Connect with us

Articles

നീതിപീഠമെങ്കിലും കാവലാകുമോ?

ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍ക്കു നേരെ ഭീകരമാം വിധം മനുഷ്യത്വരഹിതമായ അക്രമങ്ങള്‍ നടക്കുമ്പോള്‍ കോണ്‍ഗ്രസ്സുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വേണ്ട രീതിയില്‍ പ്രതികരിക്കുന്നില്ല എന്നത് ഖേദകരമാണ്. പോലീസും ബി ജെ പി ഭരണകൂടവും മുസ്‌ലിംകളോടും ദളിതരോടും കാണിക്കുന്നത് ക്രൂരതയാണെന്നു വിളിച്ചു പറയാന്‍ പ്രതിപക്ഷം മടിക്കുകയാണ്.

Published

|

Last Updated

ഏതാനും വര്‍ഷങ്ങളായി ഭരണകൂട ഭീകരതയുടെ പ്രതീകമായി മാറിയ “ബുള്‍ഡോസര്‍ രാജി’നെതിരെ സുപ്രീം കോടതി കടുത്ത നിലപാട് സ്വീകരിച്ചിരിക്കുകയാണ്. ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തിലുള്ള സംസ്ഥാനങ്ങളിലാണ് ന്യൂനപക്ഷങ്ങളെ വിശിഷ്യാ മുസ്‌ലിംകളെ ലക്ഷ്യമാക്കി ബുള്‍ഡോസര്‍ രാജ് നടപ്പാക്കുന്നത്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ വീടുകളും മറ്റു വസ്തുവകകളും ക്രൂരമായി ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തുകൊണ്ടിരിക്കുകയാണ്. സുപ്രീം കോടതിയുടെ നിരീക്ഷണം ബാധകമല്ല എന്ന നിലപാട് യു പി മുഖ്യമന്ത്രിയില്‍ നിന്ന് പുറത്ത് വന്നിട്ടുണ്ട്. സുപ്രീം കോടതി നിരീക്ഷണത്തെ സ്വാഗതം ചെയ്ത് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് നടത്തിയ പ്രസ്താവനയെ പരിഹസിച്ചു കൊണ്ടാണ് യു പി മുഖ്യമന്ത്രി കോടതി വിധിയെ ചോദ്യം ചെയ്തിരിക്കുന്നത്.
കുടുംബത്തിലെ ഒരംഗം പ്രതിചേര്‍ക്കപ്പെട്ടാല്‍ കുടുംബത്തെ മുഴുവന്‍ ശിക്ഷിക്കുന്ന രീതി നടപ്പാക്കുന്നത് ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, അസം, ഉത്തരാഖണ്ഡ്, ഗുജറാത്ത് സര്‍ക്കാറുകളാണ്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാലും വീട് പൊളിക്കല്‍ അനുവദനീയമല്ലെന്ന് സുപ്രീം കോടതി നിരീക്ഷിക്കുകയുണ്ടായി. വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാറുകള്‍ നടപ്പാക്കുന്ന ബുള്‍ഡോസര്‍ രാജിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികളില്‍ സുപ്രീം കോടതിയുടെ ചോദ്യം, കേസില്‍ പ്രതിയായത് കൊണ്ട് മാത്രം ഒരാളുടെ വീട് പൊളിക്കാന്‍ സര്‍ക്കാറിന് എങ്ങനെ കഴിയുന്നു എന്നായിരുന്നു. രാജ്യവ്യാപകമായി ബുള്‍ഡോസര്‍ രാജ് നടപ്പാക്കുന്നതിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച നിലപാടിൽ വ്യക്തത സമര്‍പ്പിക്കാന്‍ സുപ്രീം കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ വാദം തുടരും. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് സുപ്രധാന നിരീക്ഷണം നടത്തിയിരിക്കുന്നത്. വിവിധ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദും ചില വ്യക്തികളും സമര്‍പ്പിച്ച ഹരജിയുടെ വിചാരണക്കിടയില്‍, വീടുകളും കെട്ടിടങ്ങളും പൊളിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ 2024 ഫെബ്രുവരിയിലെ റിപോര്‍ട്ട് പ്രകാരം 2022 ഏപ്രിലിനും 2023 ജൂണിനുമിടയില്‍ ഡല്‍ഹി, അസം, ഗുജറാത്ത്, മധ്യപ്രദേശ്, യു പി എന്നിവിടങ്ങളില്‍ സാമുദായിക സംഘര്‍ഷത്തെ തുടര്‍ന്ന് 128 സ്വത്തുക്കള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയുണ്ടായി. ഇത് 15 മാസത്തെ കണക്കുകളാണ്. അതും സാമുദായിക സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലെ കണക്കുകളാണ്. 2017ല്‍ യോഗി ആദിത്യനാഥ് യു പി മുഖ്യമന്ത്രിയായതു മുതല്‍ കഴിഞ്ഞ ആഗസ്റ്റ് വരെ ബി ജെ പി മുഖ്യമന്ത്രിമാര്‍ അധികാരത്തിലുള്ള സര്‍ക്കാറുകള്‍ നടത്തിയ ബുള്‍ഡോസര്‍ രാജിന്റെ കണക്കെടുത്താല്‍ മനുഷ്യത്വം മരവിക്കുന്നതിന്റെ ചിത്രങ്ങളായിരിക്കും തെളിയുക.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ ഡല്‍ഹിയിലെ നിരവധി മുസ്‌ലിം വീടുകള്‍ തകര്‍ത്തു. അന്നത്തെ സുപ്രീം കോടതി ഇടപെടല്‍ കാരണം കുറേ ഭവനങ്ങള്‍ രക്ഷപ്പെട്ടു. യു പിയിലെ മുറാദാബാദിലും ബറേല്‍വിയിലും ബുള്‍ഡോസര്‍ ഉപയോഗിച്ച് വസ്തുവകകള്‍ തകര്‍ത്തു. ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ജി 20 ഉച്ചകോടിയുടെ പേരില്‍ തകര്‍ത്തത് നൂറുകണക്കിനു ഭവനങ്ങളും വ്യാപാര സ്ഥാപനങ്ങളുമാണ്. കഴിഞ്ഞ ആഗസ്റ്റില്‍ ഹരിയാനയിലെ നൂഹിലുണ്ടായ വര്‍ഗീയ ലഹളയെ തുടര്‍ന്ന് ബി ജെ പി സര്‍ക്കാര്‍, പ്രതികളെന്ന് ആരോപിക്കപ്പെട്ട മുസ്‌ലിംകളുടെ ഒരു ഡസനിലേറെ വീടുകള്‍ തകര്‍ത്തു.

 

ഈ സംഭവത്തിനെതിരെ ഹരിയാന ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും സര്‍ക്കാര്‍ നടപടിയെ വിമര്‍ശിക്കുകയുമുണ്ടായി. എന്നാല്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബുള്‍ഡോസര്‍ രാജ് തുടരുകയാണ്. കഴിഞ്ഞ ബക്രീദിനോടനുബന്ധിച്ച് ഗോവധവും പശുക്കടത്തും ആരോപിച്ച് മധ്യപ്രദേശില്‍ 11 മുസ്‌ലിം വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയുണ്ടായി. മധ്യപ്രദേശ് ഛത്തര്‍പുര്‍ ജില്ലാ കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് ഹാജി ശഹ്സാദ് അലിയുടെ മൂന്ന് നിലകളുള്ള വീട് തകര്‍ത്തതാണ് ഒടുവിലത്തെ സംഭവം. ശഹ്സാദിന്റെ സഹോദരന്‍ ആസാദ് അലി കോണ്‍ഗ്രസ്സിന്റെ നഗരസഭാ കൗണ്‍സിലറാണ്. പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തിയ ഹിന്ദു സന്യാസിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആഗസ്റ്റ് 21ന് ശഹ്‌സാദിന്റെ നേതൃത്വത്തില്‍ നൂറോളം പേരടങ്ങുന്ന സംഘം ഛത്തര്‍പുര്‍ പോലീസിനെ സമീപിച്ചിരുന്നു. ഇതിനിടയില്‍ പോലീസ് സ്റ്റേഷനു നേരെ കല്ലേറ് നടക്കുകയുണ്ടായി. കല്ലേറ് നടത്തിയത് പുറത്തു നിന്നുള്ളവരാണെന്ന് പറയപ്പെടുന്നു. ഏതായാലും സംഭവം നടന്ന് 24 മണിക്കൂര്‍ തികയും മുമ്പേ ബുള്‍ഡോസറുമായി വന്ന പോലീസ് ശഹ്‌സാദിന്റെ മസ്താന്‍ ബാബ കോളനിയിലെ പത്ത് കോടി വിലമതിക്കുന്ന 11,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും തകര്‍ത്തു. ബുള്‍ഡോസര്‍ രാജിലൂടെ ബി ജെ പി സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത് കുറ്റം ആരോപിച്ച് മുസ്‌ലിംകളെ സാമ്പത്തികമായി ഇല്ലായ്മ ചെയ്യാനാണ്. ഇതോടൊപ്പം യു പി, ഡല്‍ഹി, രാജസ്ഥാന്‍, അസം, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളികള്‍ക്കും ദര്‍ഗകള്‍ക്കും നേരെ ബുള്‍ഡോസര്‍ പായിക്കുകയുണ്ടായി. സംഭവം വിവാദമാകുമ്പോള്‍ തകര്‍ത്തത് അനധികൃത കെട്ടിടങ്ങളാണെന്ന ന്യായീകരണം ബി ജെ പി സര്‍ക്കാറുകള്‍ ആവര്‍ത്തിക്കുകയാണ്. നിയമലംഘനം നടക്കുമ്പോഴാണ് വീടുകള്‍ പൊളിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും സുപ്രീം കോടതിയില്‍ വാദിക്കുകയുണ്ടായി. എന്നാല്‍ പരാതി പരിശോധിച്ചതില്‍ അധികൃതര്‍ നിയമലംഘനം നടത്തിയതായി ബോധ്യപ്പെട്ടതായി സുപ്രീം കോടതി ബഞ്ച് സോളിസിറ്റര്‍ ജനറലിനെ അറിയിച്ചു. നിര്‍മാണം അനധികൃതമാണെങ്കില്‍ അവ നേരിടേണ്ടത് നിയമാനുസൃതമായിരിക്കണമെന്നും ജസ്റ്റിസ് ഗവായ് ഓര്‍മപ്പെടുത്തുകയുണ്ടായി.
ഒരു സംഭവം നടന്നയുടനെ എങ്ങനെയാണ് മുസ്‌ലിംകളുടെ വീടുകളും കെട്ടിടങ്ങളും നിയമവിരുദ്ധമാകുന്നത് എന്ന ചോദ്യം ഇവിടെ ബാക്കിയാകുകയാണ്. 2002 ജൂണില്‍ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ എക്‌സിലെ എഴുത്ത് ഈ ന്യായീകരണങ്ങളുടെ പൊള്ളത്തരം തുറന്നു കാട്ടുന്നു. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അന്നത്തെ ട്വീറ്റില്‍ പറയുന്നത്, സംസ്ഥാനത്തെ ബുള്‍ഡോസര്‍ നടപടി ആരോപണ വിധേയരായ പ്രൊഫഷനല്‍ ക്രിമിനലുകള്‍ക്കും മാഫിയകള്‍ക്കും എതിരെയാണെന്നാണ്. നഗര പരിഷ്‌കരണം തുടങ്ങിയ കാരണങ്ങള്‍ ഉയര്‍ത്തി ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കിടയില്‍ വിവിധ സംസ്ഥാനങ്ങളില്‍ രാജ്യവ്യാപകമായി ഒന്നര ലക്ഷത്തിലേറെ കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തെന്നും 7.38 ലക്ഷം പേര്‍ ഭവനരഹിതരായെന്നും ഫ്രണ്ട് ലൈന്‍ മാസിക റിപോര്‍ട്ട് ചെയ്യുന്നു. ഭവനരഹിതരായവരില്‍ ഏറെയും മുസ്‌ലിംകളും ദളിതുകളുമാണെന്നും മാസിക ചൂണ്ടിക്കാട്ടുന്നു.
ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍ക്കുനേരെ ഭീകരമാം വിധം മനുഷ്യത്വരഹിതമായ അക്രമങ്ങള്‍ നടക്കുമ്പോള്‍ കോണ്‍ഗ്രസ്സുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വേണ്ട രീതിയില്‍ പ്രതികരിക്കുന്നില്ല എന്നത് ഖേദകരമാണ്. പോലീസും ബി ജെ പി ഭരണകൂടവും മുസ്‌ലിംകളോടും ദളിതരോടും കാണിക്കുന്നത് ക്രൂരതയാണെന്നു വിളിച്ചു പറയാന്‍ പ്രതിപക്ഷം മടിക്കുകയാണ്. മണിപ്പൂരില്‍ അക്രമിക്കപ്പെട്ട കുകികളെയും മെയ്‌തെയ്കളെയും സന്ദര്‍ശിക്കാനും അവരോട് അനുഭാവം കാട്ടാനും രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ഒന്നിലേറെ തവണ മണിപ്പൂര്‍ സന്ദര്‍ശിക്കുകയുണ്ടായി. ഡല്‍ഹിയില്‍ നിന്ന് മണിപ്പൂരിനേക്കാള്‍ അടുത്ത സ്ഥലമായ ഉത്തര്‍ പ്രദേശിലെ അക്ബര്‍ നഗറും പ്രതിപക്ഷ നേതാവടക്കമുള്ളവര്‍ സന്ദര്‍ശിക്കേണ്ടതായിരുന്നു. യോഗി ആദിത്യനാഥിന്റെ ബുള്‍ഡോസര്‍ രാജിലൂടെ അവിടെ കിടപ്പാടം ഇല്ലാതായത് പതിനായിരത്തിലേറെ കുടുംബങ്ങള്‍ക്കാണ്. ഇതുമായി ബന്ധപ്പെട്ട് ബുള്‍ഡോസര്‍ രാജ് കേസില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായത് വിചാരണക്കിടയിലെ നിരീക്ഷണമാണ്. കോടതിയുടെ ഈ നിരീക്ഷണം അന്തിമ വിധിയിലും പ്രകടമാകുമെന്ന് പ്രതീക്ഷിക്കാം.

Latest