aathmeeyam
വിശ്വാസിയുടെ കവചം
ജീവിത വിജയം സാധ്യമാകണമെങ്കിൽ ദേഹേച്ഛകളെയും വ്യാമോഹങ്ങളെയും നിയന്ത്രിക്കൽ അനിവാര്യമാണ്. മനുഷ്യന്റെ ഉള്ളും പുറവും വൃത്തിയാക്കുന്നതിനാണ് ആരാധനകളെ അല്ലാഹു സംവിധാനിച്ചത്. എല്ലാതരം നിയന്ത്രണങ്ങളും ശുദ്ധീകരണവും സാധ്യമാക്കുന്ന മഹത്തായ ആരാധനയാണ് വ്രതം. ശരീരം, മനസ്സ്, ആത്മാവ് എന്നീ മൂന്ന് തലങ്ങളിലും വ്രതം ശക്തമായ മാറ്റങ്ങളുണ്ടാക്കുന്നു. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങൾ മാറ്റി നിർത്തിയും വികാര വിചാരങ്ങളെ നിയന്ത്രിച്ചും ശരീരത്തെയും മനസ്സിനെയും ശക്തമായി മെരുക്കിയെടുക്കാന്‍ വ്രതം സഹായിക്കുന്നു.

മനുഷ്യൻ ഒരു മഹാത്ഭുതമാണ്. മനുഷ്യത്വത്തിന് ശരീരം, മനസ്സ്, ആത്മാവ് എന്നീ മൂന്ന് പ്രധാന വശങ്ങളാണുള്ളത്. ആത്മാവിന്റെ വാഹനമായ ശരീരത്തിൽ നിന്നും മരണത്തോടെ ആത്മാവ് പിരിഞ്ഞാലും അവിനാശിയായ ആത്മാവ് അനശ്വരലോകത്ത് അവശേഷിക്കുന്നു. ശരീരത്തിന്റെയും മനസ്സിന്റെയും മാറ്റങ്ങൾക്കനുസരിച്ചാണ് ആത്മാവിന് മാറ്റമുണ്ടാവുന്നത്. സുഖലോലുപതയുടെ പിന്നാലെ പായുകയെന്നതാണ് ശരീരം ഇഛിക്കുന്നതും മനസ്സ് താത്പര്യപ്പെടുന്നതും. ഇഛാസ്വാതന്ത്ര്യം നൽകപ്പെട്ട മനുഷ്യന് നിയതമായ നിയന്ത്രണങ്ങളില്ലെങ്കിൽ മൃഗത്തേക്കാൾ അവൻ അധഃപതിക്കുകയും സർവനാശത്തിൽ ഭവിക്കുകയും ചെയ്യും.
ജീവിത വിജയം സാധ്യമാകണമെങ്കിൽ ദേഹേച്ഛകളെയും വ്യാമോഹങ്ങളെയും നിയന്ത്രിക്കൽ അനിവാര്യമാണ്. മനുഷ്യന്റെ ഉള്ളും പുറവും വൃത്തിയാക്കുന്നതിനാണ് ആരാധനകളെ അല്ലാഹു സംവിധാനിച്ചത്. എല്ലാതരം നിയന്ത്രണങ്ങളും ശുദ്ധീകരണവും സാധ്യമാക്കുന്ന മഹത്തായ ആരാധനയാണ് വ്രതം. ശരീരം, മനസ്സ്, ആത്മാവ് എന്നീ മൂന്ന് തലങ്ങളിലും വ്രതം ശക്തമായ മാറ്റങ്ങളുണ്ടാക്കുന്നു. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങൾ മാറ്റി നിർത്തിയും വികാര വിചാരങ്ങളെ നിയന്ത്രിച്ചും ശരീരത്തെയും മനസ്സിനെയും ശക്തമായി മെരുക്കിയെടുക്കാന്‍ വ്രതം സഹായിക്കുന്നു. അതുകൊണ്ടാണ് തിരുനബി(സ) വ്രതത്തെ ഇങ്ങനെ പരിചയപ്പെടുത്തിയത്: “നോമ്പ് ഒരു പരിചയാണ്, സത്യവിശ്വാസി അതുമുഖേന നരകത്തെ പ്രതിരോധിക്കുന്നു’. (അഹ്മദ്).
വിശുദ്ധ ഇസ്്ലാം നോമ്പിനെ വിശേഷിപ്പിക്കുന്നത് പരിച, കവചം, മറ, തടസ്സം എന്നൊക്കെ അർഥമുള്ള “ജുന്നത്’ എന്ന പദംകൊണ്ടാണ്. ധാരാളം ഹദീസുകളിൽ ഇത് വന്നിട്ടുണ്ട്. കോട്ട, രക്ഷാ സങ്കേതം എന്നർഥമുള്ള “ഹിസ്വൻ’ എന്ന പദവും പ്രയോഗിച്ചിട്ടുണ്ട്. കത്തിജ്വലിക്കുന്ന നരകത്തിലും നാളെകളെ നഷ്ടമാക്കുന്ന നാശത്തിലും ചെന്നുപെടുന്നതിൽ നിന്നുള്ള മറയും പാപങ്ങളും വിപത്തുകളും നാശങ്ങളും ബാധിക്കുന്നതിൽ നിന്നുള്ള പരിചയുമാണ് യഥാർഥത്തിൽ നോമ്പ്. ജാബിർ(റ) നിവേദനം: നബി(സ) പറഞ്ഞു: നോമ്പ് ഒരു പരിചയാണ്. ഒരടിമ അതുപയോഗിച്ച് നരകത്തിൽ നിന്നും പരിരക്ഷ തേടുന്നു (സ്വഹീഹുൽ ജാമിഅ്). ഉസ്മാൻ (റ) നിവേദനം. നബി(സ) പറഞ്ഞു: “യുദ്ധത്തിൽ ഉപയോഗിക്കുന്ന പരിച പോലെയുള്ള ഒരു പരിചയാണ് നോമ്പ്. (നസാഈ). “പോർമുഖത്ത് പരിച നിങ്ങൾക്ക് കാവലെന്ന പോലെ നോമ്പ് നരകത്തിൽ നിന്നുള്ള കാവലാണ്’ (ഇബ്‌നുമാജ). “നിങ്ങൾ നോമ്പനുഷ്ഠിക്കുക, നിശ്ചയം അത് നരകത്തിൽ നിന്നും ദുരിതങ്ങളിൽ നിന്നുമുള്ള കാവലാണ്’ (അൽജാമിഉസ്സഗീർ). “എന്റെ ദാസൻ നരകത്തെ തൊട്ട് മറയായി ഉപയോഗിക്കുന്ന പരിചയാണ് നോമ്പ്. അത് എനിക്കുള്ളതാണ്. അതിനുള്ള പ്രതിഫലം ഞാൻ നൽകുന്നതാണ് എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്’. (അഹ്‌മദ്).
ചുരുക്കത്തിൽ നോമ്പുകാരന്റെയും നരകത്തിന്റെയും ഇടയിൽ തടസ്സമായി നിൽക്കുന്ന മറയാണ് വ്രതം. അമ്പിനെ പരിച പ്രതിരോധിക്കും പ്രകാരം നരകത്തെയും പാപങ്ങളെയും നോമ്പ് പ്രതിരോധിക്കും. ശാരീരിക വികാരങ്ങളെ ഇല്ലാതാക്കിയും അവയവങ്ങളെ തെറ്റുകളിൽ നിന്ന് സംരക്ഷിച്ചും അതു മുഖേന നരക ശിക്ഷയിൽ നിന്നു മോചനവും അത് നൽകുന്നു. കേവലം വിശപ്പും ദാഹവും സഹിക്കലല്ല നോമ്പിന്റെ അകക്കാമ്പ്, ആരാധനയുടെ മാധുര്യം തിരിച്ചറിയലാണ്. ദാര്‍ശനികനായ ഇമാം ഗസ്സാലി(റ) പറയുന്നു: ഭക്ഷണം, സംസാരം, വികാരം എന്നീ മൂന്ന് ഘടകങ്ങളെയും നിയന്ത്രിക്കുമ്പോഴാണ് വ്രതം ലക്ഷ്യത്തിലെത്തുന്നത്. ഇതില്‍ ഭക്ഷണം കഴിക്കുന്നതു മാത്രം നിയന്ത്രിക്കുന്നതുകൊണ്ട് നോമ്പിന്റെ പ്രാഥമിക ലക്ഷ്യം മാത്രമേ പൂര്‍ത്തിയാക്കപ്പെടുന്നുള്ളൂ. സർവവിധ തെറ്റായ വികാര വിചാരങ്ങളിൽ നിന്നും ആത്മനിയന്ത്രണം നേടിയെടുക്കുമ്പോഴാണ് നോമ്പ് സാര്‍ഥകമാകുന്നത്.