Connect with us

Kerala

കോണ്‍ഗ്രസ്സില്‍ അവാര്‍ഡ് മോഷണ വിവാദം; എം എ ജോണ്‍ പുരസ്‌കാരത്തില്‍ അട്ടിമറിയെന്ന് വെളിപ്പെടുത്തല്‍

ശശി തരൂരിനു നല്‍കാന്‍ നിശ്ചയിച്ച പുരസ്‌കാരം വി ഡി സതീശന് നല്‍കി

Published

|

Last Updated

എറണാകുളം | ശശി തരൂര്‍ എം പിക്ക് നല്‍കാന്‍ നിശ്ചയിച്ച പുരസ്‌കാരം പ്രതിപക്ഷ നേതാവ് വി ഡി സതീശന് നല്‍കിയെന്ന് ആക്ഷേപം. എം എ ജോണ്‍ സ്മാരക പുരസ്‌കാരമാണ് വിവാദമായത്.

ഓഗസ്റ്റ് 11 ന് തൃശൂരില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പുരസ്‌കാരം നല്‍കിയത്. അവാര്‍ഡിനു തിരഞ്ഞെടുക്കപ്പെട്ട വിവരം ശശി തരൂരിനെ അറിയിച്ചിരുന്നതായും എന്നാല്‍ പിന്നീട് തരൂരിനെ ഒഴിവാക്കിയ വിവരം അറിയിച്ചില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

കോണ്‍ഗ്രസ് രാജ്യത്ത് വോട്ട് മോഷണ വിവാദം ഉയര്‍ത്തിക്കൊണ്ടുവരുന്നതിനിടെയാണ് പാര്‍ട്ടിക്ക് തലവേദനയായി ‘അവാര്‍ഡ് മോഷണം’ വിവാദമാകുന്നത്. അവാര്‍ഡ് നിര്‍ണയ സമിതി അംഗമായിരുന്ന എം എ ജോണിന്റെ കുടുംബാംഗവും മാധ്യമ പ്രവര്‍ത്തകനുമായ ആനന്ദ് കൊച്ചുകുടിയാണ് അവാര്‍ഡ് മോഷണ ആരോപണവുമായി രംഗത്തുവന്നത്.

ആരെങ്കിലും ഒരു അവാര്‍ഡ് ‘മോഷ്ടിക്കുന്ന’ കാര്യം നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ശശി തരൂരിന് നല്‍കാന്‍ നിശ്ചയിച്ചിരുന്ന എം എ ജോണിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ഒരു അവാര്‍ഡ്, അവാര്‍ഡ് നിര്‍ണയ സമിതിയുടെ ഘടനയില്‍ കൃത്രിമം കാണിച്ചുകൊണ്ട്, കേരള പ്രതിപക്ഷ നേതാവിന് സമര്‍പ്പിച്ച കൗതുകകരമായ സംഭവം ഇതാ- എന്നാണ് ആനന്ദ് കൊച്ചുകുടിയുടെ എക്സ് പോസ്റ്റ്.

എം എ ജോണ്‍ സ്മാരക പുരസ്‌കാര ചടങ്ങിന്റെ പോസ്റ്റുള്‍പ്പെടെ പങ്കുവച്ചാണ് കുറിപ്പ്.പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ പി സി സി മുന്‍ പ്രസിഡന്റ് വി എം സുധീരന്‍ എന്നിവരുള്‍പ്പെട്ട പട്ടികയില്‍ നിന്നായിരുന്നു ശശി തരൂരിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറിയും തൃശ്ശൂരിലെ സാംസ്‌കാരിക പ്രവര്‍ത്തകനുമായ പി വി കൃഷ്ണന്‍ നായര്‍, വീക്ഷണം എഡിറ്റര്‍ എന്‍ ശ്രീകുമാര്‍, എം എ ജോണിന്റെ കുടുംബാംഗം ആനന്ദ് കൊച്ചുകൂടി എന്നിവരടങ്ങുന്നതായിരുന്നു അവാര്‍ഡ് നിര്‍ണ്ണയ സമിതി.

കോണ്‍ഗ്രസിലെ പരിവര്‍ത്തനവാദികളുടെ നേതാവായിരുന്നു എം എ ജോണ്‍. 1968ല്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് ടി ഓ ബാവക്കെതിരെ എം എ ജോണ്‍ മത്സരിച്ചിരുന്നു. എ ഐ സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ശശി തരൂരിന്റെ തീരുമാനം അതിനു സമാനമായിരുന്നു എന്ന് വിലയിരുത്തിയാണ് പുരസ്‌കാരം അദ്ദേഹത്തിന് നല്‍കാന്‍ തീരുമാനിച്ചത്. ഇക്കാര്യം എം എ ജോണിന്റെ കുടുംബത്തെയും തരൂരിനെയും അറിയിക്കുകയും ചെയ്തിരുന്നു.

2025 ഏപ്രില്‍ 13നാണ് ശശി തരൂരിന് പുരസ്‌കാരം നല്‍കാനായിരുന്നു ധാരണ. ഇതിനിടെ തരൂര്‍ പാര്‍ട്ടിയുമായി ഇടയുകയും വിവാദങ്ങള്‍ പതിവാകുകയും ചെയ്ത സാഹചര്യത്തില്‍ തീരുമാനങ്ങള്‍ അട്ടിമറിച്ചെന്നാണ് ആക്ഷേപം. ഇക്കാര്യം തരൂരിന്റെ ഓഫീസിനെ പോലും കൃത്യമായി അറിയിച്ചില്ലെന്നും ആനന്ദ് കൊച്ചുകുടി പറയുന്നു.

 

---- facebook comment plugin here -----

Latest