From the print
പക്ഷിപ്പനി: ദീര്‍ഘകാല നിരോധം സവിശേഷയിനം താറാവുകളുടെ ഉത്പാദനത്തെ ബാധിച്ചേക്കും
ആലപ്പുഴ ജില്ലയില്‍ പൂര്‍ണമായും, കോട്ടയം, പത്തനംതിട്ട ജില്ലകളുടെ ചില ഭാഗങ്ങളിലും കോഴി, താറാവ്, കാട, അലങ്കാര പക്ഷി ഉള്‍പ്പെടെയുള്ള വളര്‍ത്തുപക്ഷികള്‍ നിരോധിക്കണമെന്നാണ് നിര്‍ദേശിക്കുന്നത്.
		
      																					
              
              
            ആലപ്പുഴ | തുടര്‍ച്ചയായി പക്ഷിപ്പനിയുണ്ടാകുന്ന സാഹചര്യത്തില്‍ രോഗബാധിത മേഖലകളിലെ വളര്‍ത്തുപക്ഷികള്‍ക്ക് ഏര്‍പ്പെടുത്തുന്ന ദീര്‍ഘകാലനിരോധം സവിശേഷയിനം താറാവുകളുടെ ഉത്പാദനത്തെ ബാധിച്ചേക്കുമെന്ന് ആശങ്ക. വിദഗ്ധ സമിതി സര്‍ക്കാറിന് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ 2025 മാര്‍ച്ച് വരെ പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ ജില്ലയില്‍ പൂര്‍ണമായും, കോട്ടയം, പത്തനംതിട്ട ജില്ലകളുടെ ചില ഭാഗങ്ങളിലും കോഴി, താറാവ്, കാട, അലങ്കാര പക്ഷി ഉള്‍പ്പെടെയുള്ള വളര്‍ത്തുപക്ഷികള്‍ നിരോധിക്കണമെന്നാണ് നിര്‍ദേശിക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ താറാവ് കൃഷി ചെയ്യുന്ന ആലപ്പുഴ ജില്ലയിലെ കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളിലുള്‍പ്പെടെ ഈ നിര്‍ദേശം പ്രാവര്‍ത്തികമായാല്‍ സവിശേഷയിനം താറാവുകളുടെ ദൗര്‍ലഭ്യതക്കിടയാക്കുമെന്നാണ് സൂചന. എട്ട് മാസക്കാലത്തേക്ക് ഇവയുടെ ഉത്പാദനവും വില്‍പ്പനയും നിരോധിക്കുന്നതിന് ഹാച്ചറികള്‍ അടച്ചിടണമെന്നാണ് വിദഗ്ധ സമിതി റിപോര്‍ട്ടിലുള്ളത്. ഹാച്ചറികളില്‍ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നത് 2025 മാര്‍ച്ച് വരെ നിരോധിച്ചാല്‍ സവിശേഷയിനം താറാവുകളായ ചെമ്പല്ലി, ചാര എന്നിവ പൂര്‍ണമായും ഇല്ലാതാകുമെന്ന് കര്‍ഷകര്‍ പറയുന്നു.
ഈ ഇനം താറാവുകളുടെ മാംസം അതിരുചികരവും കൂടുതല്‍ ഔഷധ ഗുണമുള്ളതും മുട്ടകള്‍ സാധാരണ മുട്ടകളെക്കാള്‍ വലിപ്പമുള്ളതുമാണ്. ആയിരക്കണക്കിന് താറാവ് കര്‍ഷകരുണ്ടായിരുന്ന കുട്ടനാട് മേഖലയില്‍ പത്താം തവണയും പക്ഷിപ്പനി റിപോര്‍ട്ട് ചെയ്തതോടെ പലരും നഷ്ടം താങ്ങാനാകാതെ മേഖല വിട്ടു. മാര്‍ച്ച് വരെ ദീര്‍ഘകാല നിരോധം കൂടി നടപ്പായാല്‍ ബാക്കിയുള്ള കര്‍ഷകര്‍ക്കും പിടിച്ചുനില്‍ക്കാനാകാത്ത സ്ഥിതി വരും. കുട്ടനാടിന്റെ പാരിസ്ഥിതിക രംഗത്ത് സവിശേഷ സ്ഥാനമുള്ള താറാവ് കൃഷി ഇല്ലാതാകുന്നതോടെ മറ്റ് തരത്തിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും പുതിയ രോഗങ്ങളുടെ സാധ്യതയും സംഭവിക്കുമോയെന്നും ആശങ്കയുണ്ട്.
2014 മുതല്‍ പക്ഷിപ്പനി ആലപ്പുഴയില്‍ തുടര്‍ച്ചയായി റിപോര്‍ട്ട് ചെയ്തിട്ടും രോഗം സ്ഥിരീകരിക്കാന്‍ ആവശ്യമായ സംവിധാനം ജില്ലയിലോ കേരളത്തിലോ നടപ്പാക്കാതെ നിരോധവും പക്ഷികളെ കൊന്നൊടുക്കലും മാത്രമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നാണ് കര്‍ഷകരുടെ പരാതി. ഈ വര്‍ഷം ഏപ്രിലിലാണ് ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. തുടര്‍ന്ന് സംസ്ഥാനത്ത് രോഗ വൈറസായ എച്ച് 5 എന്‍1ന്റെ 37 പ്രഭവ കേന്ദ്രങ്ങള്‍ കണ്ടെത്തി. ആലപ്പുഴയില്‍ 29, കോട്ടയത്ത് അഞ്ച്, പത്തനംതിട്ടയില്‍ മൂന്ന് എന്നിങ്ങനെയാണ് കണ്ടെത്തിയ പ്രഭവ കേന്ദ്രങ്ങള്‍.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          


