട്ടുപോയപ്പോള്‍ ചില സമുദായ രാഷ്ട്രീയക്കാര്‍ ശക്തമായി തന്നെ ഇടപെട്ടു. സമസ്തയുടെ സംഘ ശാക്തീകരണം അവരുടെ അപ്രമാദിത്വം ഇല്ലാതാക്കുമോയെന്ന അനാവശ്യ ഭയം അവരെ പിടികൂടി. അവര്‍ സമ്മേളന ശ്രമങ്ങള്‍ക്ക് മുന്നില്‍ നിന്ന കാന്തപുരം ഉസ്താദിനെ ഒറ്റതിരിച്ച് ആക്രമിക്കാന്‍ പ്ലാനിട്ടു. അങ്ങനെയാണ് ഉസ്താദിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച അരീക്കാട് പള്ളിയുടെ കമ്മിറ്റിയില്‍ പെട്ട ചില വഹാബി ആശയക്കാരും ഒരു പാര്‍ട്ടി നേതാവടക്കമുള്ളവരും എ പി ഉസ്താദിനെതിരെ അഴിമതി ആരോപണവുമായി രംഗത്തുവരുന്നത്. ഇതുപയോഗിച്ച് സമസ്തയില്‍ വഴക്കുണ്ടാക്കാനും മലപ്പുറം ജില്ലയില്‍ ഒരേ സമയം രണ്ട് എസ് വൈ എസ് ജില്ലാ കമ്മിറ്റിയുണ്ടാക്കാനുമൊക്കെ അവര്‍ക്ക് സാധിച്ചെങ്കിലും, ഏറെ വൈകാതെ ഉസ്താദിന് പണം നല്‍കിയിരുന്ന യു എ ഇക്കാരനായ മര്‍ഹൂം കുലൈബ് തന്നെ വന്ന് കാന്തപുരത്തിന്റെ കൈകള്‍ ശുദ്ധമാണെന്ന് പ്രഖ്യാപിച്ചതോടെ പ്രശ്‌നം അവസാനിച്ചു.

തുടര്‍ന്ന് സമ്മേളനവുമായി സമസ്ത മുന്നോട്ടുപോയി. 1984 മാര്‍ച്ച് 9,10,11 തീയതികളില്‍ നടത്താനായിരുന്നു തീരുമാനം. മലപ്പുറം ജില്ലയില്‍ നിന്ന് പലതരം ഉടക്കുകളും വന്നു. എസ് വൈ എസിന്റെ എഴുപത്തിയെട്ടിലെ മാതൃകയിലാണ് സമ്മേളനമെങ്കില്‍ അതിനെ പരാജയപ്പെടുത്തുമെന്ന ഭീഷണിയുണ്ടായി. സമ്മേളനത്തിന്റെ അധ്യക്ഷ പദവിയോ ഉദ്ഘാടനമോ സമുദായ രാഷ്ട്രീയക്കാര്‍ക്ക് ലഭിക്കണമെന്നും ചിലര്‍ സ്വാഗത സംഘത്തില്‍ വാശിപിടിച്ചു. ഒടുവില്‍ രാഷ്ട്രീയ നേതാക്കളെ വേദിയിലിരുത്തി, കാന്തപുരം ഉസ്താദിന്റെ ഒരു മണിക്കൂറിലേറെ നീണ്ട തക്ബീര്‍ മഴ പെയ്ത സ്വാഗത പ്രസംഗവും ശംസുല്‍ ഉലമയുടെ നയപ്രഖ്യാപനത്തോടെയുള്ള ഉദ്ഘാടനവും കണ്ണിയത്തുസ്താദിന്റെ നിയന്ത്രണത്തിലുമായി 1985 ഫെബ്രുവരി 1,2,3 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് ആ സമ്മേളനം നടന്നു.

ഇതോടെ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെയും ഇ കെ അബൂബക്കര്‍ മുസ്‌ലിയാരെയും ഒന്നിച്ച് പടനയിക്കാന്‍ വിടുന്നത് സമസ്തയെ സമുദായ പാര്‍ട്ടിയേക്കാള്‍ വലുതാക്കുമോ എന്ന ചിന്ത വഹാബി മസ്തിഷ്‌കങ്ങളില്‍ നിന്നുമുണ്ടായി. സ്വതന്ത്രമായ അസ്തിത്വം വീണ്ടെടുത്ത പണ്ഡിത സഭയെ വീണ്ടും രാഷ്ട്രീയ പാര്‍ട്ടിയുടെ ചിറകിനടിയിലേക്ക് കൊണ്ടുവരാന്‍ അവര്‍ ആസൂത്രിത ശ്രമമാരംഭിച്ചു. ആയിടക്കാണ് 1985ലെ ശാബാനു ബീഗം കേസിന്റെ വിധിയും ശരീഅത്ത് വിവാദവും ഇ എം എസിന്റെ പ്രസ്താവനകളുമൊക്കെ വരുന്നത്. രണ്ടായി പിളര്‍ന്നിരുന്ന ലീഗുകാര്‍ ഒന്നായി ലയിച്ചു. ഈ അവസരം മുതലാക്കി സമസ്തയെ കൂടി പാര്‍ട്ടിയുടെ കുടക്കീഴിലെത്തിക്കാന്‍ അവര്‍ കരുക്കള്‍ നീക്കി. ശരീഅത്ത് വിവാദവുമായി ബന്ധപ്പെട്ട പ്രശ്‌നം സമസ്ത വിശദമായി തന്നെ ചര്‍ച്ച ചെയ്തു. ശരീഅത്ത് ഭേദഗതിക്ക് വേണ്ടി ശബ്ദിക്കുന്ന വഹാബികളുമായി ചേര്‍ന്ന് ഈ വിഷയത്തില്‍ സമരം ചെയ്യുന്നത് നിരര്‍ഥകമാണെന്ന് വിലയിരുത്തി.

പ്രശ്‌നത്തില്‍ സമസ്ത നേരിട്ട് ഇടപെടാന്‍ തീരുമാനിച്ചു. പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കാണാന്‍ ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരെ ചുമതലപ്പെടുത്തി. വിഷയം വാര്‍ത്തയാകുകയും യാത്രക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുകയും ചെയ്തു. വിവരമറിഞ്ഞ സമുദായ രാഷ്ട്രീയ നേതൃത്വം മറ്റൊരു വഴിക്കാണ് ചിന്തിച്ചത്. കേരളീയ മുസ്‌ലിംകളെ പ്രതിനിധാനം ചെയ്ത് ശരീഅത്ത് വിഷയം സംസാരിക്കാന്‍ സമസ്തയുടെ പണ്ഡിതന്മാര്‍ ഡല്‍ഹിയില്‍ പോകുന്നത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കും. കേരളീയ മുസ്‌ലിംകളുടെ നേതൃത്വം സമസ്തയാണെന്ന് വരികയും ചെയ്യും. അതുകൊണ്ട് എന്ത് വില കൊടുത്തും ഈ യാത്ര മുടക്കണം. അവര്‍ പ്രഗത്ഭരെ തന്നെ രംഗത്തിറക്കി. സേട്ടു സാഹിബ്, പി എം അബൂബക്കര്‍, കെ ഇ സാഹിബ് എന്നിവര്‍ ഇ കെയെ കണ്ടു. ഒരു ദുര്‍ബല നിമിഷത്തില്‍ ഇ കെ അവരുടെ വലയില്‍ അകപ്പെട്ടു. സമസ്തയുടെ മുശാവറയെടുത്ത നയപരമായ തീരുമാനത്തില്‍ നിന്ന് ഇ കെ ഒറ്റക്ക് പിന്മാറി. താജുല്‍ ഉലമയും സുല്‍ത്വാനുല്‍ ഉലമയും ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തിന്റെ അപകടം മനസ്സിലാക്കി. ഇ കെ അബൂബക്കര്‍ മുസ്‌ലിയാരെയും എ പി അബൂബക്കര്‍ മുസ്‌ലിയാരെയും രണ്ട് ചേരിയിലാക്കാനുള്ള രാഷ്ട്രീയക്കാരുടെ കുതന്ത്രം വിജയം കണ്ടു. സമസ്തയില്‍ നേരത്തേ ഒരേ നയത്തിലും ആദര്‍ശത്തിലും ഒന്നിച്ചുനിന്നവര്‍ രണ്ട് ചേരിയിലായി. പാര്‍ട്ടി അവരെ ഭിന്നിപ്പിച്ചു. സമസ്തയില്‍ എ പി, ഇ കെ യുഗത്തിന് അങ്ങനെ തുടക്കമായി. ഇന്ന് ഇ കെ വിഭാഗം അനുഭവിക്കുന്നത് അതിന് സമാനമായ പ്രശ്‌നം തന്നെയാണ്. ഉമ്മത്തിന്റെ ഒരു വിഷയവും പണ്ഡിതന്മാര്‍ ഭരണാധികാരികളോട് നേരിട്ട് സംസാരിക്കാന്‍ പാടില്ല. അത് സമുദായ രാഷ്ട്രീയക്കാര്‍ പറയും. അല്ലെങ്കില്‍ അവര്‍ തട്ടിക്കൂട്ടുന്ന കോ ഓര്‍ഡിനേഷന്‍ മുഖേന പറയും. അതിനപ്പുറം ആരെങ്കിലും മുഖ്യമന്ത്രിയെ നേരില്‍ കാണുകയോ ഫോണില്‍ ബന്ധപ്പെടുകയോ ചെയ്താല്‍ അവരെ വെച്ചുപൊറുപ്പിക്കില്ല.

മറ്റു രാഷ്ട്രീയ പാര്‍ട്ടികളോടെന്ന പോലെ സമുദായ രാഷ്ട്രീയ പാര്‍ട്ടിയോടും വളരെ സൗഹാര്‍ദപരമായി മുന്നോട്ട് പോകണമെന്നതാണ് സമസ്തയുടെ നിലപാട്. ഒളിഞ്ഞും തെളിഞ്ഞും വഹാബിസത്തെ വളര്‍ത്താന്‍ മണ്ണൊരുക്കി കൊടുക്കുന്നതിലും സമസ്തയെ സമുദായത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇടപെടാന്‍ അനുവദിക്കാതെ പാര്‍ട്ടിയുടെ കുടക്കീഴില്‍ നില്‍ക്കണമെന്ന് വാശിപിടിക്കുന്നതിലും മാത്രമാണ് വിയോജിപ്പുള്ളത്. ശരീഅത്തുമായി ബന്ധപ്പെട്ട കാര്യങ്ങളും വഖ്ഫ് മുതലായ വിഷയങ്ങള്‍ പോലും സമസ്ത നേരിട്ട് ഭരണകൂടങ്ങളുമായി ചര്‍ച്ച ചെയ്താല്‍ കമ്മ്യൂണിസമാരോപിച്ച് വിമര്‍ശിക്കുന്ന രീതി 1985ല്‍ തുടങ്ങിയതാണ്. അതിന്നും തുടരുന്നുവെന്നതിനാല്‍ അത്തരം സമീപനങ്ങളോട് വിയോജിക്കാതിരിക്കാനാകില്ല.
എറണാകുളം സമ്മേളനത്തിനെതിരെ

78ലെ എസ് വൈ എസ് സമ്മേളനവും 85ലെ സമസ്ത അറുപതാം വാര്‍ഷികവും സുന്നി പ്രസ്ഥാനത്തിന് നല്‍കിയ നവജാഗരണം ചെറുതായിരുന്നില്ല. ഇനി എസ് വൈ എസിന്റെ എറണാകുളം സമ്മേളനവും കൂടി ആ രീതിയില്‍ നടത്താന്‍ വിട്ടുകൂടെന്ന് ചില സമുദായ രാഷ്ട്രീയക്കാര്‍ തീരുമാനിച്ചു. ഇപ്പോള്‍ ഇ കെ കൂടെയുള്ളതിനാല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്ന് അവര്‍ കണക്കുകൂട്ടി. എസ് വൈ എസ് സമ്മേളനം നടക്കുന്ന എറണാകുളത്ത് തന്നെ നാട്ടിക മൂസ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ “മധ്യകേരളാ സുന്നി സമ്മേളനം’ പ്രഖ്യാപിച്ചു. രംഗം കലക്കലായിരുന്നു ലക്ഷ്യം. ഇത് ചൂണ്ടിക്കാട്ടി എസ് വൈ എസിന്റെ സമ്മേളനം മുടക്കാന്‍ അവര്‍ ഇ കെയെ തന്നെ രംഗത്തിറക്കി. സുല്‍ത്വാനുല്‍ ഉലമയും താജുല്‍ ഉലമയും പതറിയില്ല. സമസ്തയുടെ ഔദ്യോഗിക കീഴ്ഘടകത്തിന്റെ സമ്മേളനത്തിനെതിരെ ഒരു കടലാസ് സംഘടന രംഗത്തുവന്നതിന് നാമെന്തിന് സമ്മേളനം നിര്‍ത്തിവെക്കണമെന്ന ന്യായമായ ചോദ്യമുന്നയിച്ചു. അവഗണിച്ചു തള്ളേണ്ട വിഷയമാണെങ്കിലും മസ്‌ലഹത്തുണ്ടാക്കാന്‍ താജുല്‍ ഉലമ ഇ കെ അവര്‍കളോട് തന്നെ ആവശ്യപ്പെട്ടു.

12-11-1988ന് രണ്ട് വിഭാഗത്തില്‍ നിന്നും അഞ്ച് പേര്‍ വീതം പങ്കെടുത്ത് കൊണ്ട് മസ്‌ലഹത്ത് ചര്‍ച്ചക്ക് കളമൊരുങ്ങി. എന്നാല്‍ നാട്ടിക മൗലവി ചന്ദ്രികയില്‍ പരസ്യം കൊടുത്ത് ആളെക്കൂട്ടി. പത്ത് പേര്‍ പങ്കെടുക്കേണ്ട സ്ഥലത്ത് നൂറുകണക്കിന് ആളുകള്‍ വന്നു. ഒടുവില്‍ ഇ കെ പറഞ്ഞു, രണ്ട് കൂട്ടരും സമ്മേളനം നടത്തുക, ആരും പ്രശ്‌നമുണ്ടാക്കരുത്.

എസ് വൈ എസ് നേതാക്കള്‍ സമ്മേളനവുമായി മുന്നോട്ടുപോയി. നാട്ടികയുടെ ലക്ഷ്യം ഇത് മുടക്കല്‍ മാത്രമായതിനാല്‍ അവര്‍ വീണ്ടും ഗൂഢാലോചന നടത്തി. കോഴിക്കോട്ടെ ഒരു ഓഫീസില്‍ നിന്ന് കാര്യങ്ങള്‍ തീരുമാനിച്ചു. പ്രമുഖരായ പലരെയും വിളിക്കാതെ മുശാവറ ചേരുക. ചിലരെ മുശാവറയില്‍ നിന്ന് പുറത്താക്കുകയും എസ് വൈ എസിനെ പിരിച്ചുവിടുകയും ചെയ്യുക, ഇതായിരുന്നു ഗൂഢാലോചന. ഈ കുതന്ത്രം തകര്‍ക്കപ്പെടണം. സമസ്തയെ സംരക്ഷിക്കണം. ഇതിനുള്ള ഒരേയൊരു വഴി ആ മുശാവറ യോഗം സ്‌റ്റേ ചെയ്യുക എന്നത് മാത്രമാണ്. സയ്യിദ് ത്വാഹിര്‍ അഹ്ദല്‍ തങ്ങളുടെ നിര്‍ദേശപ്രകാരം മര്‍ഹൂം ടി സി മുഹമ്മദ് മുസ്‌ലിയാര്‍ സ്റ്റേ വാങ്ങി. ഇതാണ് സമസ്തക്കെതിരെ കേസ് കൊടുത്തുവെന്ന് ആരോപിക്കുന്നത്. സമസ്തയെ സംരക്ഷിക്കാന്‍ പിന്നെ എന്ത് മാര്‍ഗമാണുണ്ടായിരുന്നത്? ഏതായാലും രാഷ്ട്രീയ ഗൂഢാലോചന എട്ട് നിലയില്‍ പൊട്ടി. പിന്നീട് സ്റ്റേ നീക്കി. 16-1-1989ന് എല്ലാവരെയും വിളിച്ച് അടിയന്തര മുശാവറ ചേര്‍ന്നു. സാധാരണ അധ്യക്ഷ കസേരയില്‍ ഇരിക്കാറുണ്ടായിരുന്ന താജുല്‍ ഉലമയെ എഴുന്നേല്‍പ്പിച്ച് അവിടെ കെ കെ അബൂബക്കര്‍ ഹസ്‌റത്തിനെ ഇരുത്തി. ഇതുകണ്ട ശിറിയ അലിക്കുഞ്ഞി ഉസ്താദ് ഇറങ്ങിപ്പോയി. സമസ്ത പഠിപ്പിച്ച അദബിനും മര്യാദക്കും എതിരാണ് സയ്യിദവര്‍കളോട് കാണിച്ചതെന്നായിരുന്നു മഹാനവര്‍കളുടെ അഭിപ്രായം.

തുടര്‍ന്ന് എസ് വൈ എസിനെ പൊളിക്കാന്‍ തട്ടിക്കൂട്ടിയ എസ് എം എഫി(സുന്നി മഹല്ല് ഫെഡറേഷന്‍)ന്റെ ഭരണഘടന വായിച്ചു പാസ്സാക്കി. ശേഷം സ്റ്റേയുമായി ബന്ധപ്പെട്ട കോടതി വ്യവഹാരം മുന്നോട്ടുകൊണ്ടുപോകാന്‍ സമസ്തയുടെ മിനുട്ട്‌സില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ സെക്രട്ടറിക്ക് അധികാരം നല്‍കണമെന്നാവശ്യപ്പെട്ടു. പുതിയ സാഹചര്യത്തില്‍ അത് സാധ്യമല്ലെന്ന് താജുല്‍ ഉലമ പറഞ്ഞു. മുന്‍ഗാമികള്‍ എടുത്ത തീരുമാനം മാറ്റിയെഴുതാനും കൂട്ടിച്ചേര്‍ക്കാനും അനുവദിക്കില്ല. ശക്തമായ നിലപാടെടുത്തു. അപ്പോള്‍ ഞങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടെന്ന വാദമുന്നയിച്ചു. സത്യത്തിനെതിരില്‍ ഭൂരിപക്ഷത്തിന് പ്രസക്തിയില്ലെന്ന് പ്രഖ്യാപിച്ച് താജുല്‍ ഉലമ ഇറങ്ങി. പിറകെ കാന്തപുരം ഉസ്താദ്, എം എ ഉസ്താദ്, സി അബ്ദുര്‍റഹ്‌മാന്‍ മുസ്‌ലിയാര്‍, അണ്ടോണ അബ്ദുല്ല മുസ്‌ലിയാര്‍, പി കെ എം ബാഖവി അണ്ടോണ, മാനുപ്പ മുസ്‌ലിയാര്‍, ചിത്താരി ഹംസ മുസ്‌ലിയാര്‍, പി എ അബ്ദുല്ല മുസ്‌ലിയാര്‍, സി എം അബ്ദുല്ല മുസ്‌ലിയാര്‍ (ചെമ്പരിക്ക ഖാസി) തുടങ്ങിയവരും ഇറങ്ങി. ആകെ 23 പേരായിരുന്നു മുശാവറയില്‍ ഉണ്ടായിരുന്നതെന്ന്, അവിഭക്ത സമസ്തയിലെ ജീവിച്ചിരിക്കുന്ന ഒരേയൊരു വ്യക്തിയായ കാന്തപുരം ഉസ്താദ് പറഞ്ഞതായി ഓര്‍ക്കുന്നു. ഇവര്‍ പോന്നതിന് ശേഷം എസ് വൈ എസ് സമ്മേളനം നിര്‍ത്തിവെക്കാന്‍ ബാക്കിയുള്ളവര്‍ തീരുമാനിച്ചതായി അടുത്ത ദിവസം ചന്ദ്രികയില്‍ വാര്‍ത്ത വന്നു. അതേ തീരുമാനം തന്നെ ലീഗും എടുക്കുകയും എസ് വൈ എസിന്റെ എറണാകുളം സമ്മേളനത്തില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരോ അനുഭാവികളോ പങ്കെടുക്കരുതെന്ന് ഹൈപവര്‍ കമ്മിറ്റിയുടെ തീരുമാനം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിലൂടെ ഗൂഢാലോചനക്ക് പിന്നില്‍ ആരായിരുന്നുവെന്ന് വ്യക്തമായി. അല്ലെങ്കില്‍ ഒരു മതസംഘടനയുടെ സമ്മേളനത്തില്‍ ആരും പങ്കെടുക്കരുതെന്ന് പറയാന്‍ രാഷ്ട്രീയ പാര്‍ട്ടിക്ക് എന്തവകാശമാണുള്ളത്.
താജുല്‍ ഉലമ തോറ്റുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. സമസ്തയുടെ ആദര്‍ശവും വ്യക്തിത്വവും കാത്തുസൂക്ഷിക്കാന്‍ സമസ്തയെ പുനഃസംഘടിപ്പിക്കുകയല്ലാതെ വഴിയില്ലെന്ന് ബോധ്യമായപ്പോള്‍ 1989 മാര്‍ച്ച് അഞ്ചിന് അയ്യായിരം പണ്ഡിതരെ പങ്കെടുപ്പിച്ച് ജനറല്‍ ബോഡി ചേര്‍ന്ന് മുശാവറ പുനഃസംഘടിപ്പിച്ചു. ഉമ്മത്തിന് ഉണര്‍വും ഉന്മേശവും പകര്‍ന്ന്, മതഭൗതിക സമന്വയ വിദ്യാഭ്യാസവും സംഘശക്തിയും സംഭരിച്ച് ലോകത്തോളം സമസ്തയെ വളര്‍ത്താന്‍ താജുല്‍ ഉലമക്കും സുല്‍ത്വാനുല്‍ ഉലമക്കും സാധിച്ചു. കൂടെ ഇറങ്ങിവന്നവരില്‍ ചിലരെ ഖാസി സ്ഥാനവും മറ്റും കാണിച്ച് പിന്നീട് പിന്തിരിപ്പിച്ചെങ്കിലും താജുല്‍ ഉലമയുടെയും സുല്‍ത്വാനുല്‍ ഉലമയുടെയും നേതൃത്വത്തില്‍ ഭൂരിഭാഗം പണ്ഡിതരും ഉറച്ച് നിന്ന് തന്നെ മുന്നോട്ടുപോയി. താജുല്‍ ഉലമ തന്നെയായിരുന്നു ശരിയെന്ന് ഇപ്പോള്‍ കാലം തെളിയിച്ചിരിക്കുന്നു, അല്‍ഹംദുലില്ലാഹ്.

Latest