Connect with us

Kerala

നിയമസഭാ സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍

ആറ് മൊബൈല്‍ കോടതികളെ റഗുലര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളാക്കാനും തീരുമാനം

Published

|

Last Updated

15-ാം കേരള നിയമസഭയുടെ 12-ാം സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. ആറ് മൊബൈല്‍ കോടതികളെ റഗുലര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളാക്കാനും തീരുമാനമായി.

തിരുവനന്തപും, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ മൊബൈല്‍ കോടതികളെയാണ് മാറ്റുക. പുതുതായി 21 തസ്തികകള്‍ സൃഷ്ടിക്കും. ക്രിമിനല്‍ കോടതികളില്‍ അനുവദിച്ചിട്ടുള്ള 16 തസ്തികകള്‍ പരിവര്‍ത്തനം ചെയ്യും.

മറ്റു തീരുമാനങ്ങൾ:

ഫാമിലി ബഡ്ജറ്റ് സർവ്വേ

1948-ലെ മിനിമം വേജസ് ആക്ടിൻ്റെ പരിധിയിൽ വരുന്ന തൊഴിലാളികളുടെ വേതനം പുതുക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ ഉപഭോക്തൃ വില സൂചിക തയ്യാറാക്കുന്നതിനായി ഫാമിലി ബഡ്ജറ്റ് സർവ്വേ നടത്തും.

2023-24 അടിസ്ഥാന വർഷം കണക്കാക്കി എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് സമർപ്പിച്ച ശിപാർശ അംഗീകരിച്ചാണ് സര്‍വ്വേ. ഇതു സംബന്ധിച്ച കാര്യങ്ങളുടെ നിയന്ത്രണത്തിന് സംസ്ഥാനതല കൺസ്യൂമർ പ്രൈസ് ഇൻഡക്സ് റിവിഷൻ കമ്മിറ്റി രൂപീകരിക്കും.

ഡെപ്യൂട്ടി ഡയറക്ടര്‍-1, റിസര്‍ച്ച് അസിസ്റ്റന്‍റ്-1, എല്‍ഡി കമ്പയിലര്‍/ എല്‍ഡി ടൈപ്പിസ്റ്റ്-2 എന്നീ തസ്തികകൾ പതിനെട്ട് മാസത്തേക്ക് സൃഷ്ടിക്കും. പുനര്‍വിന്യാസം വഴി ഈ തസ്തികകളിലേയ്ക്ക് നിയമനം നടത്തും. പ്രതിദിനം 600 രൂപ വേതനത്തിൽ 22 ഫീൽഡ് വർക്കർമാരെയും പതിനെട്ട് മാസ കാലയളവിലേക്ക് നിയമിക്കും.

ഹോമിയോ ഡിസ്പെന്‍സറി

ആലുവ മുനിസിപ്പാലിറ്റിയില്‍ നാഷണല്‍ ആയുഷ് മിഷന്‍റെ കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹോമിയോ ഡിസ്പെന്‍സറി ആരംഭിക്കും.

ജി എസ് സന്തോഷ് കരകൗശല വികസന കോര്‍പ്പറേഷന്‍ എം ഡി

കരകൗശല വികസന കോര്‍പ്പറേഷന്‍ കേരള ലിമിറ്റഡില്‍ മനേജിങ്ങ് ഡറയക്ടറായി ജി എസ് സന്തോഷിനെ നിയമിക്കും.

ഭരണാനുമതി നല്‍കി

കോഴിക്കോട് സൈബര്‍പാര്‍ക്കിനോട് ചെര്‍ന്ന് കിടക്കുന്ന 20 സെന്‍റ് സ്ഥലം സൈബര്‍പാര്‍ക്കിനായി ഏറ്റെടുക്കാന്‍ ഭരണാനുമതി നല്‍കി.

സാധൂകരിച്ചു

അഷ്ടമുടിക്കായലിലെ ദേശീയ ജലപാതയ്ക്ക് വേണ്ടി ഡ്രഡ്‌ജ് ചെയ്ത ഭാഗത്തെ സ്പോയിൽ ദേശീയ പാത 66- ന്റെ പ്രവൃത്തിക്ക് വില ഈടാക്കാതെ നല്‍കും. ഈ അനുമതി നല്‍കിയതിന് പൊതു താല്‍പര്യം മുന്‍നിര്‍ത്തി സാധൂകരണം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് ദേശീയപാതാ നിര്‍മ്മാണത്തിന് മാത്രമെ ഉപയോഗിക്കാവു എന്ന വ്യവസ്ഥയില്‍ റോയൽറ്റി, സീനിയറേജ് ചാര്‍ജ് എന്നിവയില്‍ ഇളവ് നൽകും.

Latest