Ongoing News
ആദരവിന്റെ നെറുകയില്‍; കൊന്‍മെബോളിലെ മ്യൂസിയത്തില്‍ പെലെക്കും മറഡോണക്കുമൊപ്പം മെസിയുടെ പ്രതിമയും
ലോകകപ്പ് കൈയിലേന്തി അത്യന്തം ആഹ്ലാദവാനായി നില്‍ക്കുന്ന മെസിയുടെ പ്രതിമയാണ് മ്യൂസിയത്തില്‍ ഇടം നേടിയിരിക്കുന്നത്.

ലൂക്ക് | ദക്ഷിണ അമേരിക്കന്‍ ഫെഡറേഷന്റെ കൊന്‍മെബോള്‍ മ്യൂസിയത്തില്‍ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ പൂര്‍ണകായ പ്രതിമയും. ഫുട്‌ബോള്‍ ഇതിഹാസങ്ങളായ പെലെയുടെയും മറഡോണയുടെയും പ്രതിമങ്ങള്‍ക്കൊപ്പമാണ് മെസിയുടെതും സ്ഥാനം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ ലോകകപ്പ് അര്‍ജന്റീനക്ക് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചതോടെ മെസിയുടെ പ്രശസ്തി വാനോളമുയര്‍ന്നിരുന്നു.
ലോകകപ്പ് കൈയിലേന്തി അത്യന്തം ആഹ്ലാദവാനായി നില്‍ക്കുന്ന മെസിയുടെ പ്രതിമയാണ് മ്യൂസിയത്തില്‍ ഇടം നേടിയിരിക്കുന്നത്. ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ആസ്ഥാനമായ പരാഗ്വെയിലെ ലൂക്കില്‍ നടന്ന പ്രതിമ അനാവരണ ചടങ്ങില്‍ മെസിയും സന്നിഹിതനായിരുന്നു.
സ്വപ്‌നത്തില്‍ പോലും കാണുകയോ ചിന്തിക്കുകയോ ചെയ്യാത്ത കാര്യമാണ് സംഭവിച്ചിരിക്കുന്നത്. ഇതോടെ എന്റെ ആഗ്രഹങ്ങളെല്ലാം സഫലമായിരിക്കുകയാണ്. ഇതുകൂടിയാണ് എനിക്ക് നേടാനുണ്ടായിരുന്നത്. ഫുട്‌ബോളില്‍ എല്ലാം നേടിത്തന്നതിന് ദൈവത്തോട് നന്ദി പറയുന്നു.’-ചടങ്ങില്‍ സംസാരിക്കവേ വികാരഭരിതനായി മെസി പറഞ്ഞു.
‘ഇഷ്ടപ്പെട്ടത് ആസ്വദിച്ചു ചെയ്യാനാവുക, ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ പ്ലെയറാവുക, ജീവിതത്തില്‍ ഇഷ്ടപ്പെട്ടത് എല്ലായിപ്പോഴും ചെയ്യാനാവുക എന്നതെല്ലാമായിരുന്നു ചെറുപ്പത്തിലേ എന്റെ സ്വപ്‌നം. ദീര്‍ഘമായ പാതകള്‍ പിന്നിട്ടാണ് കടന്നുവന്നത്. ഇക്കാലത്തിനിടയില്‍ നിരവധി തീരുമാനങ്ങള്‍ കൈക്കൊണ്ടു. പരാജയങ്ങളുണ്ടായി. എന്നാല്‍, ഞാന്‍ എപ്പോഴും മുന്നോട്ടാണ് നോക്കുന്നത്, വിജയമാണ് ലക്ഷ്യം വെക്കുന്നത്. സ്വപ്‌നങ്ങള്‍ക്കായി പോരാടുകയെന്നതാണ് ഏറ്റവും പ്രധാനമെന്ന് ഞാന്‍ കരുതുന്നു. എല്ലാം സാധ്യമാണ്. കളി ആസ്വദിക്കുക എന്നത് ഏറെ മനോഹരമായൊരു കാര്യമാണ്.’-ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരം കൂട്ടിച്ചേര്‍ത്തു.