editorial
ഇന്നും നീറ്റലായി ബാബരി
മുസ്‌ലിം അപരവത്കരണത്തിന്റെയും ഈ സമുദായത്തോട് ഭരണകൂടവും ജുഡീഷ്യറിയും കാണിക്കുന്ന നീതിനിഷേധത്തിന്റെയും നേർചിത്രമായി മാത്രമേ ബാബരി മസ്ജിദ് പ്രശ്‌നത്തിലുള്ള ഭരണകൂട നിലപാടുകളെയും കോടതി വിധിയെയും കാണാനാകൂ.
കലൻഡറിൽ പതിവു പോലെ മാറിമറിയുന്ന ദിനമല്ല ഡിസംബർ ആറ്. മതേതരത്വത്തിന്റെ അടിത്തറ തോണ്ടിയ, ഒരു സമൂഹത്തിന്റെ മനസ്സിൽ തീരാവേദന സമ്മാനിച്ച ദിനമാണ് സഘ്പരിവാർ കാപാലികർ ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെ ബാബരി മസ്ജിദ് തകർത്ത ദിനം. ഒരാരാധനാലയത്തിന്റെ തകർച്ച മാത്രമല്ല, രാജ്യത്തിന്റെ സൗഹൃദാന്തരീക്ഷത്തിനേറ്റ കടുത്ത പ്രഹരം കൂടിയായിരുന്നു അത്. സംഭവം നടന്ന് 33 വർഷം പിന്നിട്ടെങ്കിലും മതേതര ഇന്ത്യക്ക് അതേൽപ്പിച്ച മുറിവ് ഇന്നും ഉണങ്ങാതെ നിൽക്കുന്നു.
ഒരു ജനവിഭാഗത്തിൽ വികാരത്തിന്റെയും വിശ്വാസത്തിന്റെയും സ്വാഭാവിക പരിണാമമല്ല അയോധ്യയിൽ 1992ൽ സംഭവിച്ചത്. ദശാബ്ദങ്ങൾ നീണ്ട കള്ളപ്രചാരണത്തിലൂടെ, വ്യാജേതിഹാസങ്ങളിലുടെ, ദൂരദർശൻ സംപ്രേക്ഷണം ചെയ്ത ഐതിഹ്യപുരാണത്തിലൂടെ സമൂഹത്തിൽ നടത്തിയ ബ്രെയിൻവാഷിന്റെ ഫലമായി തിളച്ചുപൊങ്ങിയ വികാരത്തിന്റെയും വിദ്വേഷത്തിന്റെയും ബഹിർസ്ഫുരണമായിരുന്നു. രാമനല്ല, ഡൽഹിയായിരുന്നു അവരുടെ ലക്ഷ്യം.
കേന്ദ്രാധികാരത്തിലേക്കുള്ള ചവിട്ടുപടി മാത്രമാണ് അവർക്ക് രാമൻ. മഹാത്മാഗാന്ധി അവിചാരിതമായി ഒരു ആർ എസ് എസ് ശാഖ സന്ദർശിക്കാനിടയായി. അവിടെ ചുമരിൽ ശിവജി, റാണാപ്രതാപ്‌സിംഗ് തുടങ്ങി ഹിന്ദു യോദ്ധാക്കളുടെ ചിത്രങ്ങൾ തൂക്കിയിട്ടുണ്ട്. ശ്രീരാമന്റെ ചിത്രമില്ല. ഇതെന്തു കൊണ്ടെന്ന് തിരക്കിയപ്പോൾ ശാഖാ നടത്തിപ്പുകാരിൽ നിന്ന് ഗാന്ധിജിക്ക് ലഭിച്ച മറുപടി ഇങ്ങനെ; “രാമൻ വളരെ മൃദുലൻ, സ്‌ത്രൈണൻ, യുദ്ധവീരനല്ല. നായകനാകാൻ അനുയോജ്യനല്ല’. നായകത്വ പദവിക്കു അനുയോജ്യനല്ലാത്ത രാമനെ വെച്ച് നടത്തിയ കളിയുടെ ഫലമാണ് ബി ജെ പിയുടെ രാഷ്ട്രീയ വിജയം.
ബാബരിയുടെ തകർച്ച പോലെ മതേതര മനസ്സുകളെ നൊമ്പരപ്പെടുത്തിയ മറ്റൊരു സംഭവമാണ് ബാബരി മസ്ജിദ് ഭൂമി ക്ഷേത്ര നിർമാണത്തിന് വിട്ടുകൊടുത്ത സുപ്രീം കോടതിയുടെ 2019 നവംബറിലെ വധിപ്രസ്താവം. 1992ൽ ഗൂഢാലോചനയിലൂടെയാണ് പള്ളി പൊളിച്ചതെന്നും അതീവ നിന്ദ്യമായ നിയമലംഘനമാണിതെന്നും അഭിപ്രായപ്പെട്ട ചീഫ് ജസ്റ്റിസായിരുന്ന രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബഞ്ച് തന്നെയാണ് പള്ളി തകർത്തവർക്കും രാമവിഗ്രഹം പള്ളിയിലേക്ക് ഒളിച്ചു കടത്തിയവർക്കും പള്ളിയുടെ വഖ്ഫ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം വിട്ടുകൊടുത്തത്. നിയമപരായി തെറ്റെന്ന് പരമോന്നത കോടതി വിലയിരുത്തിയ ചെയ്തിയുടെ ഫലപ്രാപ്തി ഒരു മതവിഭാഗത്തിനു സാധൂകരിക്കപ്പെട്ടതിനു പിന്നിലെ നീതിശാസ്ത്രമേതാണ്? ഐതിഹ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു മതവിഭാഗത്തിന്റെ വിശ്വാസ-പാരമ്പര്യ വിഷയങ്ങളെ അവഗണിക്കാനാകാത്ത വികാരമെന്ന് ഉയർത്തിക്കാട്ടി, മറ്റൊരു വിഭാഗത്തിന്റെ അവകാശങ്ങൾക്കു മേൽ കടന്നുകയറാൻ നിയമത്തിന്റെ ഏത് വകുപ്പാണ് ജൂഡീഷ്യറിക്കു പിന്തുണയേകുന്നത്?
മുഗൾ ഭരണാധികാരികായിരുന്ന സഹീറുദ്ദീൻ ബാബറിന്റെ ഗവർണർ മീർബാഖി 1528ൽ തരിശുഭൂമിയിൽ പണിതതാണ് ബാബരി മസ്ജിദ്. വഖ്ഫ് ഭൂമിയാണത്. ബ്രിട്ടീഷ് കാലത്തുടനീളം മുസ്‌ലിം ഉടമസ്ഥതയിൽ തുടർന്നതുമാണ് പള്ളിയും സ്ഥലവും. സംഘ്പരിവാർ ചരിത്രത്തെ എങ്ങനെ ദുർവ്യാഖ്യാനിച്ചാലും എത്രമാത്രം നുണകൾ കെട്ടിപ്പൊക്കിയാലും പള്ളി പണിത സ്ഥാനത്ത് മുമ്പ് ക്ഷേത്രമായിരുന്നുവെന്ന് രേഖാപരമായി തെളിയിക്കാനാകില്ല.
രാജ്യം ഇന്ന് വ്യാകുലപ്പെടുന്നത് ബാബരി മസ്ജിദിന്റെ പേരിൽ മാത്രമല്ല, ഇനിയും ബാബരികൾ സൃഷ്ടിക്കാനുളള സംഘ്പരിവാർ ആസൂത്രിത ഗുഢാലോചനകളെയും അതിനു അരുനിൽക്കുന്ന ഭരണകൂട- ജൂഡീഷ്യറി നിലപാടുകളെയും കുറിച്ച് ഓർത്തുകൂടിയാണ്. ബാബരി പൊളിച്ചതിൽ ആഹ്ലാദം പ്രകടിപ്പിക്കവെ “കാശിമഥുര ബാക്കി ഹേ’ എന്നായിരുന്നു സംഘ്പരിവാറിന്റെ മുദ്രാവാക്യം. പക്ഷേ കാശിയിലും മഥുരയിലും അവസാനിക്കുന്നില്ല അവരുടെ ഗൂഢപദ്ധതി. ചരിത്ര പ്രസിദ്ധമായ മുസ്‌ലിം കേന്ദ്രങ്ങൾ ഒന്നൊന്നായി ലക്ഷ്യംവെച്ച് കൊണ്ടിരിക്കുകയാണവർ.
തൊണ്ണൂറുകളിൽ ബാബരി- അയോധ്യ പ്രശ്‌നം സ്‌ഫോടനാത്മകമായി മാറിയ സാഹചര്യത്തിൽ രാജ്യത്തെ മറ്റ് ആരാധനാലയങ്ങളുടെ സംരക്ഷണത്തിനായി 1991ൽ പാർലിമെന്റ്ഒരു നിയമം പാസ്സാക്കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ ആരാധനാലയങ്ങളും 1947 ആഗസ്റ്റ് 15ന് രാജ്യം സ്വതന്ത്രമാകുമ്പോഴുണ്ടായിരുന്ന സ്വഭാവത്തിൽ നിലനിർത്തണമെന്നും അതിൽ മാറ്റം വരുത്താൻ പാടില്ലെന്നുമാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. എന്നിട്ടും ഗ്യാൻവ്യാപി മസ്ജിദിൽ അവകാശവാദമുന്നയിച്ച് സംഘ്പരിവാർ സമർപ്പിച്ച ഹരജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബഞ്ച് സ്വീകരിക്കുകയും പള്ളിയിൽ പരിശോധന നടത്താൻ അനുവദിക്കുകയും ചെയ്തു. മാത്രമല്ല, ഒരു ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം കണ്ടെത്തുന്നതിന് 1991ലെ നിയമം തടസ്സമല്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് നിരീക്ഷിക്കുകയും ചെയ്തു. തങ്ങളുടെ പഴയ നിലപാടുകളും തീർപ്പുകളും സംഘ്പരിവാറിനു വേണ്ടി സുപ്രീം കോടതി തന്നെ തിരുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുസ്‌ലിം ആരാധനാലയങ്ങൾക്ക് രാജ്യത്ത് എന്ത് സുരക്ഷിതത്വമാണുള്ളത്?
മുസ്‌ലിം അപരവത്കരണത്തിന്റെയും ഈ സമുദായത്തോട് ഭരണകൂടവും ജുഡീഷ്യറിയും കാണിക്കുന്ന നീതിനിഷേധത്തിന്റെയും നേർചിത്രമായി മാത്രമേ ബാബരി മസ്ജിദ് പ്രശ്‌നത്തിലുള്ള ഭരണകൂട നിലപാടുകളെയും കോടതി വിധിയെയും കാണാനാകൂ. പരമാബദ്ധമാണ് ബാബരി സംബന്ധിച്ച അഞ്ചംഗ വിധിയെന്ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് എ കെ ഗാംഗുലി പ്രതികരിക്കാനിടയായതും ഇതുകൊണ്ടാണ്. ബാബരി മസ്ജിദ് പൊളിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ, രാമൻ അവിടെയാണ് ജനിച്ചതെന്ന് അവകാശപ്പെട്ട് ഹിന്ദുത്വർ കോടതിയെ സമീപിച്ചാൽ കോടതി അത് പൊളിച്ചു മാറ്റാൻ ഉത്തരവിടുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. അഞ്ചംഗ ബഞ്ചിന്റെ നെഞ്ചത്ത് തറക്കുന്ന
ചോദ്യമാണിത്.


