Kerala
അട്ടപ്പാടി മധുവധം: സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു; വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ സ്‌കീം നടപ്പാക്കണമെന്ന് ആവശ്യം
തിങ്കളാഴ്ച ഇരുപതാം സാക്ഷി മരുതന്‍ എന്ന മയ്യനും കൂടി കൂറുമാറിയതോടെ ഇതുവരെ കൂറുമാറിയ സാക്ഷികള്‍ പത്തായി.
കോഴിക്കോട് | അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു കൊലചെയ്യപ്പെട്ട കേസില്‍ സാക്ഷികള്‍ കൂറുമാറുന്നതു തുടരുന്നത് കേസിന്റെ ഗതിയെ ബാധിക്കുമെന്ന ആശങ്ക പടരുന്നു. കേസില്‍ ജാമ്യം നേടി പുറത്തുവന്ന പ്രതികളാണ് സാക്ഷികളെ സ്വാധീനിച്ചു കൂറുമാറ്റുന്നതെന്ന ആരോപണം ശക്തമായി. സാക്ഷികളെ പ്രതിഭാഗം സ്വാധീനിക്കുന്നു എന്ന ആരോപണവുമായി മധുവിന്റെ കുടുംബം രംഗത്തുണ്ട്. സാക്ഷികള്‍ തുടര്‍ച്ചയായി കൂറുമാറുന്നതിനാല്‍ പ്രോസിക്യൂഷന്‍ ആശങ്കയിലാണ്. മൊഴിമാറ്റം തടയാന്‍ വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ സ്‌കീം നടപ്പിലാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
തിങ്കളാഴ്ച ഇരുപതാം സാക്ഷി മരുതന്‍ എന്ന മയ്യനും കൂടി കൂറുമാറിയതോടെ ഇതുവരെ കൂറുമാറിയ സാക്ഷികള്‍ പത്തായി. മുക്കാലിയിലുള്ള തേക്ക് പ്ലാന്റേഷനിലെ ജിവനക്കാരനാണ് മയ്യന്‍. രസഹ്യമൊഴി നല്‍കിയ ഏഴുപേര്‍ കോടതിയില്‍ മൊഴി മാറ്റിയിരുന്നു. അതിന് ശേഷം വിസ്തരിച്ച രണ്ടുപേരും പോലീസിന് നല്‍കിയ മൊഴി കോടതിയില്‍ തിരുത്തി. മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതി നിര്‍ദേശം പ്രകാരം പ്രതികളുടെ ബന്ധു അബ്ബാസിനെതിരെ അഗളി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. കേസിലെ പതിനാറ് പ്രതികള്‍ക്കും ജാമ്യം കിട്ടിയതിനാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ അവസരം കിട്ടിയെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്.
കൂറുമാറിയവര്‍ക്കെതിരെ മധുവിന്റെ അമ്മ മല്ലി മണ്ണാര്‍ക്കാട് മുന്‍സിഫ് കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതികളുടെ സ്വാധീനത്തിന് വഴങ്ങി സാക്ഷികള്‍ മൊഴിമാറ്റിയതു സംബന്ധിച്ച് അന്വേഷിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കണമെന്നും തങ്ങള്‍ക്ക് ജീവിക്കാന്‍ ഭീഷണിയുണ്ടെന്നും പരാതിയില്‍ പറഞ്ഞിരുന്നു. കൂറുമാറിയ എല്ലാ സാക്ഷികളും മുമ്പ് രഹസ്യമൊഴി കൊടുത്തവരാണ്.
പാക്കുളം സ്വദേശി ഹുസൈന്‍ മധുവിനെ ചവിട്ടിയെന്നും മധു തലയിടിച്ച് വീണതായുമാണ് കോടതിയില്‍ 13ാം സാക്ഷി സുരേഷ് മൊഴി നല്‍കിയത്. ആറ് സാക്ഷികള്‍ മൊഴിമാറ്റിയതിന് പിന്നാലെയാണ് പ്രോസിക്യൂഷന് അനുകൂല മൊഴി ലഭിച്ചത്.
കേസില്‍ കൂറുമാറിയ രണ്ട് വനം വകുപ്പ് വാച്ചര്‍മാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. പന്ത്രണ്ടാം സാക്ഷി അനില്‍കുമാര്‍, പതിനാറാം സാക്ഷി അബ്ദുല്‍ റസാഖ് എന്നിവരെയാണ് പിരിച്ചുവിട്ടത്. സാക്ഷി പട്ടികയില്‍ ഇനിയും വനം വകുപ്പ് വാച്ചര്‍മാരുണ്ട്. ഇവര്‍ക്ക് താക്കീത് എന്ന നിലയ്ക്ക് കൂടിയാണ് വനംവകുപ്പിന്റെ നടപടി.
തങ്ങള്‍ക്ക് അട്ടപ്പാടിയില്‍ ജീവിക്കാന്‍ ഭീഷണി ഉണ്ടെന്നും, മണ്ണാര്‍ക്കാട്ടേക്ക് താമസം മാറ്റാനാണ് ആലോചനയെന്നും മധുവിന്റെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
2018 ഫെബ്രുവരി 22നാണ് മധു ആള്‍ക്കൂട്ട മര്‍ദനത്തിരയായി പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ കൊല്ലപ്പെടുന്നത്. സംഭവത്തില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 16 പ്രതികളാണുള്ളത്. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടിക വര്‍ഗ പ്രത്യേക കോടതിയിലാണ് മധു വധക്കേസ് വിചാരണ.