Connect with us

രാഷ്ട്രം / ഐ സി എച്ച് ആര്‍

നെഹ്‌റുവിനെ മായ്ച്ചുകളയാന്‍ ധിക്കാര രാഷ്ട്രീയത്തിനാകില്ല

ബ്രിട്ടീഷ് വിരുദ്ധ മുന്നേറ്റങ്ങളുടെ പേരില്‍ മുവ്വായിരത്തിലധികം ദിവസങ്ങള്‍ ജവഹര്‍ലാല്‍ നെഹ്റു വിവിധ ജയിലുകളില്‍ കഴിഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെയും ലോകപ്രശസ്തമായ ഗ്രന്ഥങ്ങള്‍ രചിക്കാനും സ്വാതന്ത്ര്യ സമരം ഊര്‍ജിതപ്പെടുത്താനുള്ള പദ്ധതികള്‍ തയ്യാറാക്കാനും അദ്ദേഹം ശ്രമിച്ചു. എന്നാല്‍ ഈ സവര്‍ക്കര്‍ ചെയ്തത് എന്തായിരുന്നു എന്ന് നമുക്കറിയാം. മാപ്പെഴുതി അയാള്‍ ക്ഷീണിച്ചു കാണും. ക്വിറ്റ് ഇന്ത്യാ സമര കാലത്തടക്കം സ്വാതന്ത്ര്യ സമര സേനാനികളെ ഒറ്റുകൊടുത്ത, ഗാന്ധിയെ ഇല്ലാതാക്കാന്‍ ആലോചനകള്‍ നടത്തിയ ഒരു സ്വയം പ്രഖ്യാപിത വീരന്‍ എങ്ങനെയാണ് ആസാദി കി അമൃത് മഹോത്സവത്തിന്റെ മുഖമാകുന്നത്?

Published

|

Last Updated

ഭാരതത്തിന്റെ ചരിത്ര ഗവേഷണ കൗണ്‍സില്‍ ഒരിക്കലും രാഷ്ട്രീയവത്കരിക്കപ്പെടേണ്ടതല്ല. ഒരു രാഷ്ട്രീയ ചട്ടുകമായി ചരിത്ര ഗവേഷണ കൗണ്‍സില്‍ മാറുന്നത് രാജ്യത്തിന്റെ വര്‍ത്തമാനത്തെയും ഭാവിയെയും അപകടകരമായി ബാധിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നമ്മള്‍ വന്ന വഴികളെ കുറിച്ച് നുണകള്‍ പറഞ്ഞു സ്ഥാപിക്കുന്ന സാഹചര്യം എങ്ങനെ നമുക്ക് നീതീകരിക്കാനാകും? നമ്മുടെ ചരിത്രവും പാരമ്പര്യവും അത്ര ലാഘവത്തോടെ സമീപിക്കേണ്ടതാണെന്ന് എങ്ങനെയാണ് ഈ ഭരണകൂടം ആലോചിക്കുന്നത്? അപകടകരമായ വര്‍ഗീയ ധ്രുവീകരണത്തിനും അങ്ങേയറ്റം നീചമായ മറ്റു രാഷ്ട്രീയ താത്പര്യങ്ങള്‍ക്കും വേണ്ടി കുഴലൂതുന്ന ഒരു സഭയായി വലിയ അക്കാദമിക പാരമ്പര്യമുള്ള ഐ സി എച്ച് ആര്‍ അധഃപതിക്കുന്നതിന്റെ നേര്‍ക്കാഴ്ചകളാണ് നമ്മളിപ്പോള്‍ കാണുന്നത്.

ആദ്യം സ്വാതന്ത്ര്യ സമര ചരിത്രത്തിലെ രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് മലബാര്‍ വിപ്ലവ കാലത്തെ നേതാക്കളെയും പോരാളികളെയും ഒഴിവാക്കി. 1921ലെ മലബാര്‍ സമരങ്ങള്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും അത് വര്‍ഗീയ കലാപമായിരുന്നെന്നും ഐ സി എച്ച് ആര്‍ പാനല്‍ “കണ്ടെത്തി.’ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും പ്രൗഢമായ ഒരു അധ്യായത്തെ എത്ര എളുപ്പത്തിലാണ് അവര്‍ കരിവാരിത്തേക്കുന്നത്. ബ്രിട്ടീഷ് അനുകൂലികള്‍ക്കും ബ്രിട്ടീഷുകാര്‍ക്കുമെതിരെ ദേശസ്‌നേഹികളായ വീരന്മാരുടെ പോരാട്ടമായിരുന്നു 1921ലെ മലബാര്‍ സമരങ്ങള്‍. ജാലിയന്‍ വാലാബാഗ് പോലെ തന്നെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഏറ്റവും വേദനാജനകമായ ഒരു സംഭവമാണ് വാഗണ്‍ കൂട്ടക്കുരുതി. ബ്രിട്ടീഷ് അധിനിവേശ ശക്തികളുടെ ഈ ക്രൂരതയില്‍ രക്തസാക്ഷികളായവരെ കൂടി രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കം ചെയ്ത നടപടി എത്രമേല്‍ ധിക്കാരപരമാണ്!

നമ്മുടെ രാജ്യം സ്വാതന്ത്ര്യ ലബ്ധിയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് സ്വാതന്ത്ര്യ സമര ചരിത്രത്തെ ഇങ്ങനെ വികലപ്പെടുത്തുന്നത് എന്നത് ശ്രദ്ധിക്കണം. എഴുപത്തിയഞ്ചിന്റെ ജൂബിലി ആഘോഷം ആസാദി കി അമൃത് മഹോത്സവമായി ആഘോഷിക്കുന്നതിന്റെ പരിപാടികളിലും ഐ സി എച്ച് ആര്‍ അക്രമം തുടരുകയാണ്. കൗണ്‍സിലിന്റെ വെബ്സൈറ്റില്‍ ജൂബിലി ആഘോഷത്തിന്റെ പോസ്റ്ററില്‍ നല്‍കിയത് ഏഴ് ദേശീയ നേതാക്കളുടെയും ഒരു ഒറ്റുകാരന്റെയും പടമാണ്. ദേശത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഏറ്റവും പ്രധാനികളായ ആദ്യ എട്ട് ദേശീയ നേതാക്കളുടെ പട്ടികയില്‍ നിര്‍ബന്ധമായും കടന്നുവരേണ്ട ജവഹര്‍ലാല്‍ നെഹ്റുവും മൗലാനാ ആസാദുമില്ല. ആസാദും തിലകും തുടങ്ങി മറ്റു നേതാക്കളുടെ അഭാവം ഒരു ചര്‍ച്ചക്ക് മാറ്റി വെക്കാമെന്ന് കരുതിയാല്‍ തന്നെ നെഹ്റു എങ്ങനെ അവഗണിക്കപ്പെടും? ഇതെങ്ങനെ അംഗീകരിക്കാനാകും? നെഹ്‌റുവിന്റെ സമര ചരിത്രത്തിലെ സ്ഥാനവും സാന്നിധ്യവും അങ്ങനെ ലളിതമായി മറക്കാന്‍ കഴിയുന്നത് സംഘത്തിന്റെ ധിക്കാരപരമായ രാഷ്ട്രീയമല്ലാതെ മറ്റെന്താണ്?

മോദി സര്‍ക്കാര്‍ കാര്‍ഷിക മേഖലയില്‍ അടിച്ചേല്‍പ്പിക്കുന്ന കിരാത നിയമങ്ങള്‍ക്കെതിരെ ഇന്ദ്രപ്രസ്ഥത്തില്‍ കര്‍ഷകരുടെ സമരങ്ങള്‍ തുടരുന്ന സാഹചര്യം പേടിച്ചിട്ടായിരിക്കണം 56 ഇഞ്ചിന്റെ നെഞ്ചളവ് പറഞ്ഞ് അഹങ്കരിക്കുന്ന പ്രജാപതിക്ക് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പരിപാടിക്ക് കൂറ്റന്‍ കണ്ടെയ്നറുകള്‍ അടുക്കി വെച്ച് ഇരുമ്പ് മതില്‍ പണിയേണ്ടി വന്നത്! ആ കണ്ടെയ്‌നര്‍ മതിലിന്റെ ഉള്‍ഭാഗത്ത് ആലേഖനം ചെയ്ത ദേശീയ നേതാക്കളുടെ ചിത്രങ്ങള്‍ക്കിടയിലും നെഹ്റു ഉണ്ടായിരുന്നില്ല. അല്ലെങ്കിലും മോദിക്ക് നെഹ്റുവിന്റെ ചിത്രത്തിന്റെ നേരേ പോലും നില്‍ക്കാനുള്ള ധൈര്യം കാണില്ല എന്നാര്‍ക്കാണ് അറിയാത്തത്.
നെഹ്റുവിന്റെ പാരമ്പര്യത്തെ മായ്ച്ചു കളയാനുള്ള ശ്രമം സംഘ്പരിവാരം ഇന്നലെ ആരംഭിച്ചതല്ല. സ്വാതന്ത്ര്യ സമര കാലത്തും സ്വാതന്ത്ര്യ ശേഷവും സംഘത്തിന്റെ നീചവൃത്തികളെ നെഹ്റു എതിര്‍ത്തതിന്റെ ദേഷ്യം അവര്‍ക്കുണ്ടാകണമല്ലോ. സംഘം കൊന്നുകളഞ്ഞ മഹാത്മാ ഗാന്ധിയുടെ കണ്ണടയെങ്കിലും കൈയടക്കിക്കളയാമെന്ന് ധരിച്ചിട്ടാണ് സ്വഛ് ഭാരത് അഭിയാന്റെ ലോഗോ ഗാന്ധിയുടെ കണ്ണടയില്‍ കൊണ്ടുവന്നത്. ഗാന്ധി ഘാതകനായ ഗോഡ്‌സെയെ പൂജിക്കുമ്പോഴും ഗാന്ധിയെ കൊള്ളുന്നു എന്ന് നടിക്കാന്‍ സംഘത്തിന് തൊലിക്കട്ടിയുണ്ട്. ആര്‍ എസ് എസിനെ നിരോധിച്ച സര്‍ദാര്‍ പട്ടേലിനെ തങ്ങളുടേതാക്കാന്‍ സംഘ്പരിവാരത്തിന് ഉളുപ്പ് കുറവുണ്ട്. അപ്പോഴും നെഹ്റു അവര്‍ക്ക് ഏതുവിധേനയിലും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന വ്യക്തിയോ പാരമ്പര്യമോ ആകുന്നില്ല എന്നതാണ് നെഹ്റുവിന്റെ പ്രത്യേകത തന്നെ. നെഹ്റുവിനെതിരില്‍ സര്‍ദാര്‍ പട്ടേലിനെ പ്രതിഷ്ഠിച്ച് തങ്ങളുടെ ധ്രുവീകരണ രാഷ്ട്രീയത്തിന് ഒരു കപട പാരമ്പര്യം മെനഞ്ഞെടുക്കാമെന്ന് സംഘം കരുതിയിരുന്നെങ്കിലും ഇപ്പോള്‍ അത് പാതിവഴിയില്‍ ഉപേക്ഷിച്ച മട്ടാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ മറുപക്ഷത്ത് കൊണ്ടുപോയി നിര്‍ത്താന്‍ മാത്രം തലയെടുപ്പുള്ള ഒരു മൂര്‍ത്തി സംഘ്പരിവാരത്തിന് കിട്ടാനില്ല എന്നവര്‍ക്ക് വൈകിയാണെങ്കിലും മനസ്സിലായിട്ടുണ്ട്. അതുകൊണ്ടാകണം നെഹ്റുവിനെ പാടെ ഉപേക്ഷിക്കാനും അദൃശ്യവത്കരിക്കാനും സംഘ്പരിവാരം കിണഞ്ഞു പരിശ്രമിക്കുന്നത്.

നെഹ്റുവിനെ ഒഴിവാക്കാനുള്ള ഐ സി എച്ച് ആറിന്റെ ശ്രമം കൗണ്‍സിലിലെ വിവര ദോഷികളുടെ മണ്ടത്തരം എന്ന് പറഞ്ഞാല്‍ അവസാനിക്കില്ലെന്നും അതേസമയം, ഇത് മോദി സര്‍ക്കാറിന്റെ താത്പര്യമാണെന്നുമാണല്ലോ പറഞ്ഞുവരുന്നത്. ഈ നാണമില്ലായ്മയുടെ വ്യാപ്തി വ്യക്തമാകുന്നത് ദേശീയ സ്വാതന്ത്ര്യ സമര നേതാക്കളുടെ കൂടെ വി ഡി സവര്‍ക്കര്‍ എന്ന ഗാന്ധി വധത്തിലെ ഗൂഢാലോചനാ കുറ്റം ചുമത്തപ്പെട്ട ബ്രിട്ടീഷ് അധിനിവേശത്തിന് മുന്നില്‍ തലകുനിച്ച് വണങ്ങിനിന്ന ഒരാളെ ചേര്‍ത്തുവെക്കുന്ന സാഹചര്യത്തിലാണ്.

ബ്രിട്ടീഷ് വിരുദ്ധ മുന്നേറ്റങ്ങളുടെ പേരില്‍ മുവ്വായിരത്തിലധികം ദിവസങ്ങള്‍ ജവഹര്‍ലാല്‍ നെഹ്റു വിവിധ ജയിലുകളില്‍ കഴിഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെയും ലോകപ്രശസ്തമായ ഗ്രന്ഥങ്ങള്‍ രചിക്കാനും സ്വാതന്ത്ര്യ സമരം ഊര്‍ജിതപ്പെടുത്താനുള്ള പദ്ധതികള്‍ തയ്യാറാക്കാനും അദ്ദേഹം ശ്രമിച്ചു. എന്നാല്‍ ഈ സവര്‍ക്കര്‍ ചെയ്തത് എന്തായിരുന്നു എന്ന് നമുക്കറിയാം. മാപ്പെഴുതി അയാള്‍ ക്ഷീണിച്ചു കാണും. ജയിലില്‍ നിന്ന് വിട്ടയച്ചാല്‍ ബ്രിട്ടീഷ് അധിനിവേശത്തിന് വിടുവേല ചെയ്യാമെന്ന് സത്യം പറഞ്ഞ, ക്വിറ്റ് ഇന്ത്യാ സമര കാലത്തടക്കം സ്വാതന്ത്ര്യ സമര സേനാനികളെ ഒറ്റുകൊടുത്ത, രാജ്യത്തിന്റെ വെളിച്ചമായിരുന്ന മഹാത്മാ ഗാന്ധിയെ പറ്റി അണികളില്‍ വെറുപ്പ് പടര്‍ത്തിയ, മഹാത്മാവിനെ ഇല്ലാതാക്കാന്‍ ആലോചനകള്‍ നടത്തിയ ഒരു സ്വയം പ്രഖ്യാപിത വീരന്‍ എങ്ങനെയാണ് ആസാദി കി അമൃത് മഹോത്സവത്തിന്റെ മുഖമാകുന്നത്?

എന്‍ സി ഇ ആര്‍ ടിയുടെ ചരിത്ര പാഠപുസ്തകങ്ങള്‍ മാറ്റിത്തിരുത്തലുകള്‍ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സംഘ്പരിവാര്‍ സംഘടനകള്‍ നാളേറെയായി രംഗത്തുണ്ട്. ഞാന്‍ അംഗമായ പാര്‍ലിമെന്റിന്റെ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിയില്‍ സംഘ്പരിവാറിന്റെ താത്വിക സംഘടനകളെ ഇതുസംബന്ധിച്ച വിഷയാവതരണങ്ങള്‍ക്ക് പല തവണയാണ് സര്‍ക്കാര്‍ ക്ഷണിച്ചത്. ഭാരതത്തില്‍ നിലനിന്നിരുന്ന ജാതീയത അടക്കമുള്ള വിപത്തുകളെ ലഘൂകരിച്ചും വിവിധ സാമ്രാജ്യങ്ങള്‍ക്കിടയിലുണ്ടായിരുന്ന രാഷ്ട്രീയ തര്‍ക്കങ്ങളെ മതപരമായ വര്‍ഗീകരണം നടത്തിയും വലിയ അപകടമാണ് അവരുടെ നിര്‍ദേശത്തിലുള്ള ചരിത്ര പാഠപുസ്തകങ്ങള്‍ വഹിക്കുന്നത്. ഇങ്ങനെയൊരു നീക്കം എന്തുവിലകൊടുത്തും എതിര്‍ക്കുമെന്ന് തന്നെയാണ് തീരുമാനം. നാം നമ്മുടെ ഭൂതകാലത്തെ കുറിച്ച് നല്ല ബോധ്യമുള്ളവരാകുക പരമ പ്രധാനമാണ്. കാരണം ഒരു സംഘ്പരിവാര്‍ ഫാസിസ്റ്റ് ഭരണകൂടം അവര്‍ക്കത്രമേല്‍ പേടിയുള്ള ചരിത്രത്തെയും പാരമ്പര്യത്തെയും വികലമാക്കാന്‍ ഏതറ്റം വരെയും പോകും. അതിനാല്‍ നമുക്ക് വേണ്ടത് വലിയ ജാഗ്രതയാണ്.

Latest