Editorial
ഭിക്ഷാടന പുനരധിവാസവും സുപ്രീം കോടതി ഇടപെടലും
2021ലെ സുപ്രീം കോടതി വിധിയുടെ തുടര്‍ച്ചയായി വേണം ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാലയും ആര്‍ മഹാദേവനും അടങ്ങുന്ന കോടതി ബഞ്ചിന്റെ പുതിയ വിധിപ്രസ്താവത്തെ കാണാന്‍. ഫലപ്രദമായ ഭിക്ഷാടന പുരധിവാസം ഉറപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് കോടതി മുന്നോട്ടുവെച്ചത്.

സമൂഹം അവഗണിക്കുകയും അധികൃതര്‍ കുറ്റവാളികളെ പോലെ കാണുകയും ചെയ്യുന്ന വിഭാഗമാണ് ഭിക്ഷാടകര്‍. തെരുവോരങ്ങളിലും പുനരധിവാസ കേന്ദ്രങ്ങളിലുമെല്ലാം ദുരിതപൂര്‍ണാണ് മിക്ക ഭിക്ഷാടകരുടെയും ജീവിതം. അവരുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ച് ആരും അന്വേഷിക്കാറില്ല. ഇപ്പോള്‍ സുപ്രീം കോടതി ഇടപെട്ടിരിക്കുന്നു ഈ സാമൂഹിക പ്രശ്‌നത്തില്‍. രാജ്യത്തെ ഭിക്ഷാടന പുനരധിവാസ കേന്ദ്രങ്ങളിലെ മാനുഷിക സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുകയാണ് ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച്. ഡല്‍ഹി ലാംപൂര്‍ ഭിക്ഷാടക കോളനിയിലെ കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയ കലര്‍ന്ന് കോളറയും മറ്റു പകര്‍ച്ചവ്യാധികളും പടര്‍ന്നു പിടിച്ച സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍.
ഭിക്ഷാടന കേന്ദ്രങ്ങളില്‍ മാനുഷിക സാഹചര്യങ്ങള്‍ ഉറപ്പാക്കുന്നതിന് ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു കോടതി. ഭിക്ഷാടന കേന്ദ്രങ്ങളിലെ ശുചിത്വം, അടിസ്ഥാന സൗകര്യങ്ങള്‍, ഭക്ഷ്യസുരക്ഷ തുടങ്ങിയവ ഉറപ്പാക്കുന്നതിന് യാചക കേന്ദ്രങ്ങള്‍ തോറും മോണിറ്ററിംഗ് സമിതി രൂപവത്കരണം, ശരിയായ ഡ്രൈനേജ് സംവിധാനമുള്ള ടോയ്‌ലറ്റുകള്‍ ഉറപ്പാക്കുക, ഭിക്ഷാടക പുനരധിവാസ കേന്ദ്രങ്ങളില്‍ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കുക, മെഡിക്കല്‍ വിദഗ്ധരുടെ നേതൃത്തില്‍ ഇടക്കിടെ മെഡിക്കല്‍ പരിശോധന നടത്തി ആരോഗ്യ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയവയാണ് കോടതിയുടെ മാര്‍ഗ നിര്‍ദേശ രേഖയിലെ പ്രധാന ഇനങ്ങള്‍.
ഭരണകൂടങ്ങള്‍ കുറ്റകരമായ പ്രവൃത്തിയായാണ് ഭിക്ഷാടനത്തെ കണ്ടുവരുന്നത്. പൊതുനിരത്തുകളിലും ബസ്റ്റാന്‍ഡുകളിലും അലഞ്ഞു തിരിയുന്ന യാചകരെ നീരസത്തോടെയാണ് പൊതുസമൂഹം വിശിഷ്യാ വരേണ്യവര്‍ഗം വീക്ഷിക്കുന്നത്. നഗരമുഖങ്ങള്‍ക്ക് ഇതൊരു കളങ്കമാണത്രെ. ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശ സഞ്ചാരികള്‍ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്‌നമാണ് തങ്ങളുടെ മുമ്പിലെത്തുന്ന യാചകരുടെ ബാഹുല്യം. വിദേശികളുടെ മനസ്സില്‍ ഇന്ത്യയെക്കുറിച്ച് മോശം പ്രതിച്ഛായ സൃഷ്ടിക്കാന്‍ ഇതിടയാക്കുന്നു. ഇന്ത്യ ഭിക്ഷക്കാരുടെ രാജ്യമെന്ന അഭിപ്രായം വരെ ഉയര്‍ന്നിട്ടുണ്ട്. ഇതിനൊരു പരിഹാരമായാണ് സര്‍ക്കാര്‍ യാചക പുനരധിവാസ പദ്ധതി ആവിഷ്‌കരിച്ചത്. നഗരങ്ങളില്‍ നിന്ന് യാചകരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതാണ് സാമൂഹിക നീതി- ശാക്തീകരണ മന്ത്രാലയത്തിന്റെ “സ്‌മൈല്‍’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പുനരധിവാസ പദ്ധതി.
എന്നാല്‍ യാചകരില്ലാത്ത നഗരമുഖം സൃഷ്ടിക്കുന്നതിലപ്പുറം അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും വീണ്ടും യാചനയിലേക്ക് മടങ്ങാതിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനും പര്യാപ്തമാകുന്നില്ല മിക്കയിടത്തും പുരധിവാസ പദ്ധതി. യാചകര്‍ക്ക് മെച്ചപ്പെട്ട ജീവിതമോ ആരോഗ്യ സംരക്ഷണമോ ശുദ്ധമായ കുടിവെള്ളമോ ലഭിക്കുന്നില്ല മിക്ക പുനരധിവാസ കേന്ദ്രങ്ങളിലും. ശുചിത്വമില്ലാത്ത ഈ കേന്ദ്രങ്ങളില്‍ മാലിന്യം കലര്‍ന്ന വെള്ളം കുടിച്ചും വൃത്തിഹീനമായ ഭക്ഷണങ്ങള്‍ കഴിച്ചും രോഗത്തിനടിപ്പെട്ട് ദുരിതജീവിതം നയിക്കുന്നവരാണ് പുനരധിവാസ കേന്ദ്രങ്ങളിലെ അന്തേവാസികളില്‍ നല്ലൊരു പങ്കും.
ദാരിദ്ര്യമാണ് അടിസ്ഥാനപരമായി യാചനയുടെ കാരണം. ജീവിക്കാന്‍ വേറെ മാര്‍ഗങ്ങളില്ലാതാകുമ്പോള്‍ മറ്റുള്ളവരുടെ മുമ്പില്‍ കൈനീട്ടാന്‍ നിര്‍ബന്ധിതരാകുകയാണ്. ദാരിദ്ര്യ നിര്‍മാര്‍ജനമാണ് യാചകരില്ലാത്ത നഗരങ്ങളുടെയും രാഷ്ട്രത്തിന്റെയും സൃഷ്ടിപ്പിന് പ്രഥമമായി വേണ്ടത്. യാചകരെ പിടികൂടി ഷെല്‍ട്ടറുകളില്‍ അടച്ചതു കൊണ്ട് പരിഹരിക്കാനാകില്ല പ്രശ്‌നം. തൊഴില്‍ പരിശീലനം നല്‍കി പരാശ്രയത്വമില്ലാതെയും അന്തസ്സോടെയും ജീവിക്കാന്‍ പറ്റുന്ന അവസ്ഥയിലേക്ക് അവരെ ഉയര്‍ത്തിക്കൊണ്ടു വരാനാകണം. 2021 മേയില്‍ സുപ്രീം കോടതിയും ഇക്കാര്യം ചൂണ്ടിക്കാട്ടി. വലിയൊരു സാമൂഹിക പ്രശ്‌നമാണ് യാചനയെങ്കിലും നിരോധനത്തിലൂടെ അത് നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എം ആര്‍ ഷാ എന്നിവരടങ്ങിയ കോടതി ബഞ്ചിന്റെ വിലയിരുത്തല്‍. വിദ്യാഭ്യാസത്തിന്റെ അപര്യാപ്തതയും തൊഴിലില്ലായ്മയുമാണ് ആളുകള്‍ തെരുവിലിറങ്ങി കൈനീട്ടാന്‍ ഇടയാക്കുന്നത്. യാചകര്‍ക്ക് തൊഴിലും മക്കള്‍ക്ക് വിദ്യാഭ്യാസവും ഉറപ്പാക്കുകയാണ് പരിഹാരമാര്‍ഗം. ഭിക്ഷക്കാരെ മുന്നില്‍ കണ്ടുപോകരുതെന്ന വരേണ്യ വര്‍ഗത്തിന്റെ നിലപാട് അംഗീകരിക്കാന്‍ ജുഡീഷ്യറിക്കാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഭിക്ഷാടനം കൊവിഡ് വ്യാപനത്തിന് കാരണമാകുന്നതിനാല്‍ അത് നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയിലായിരുന്നു സുപ്രീംകോടതിയുടെ ഈ പ്രസ്താവ്യം. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ഡിഫന്‍സിന്റെ പഠന റിപോര്‍ട്ട് വിരല്‍ചൂണ്ടുന്നതും ഈ വസ്തുതയിലേക്കാണ്. യാചകരില്‍ ബഹുഭൂരിഭാഗവും അതിനാഗ്രഹിക്കുന്നവരല്ല, അതിജീവനത്തിന് മറ്റു മാര്‍ഗമില്ലാത്തതു കൊണ്ടാണ് അവര്‍ ഈ മേഖലയില്‍ എത്തിപ്പെട്ടതെന്ന് റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മേല്‍ സുപ്രീം കോടതി വിധിയെ പിന്തുണച്ച് രംഗത്തു വന്നിരുന്നു അന്ന്. ഒരു വലിയ സാമൂഹിക, സാമ്പത്തിക പ്രശ്‌നത്തിന്റെ പ്രസക്തവും മനുഷ്യത്വപരവുമായ വീക്ഷണമാണ് സുപ്രീം കോടതി വിധിയില്‍ പ്രതിഫലിക്കുന്നതെന്ന് ഫേസ്ബുക്കില്‍ മുഖ്യമന്ത്രി കുറിച്ചു. ദാരിദ്ര്യത്തിന്റെ പാര്‍ശ്വഫലങ്ങളിലൊന്നാണ് യാചന. നിരോധം കൊണ്ട് അതില്ലാതാകില്ല. അത്തരമൊരു കാഴ്ചപ്പാടല്ല നമുക്കുണ്ടാകേണ്ടത്. സഹാനുഭൂതിയും സഹായിക്കാനുള്ള സന്നദ്ധതയുമാണ് ദരിദ്രവിഭാഗങ്ങളോട് വേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 2021ലെ സുപ്രീം കോടതി വിധിയുടെ തുടര്‍ച്ചയായി വേണം ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാലയും ആര്‍ മഹാദേവനും അടങ്ങുന്ന കോടതി ബഞ്ചിന്റെ പുതിയ വിധിപ്രസ്താവത്തെ കാണാന്‍. ഫലപ്രദമായ പുരധിവാസം ഉറപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് കോടതി മുന്നോട്ടുവെച്ചത്.