Kerala
ശബരിമല സ്വര്‍ണക്കൊള്ള കേസ്: തന്ത്രി കണ്ഠര് രാജീവരുടെ റിമാന്‍ഡ് വീണ്ടും നീട്ടി
14 ദിവസത്തേക്കാണ് റിമാന്‍ഡ് നീട്ടിയത്. ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഓണ്‍ലൈനായാണ് തന്ത്രിയെ കോടതിയില്‍ ഹാജരാക്കിയത്.
കൊല്ലം| ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവരുടെ റിമാന്‍ഡ് 14 ദിവസത്തേക്ക് വീണ്ടും നീട്ടി. കൊല്ലം വിജിലന്‍സ് കോടതിയാണ് റിമാന്‍ഡ് നീട്ടിയത്. ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഓണ്‍ലൈനായിട്ടാണ് തന്ത്രിയെ കോടതിയില്‍ ഹാജരാക്കിയത്. തന്ത്രിയുടെ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് കോടതി റിമാന്‍ഡ് നീട്ടിയത്.
കേസില്‍ തന്ത്രി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഈ മാസം 9ന് കോടതി വിശദമായ വാദം കേള്‍ക്കും. കട്ടിളപ്പാളി കേസിലും രണ്ടാമത് അറസ്റ്റിലായ ദ്വാരപാലക കേസിലും തന്ത്രി ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്നും ആചാരപരമായ കാര്യങ്ങള്‍ മാത്രമാണ് ചെയ്തതെന്നും പ്രതികളുമായി നേരിട്ടു ബന്ധമില്ല എന്നീ വാദങ്ങളാണ് ജാമ്യാപേക്ഷയില്‍ തന്ത്രി ഉന്നയിച്ചിട്ടുള്ളത്.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊല്ലം കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. ഇതോടെ രണ്ടുകേസിലും ജാമ്യം ലഭിച്ച പോറ്റി ഉടന്‍ പുറത്തിറങ്ങും. റിമാന്‍ഡിലായി 90 ദിവസം പൂര്‍ത്തിയായത് കാണിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യഹരജിയിലാണ് കോടതി വിധി പറഞ്ഞത്. കഴിഞ്ഞ ദിവസം ജാമ്യഹരജിയില്‍ വാദം പൂര്‍ത്തിയായിരുന്നു. കേസില്‍ ജയില്‍ മോചിതനാകുന്ന നാലാമത്തെ ആളാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. ശബരിമല മുന്‍ അഡ്മിനിസ്‌ട്രെറ്റീവ് ഓഫീസര്‍മാരായ മുരാരി ബാബു, എസ് ശ്രീകുമാര്‍, എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന സുധീഷ് കുമാര്‍ എന്നിവരാണ് നേരത്തെ ജയില്‍ മോചിതരായവര്‍. 2025 നവംബര്‍ മൂന്നിനാണ് കട്ടിളപ്പാളി കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റിലാകുന്നത്.



