bbc documentary
ബി ബി സി ഡോക്യുമെന്ററി: മാധ്യമ സ്വാതന്ത്ര്യത്തെ പിന്തുണക്കുന്നുവെന്ന് അമേരിക്ക
രാഷ്ട്രീയവും സാമ്പത്തികവും ജനസമ്പര്‍ക്കവും അടക്കമുള്ള വിവിധ ഘടകങ്ങളുടെ പിന്‍ബലത്തില്‍ ഇന്ത്യയുമായി തന്ത്രപ്രധാന പങ്കാളിത്തം അമേരിക്കക്കുണ്ടെന്നും വക്താവ് ചൂണ്ടിക്കാട്ടി.

വാഷിംഗ്ടണ്‍ | പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇതിവൃത്തമാക്കി ബി ബി സി നിര്‍മിച്ച ഡോക്യുമെന്ററി കേന്ദ്ര സര്‍ക്കാര്‍ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ പ്രതികരണവുമായി അമേരിക്ക. തങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തെ പിന്തുണക്കുന്നതായി അമേരിക്കന്‍ വിദേശകാര്യ വകുപ്പ് അറിയിച്ചു. ഇന്ത്യയടക്കം ലോകത്തുടനീളം അഭിപ്രായ സ്വാതന്ത്ര്യം പോലുള്ള ജനാധിപത്യ മൂല്യങ്ങളുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടേണ്ട സമയമാണിതെന്നും വിദേശകാര്യ വകുപ്പ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് വക്താവ് ഇക്കാര്യം പറഞ്ഞത്. ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ കനപ്പെട്ട സംഭാവന നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യം, മത- വിശ്വാസ സ്വാതന്ത്ര്യം, മനുഷ്യാവകാശം പോലുള്ള മൂല്യങ്ങളുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടേണ്ട സമയമാണിത്. ലോകത്തുടനീളം സമ്പര്‍മുണ്ടാക്കുന്നതില്‍ അമേരിക്കയുടെ കേന്ദ്രബിന്ദു ഇതാണെന്നും വക്താവ് പറഞ്ഞു.
രാഷ്ട്രീയവും സാമ്പത്തികവും ജനസമ്പര്‍ക്കവും അടക്കമുള്ള വിവിധ ഘടകങ്ങളുടെ പിന്‍ബലത്തില്‍ ഇന്ത്യയുമായി തന്ത്രപ്രധാന പങ്കാളിത്തം അമേരിക്കക്കുണ്ടെന്നും വക്താവ് ചൂണ്ടിക്കാട്ടി. മോദിക്ക് പ്രതിരോധ കവചമൊരുക്കുന്ന രീതിയിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് കഴിഞ്ഞയാഴ്ച പ്രതികരിച്ചിരുന്നത്. തീര്‍ത്തും ഏകപക്ഷീയമാണ് ഡോക്യുമെന്ററിയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.