Connect with us

National

ഹിമാചല്‍ പ്രദേശില്‍ നവംബര്‍ 12ന് നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിന്

ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ 17നായിരിക്കും തിരഞ്ഞെടുപ്പ് വിജ്ഞാപനം. ഒക്ടോബര്‍ 25 മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 29 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

Published

|

Last Updated

ന്യൂഡല്‍ഹി | ഹിമാചല്‍ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. നവംബര്‍ 12നാണ് വോട്ടെടുപ്പ്. ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. ഒക്ടോബര്‍ 17നായിരിക്കും തിരഞ്ഞെടുപ്പ് വിജ്ഞാപനം. ഒക്ടോബര്‍ 25 മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 27ന് സൂക്ഷ്മ പരിശോധന നടക്കും. 29 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

55,07,261 വോട്ടര്‍മാരാണ് ഹിമാചല്‍ പ്രദേശിലുള്ളത്. 18,68,681 കന്നി വോട്ടര്‍മാരുണ്ട്. നിലവില്‍ ബി ജെ പിയാണ് ഹിമാചല്‍ പ്രദേശില്‍ അധികാരത്തിലുള്ളത്. നിയമസഭയില്‍ 68 സീറ്റുകളാണുള്ളത്. 35 ആണ് ഭൂരിപക്ഷത്തിന് വേണ്ട സീറ്റുകളുടെ എണ്ണം.

കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും തിരഞ്ഞെടുപ്പെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സുരക്ഷിത തിരഞ്ഞെടുപ്പിനായി മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും വിശദമായ ചര്‍ച്ച നടത്തും. യുവാക്കളെയും സ്ത്രീകളെയും കൂടുതലായി പോളിങ് ബൂത്തിലെത്തിക്കാന്‍ നടപടി സ്വീകരിക്കും. വോട്ടിംഗ് ശതമാനം ഉയര്‍ത്താനും നടപടിയുണ്ടാകും.

വോട്ടര്‍ പട്ടിക പുതുക്കാന്‍ പുതിയ രീതി സ്വീകരിക്കും. ഇതുപ്രകാരം വര്‍ഷത്തില്‍ നാല് തവണ വോട്ടര്‍ പട്ടിക പുതുക്കാം. സ്ഥാനാര്‍ഥികളുടെ സ്വത്ത് വിവരവും ക്രിമിനല്‍ പശ്ചാത്തലമുണ്ടെങ്കില്‍ അതും ജനങ്ങളെ അറിയിക്കും. സ്ഥാനാര്‍ഥികളുടെ സ്വത്ത് വിവരവും കേസും ഉള്‍പ്പെടെ എല്ലാ വിവരങ്ങളും അറിയിക്കാന്‍ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് പുറത്തിറക്കും.

 

 

---- facebook comment plugin here -----

Latest