Connect with us

governor

ആരിഫ് മുഹമ്മദ് ഖാന്റെ നടപടികള്‍ നീതീകരിക്കാനാകാനാവില്ല: മുന്‍ വി സി മാര്‍

ചാന്‍സലറില്‍ നിന്ന് ഉണ്ടാകുന്നത് നീതീകരിക്കാനാകാത്ത നടപടികളും നിലപാടുകളുമാണ്.

Published

|

Last Updated

തിരുവനന്തപുരം | ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികള്‍ നീതീകരിക്കാനാകാനാവില്ലെന്നു മുന്‍ വി സിമാര്‍. കേരളത്തിലെ സര്‍വകലാശാലകള്‍ അഭിമാനകരമായ മുന്നേറ്റത്തിലായിരുന്നു. സര്‍വകലാശാലകളുടെ അക്കാദമിക മുന്നേറ്റങ്ങള്‍ ഒരു കൂട്ടുത്തരവാദിത്വമാണ്. അതിനാവശ്യമായ പിന്തുണയാണ് സര്‍വകലാശാലയുടെ ചാന്‍സലറില്‍ നിന്നുണ്ടാകേണ്ടത്.

നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞകുറേക്കാലമായി കേരളത്തിലെ സര്‍വകലാശാലകളില്‍ ചാന്‍സലറില്‍ നിന്ന് ഉണ്ടാകുന്നത് നീതീകരിക്കാനാകാത്ത നടപടികളും നിലപാടുകളുമാണ്. സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുമ്പോഴും വൈസ് ചാന്‍സലര്‍മാരോടുള്ള പെരുമാറ്റങ്ങളിലുമുള്‍പ്പെടെ ചാന്‍സലറുടെ പ്രവര്‍ത്തനരീതികള്‍പലതും ആ സ്ഥാനത്തിന് ചേരുന്നതല്ലെന്ന് പറയാതിരിക്കാനാകില്ലെന്നും മുന്‍ വി.സിമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

സര്‍വകലാശാലകളൂടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍പോലും പലതരത്തില്‍ തടസ്സപ്പെടുകയാണിപ്പോള്‍. ഒട്ടേറെ വിഷയങ്ങള്‍ അപരിഹാര്യമായി നീങ്ങുന്നു. സെനറ്റുകളിലെ നോമിനേഷനില്‍ തികഞ്ഞ യോഗ്യതയുള്ളവരെ സര്‍വകലാശാലകളുമായി ആലോചിച്ച് തീരുമാനിക്കുകയെന്ന സാമാന്യ ജനാധിപത്യപ്രക്രിയപോലും പറ്റില്ലെന്ന ചാന്‍സലറുടെ വാദം അംഗീകരിക്കാനാകില്ല. സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന മുന്‍ചാന്‍സലര്‍ പോലും സ്വീകരിച്ചു വന്നിരുന്ന മുന്‍കാലരീതിയൊന്നും ബാധകമല്ലെങ്കില്‍, ഏറ്റവും പ്രമുഖരെയാണ് അദ്ദേഹം നോമിനേറ്റ് ചെയ്യേണ്ടിയിരുന്നത്.

അത് ചെയ്തില്ലെന്നുമാത്രമല്ല, മഹിതമായ ചാന്‍സലര്‍ പദവിയില്‍ നിക്ഷിപ്തമായിരിക്കുന്ന അധികാരം പദവിയ്ക്കുചേരാത്തവിധം രാഷ്ട്രീയ താത്പര്യാര്‍ഥം ഉപയോഗിക്കുന്നതാണ് പൊതുസമൂഹം കാണുന്നത്. ഇത് തികച്ചും പ്രതിഷേധാര്‍ഹമാണ്.കഴിഞ്ഞ ദിവസങ്ങളില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ചാന്‍സലറുടെ സ്ഥാനത്തിന് ഒരു തരത്തിലും യോഗ്യമല്ലെന്ന് പറയാതിരിക്കാനാകില്ല. കാലിക്കറ്റ് സര്‍വകലാശാലാ ഗസ്റ്റ് ഹൗസിനു മുന്നിലെ ആള്‍ക്കൂട്ടത്തിന് നടുവില്‍വച്ച് സര്‍വകലാശാലയുടെ വൈസ് ചാന്‍സറോടുള്ള ചാന്‍സലറുടെപെരുമാറ്റം പൂര്‍ണമായും തിരുത്തപ്പെടേണ്ടതാണ്. ഇതൊന്നും കേരളത്തിന്റെ പൊതുമനസ്സിന് അംഗീകരിക്കാനാകില്ല.

അതുകൊണ്ടുതന്നെ കേരളത്തിന്റെ വികാസ-പരിണാമങ്ങളില്‍ വിളക്കും വെളിച്ചവുമായ സര്‍വകലാശാലകള്‍ക്കുമുകളില്‍ ചാന്‍സലറുടെ കുതിരകയറ്റം അവസാനിപ്പിക്കണമെന്നും പ്രമുഖരായ ചാന്‍സലര്‍ മാരുടെ പൂര്‍വകാല പ്രവര്‍ത്തന മാതൃകകള്‍ ദയവായി ആരിഫ്മുഹമ്മദ്ഖാന്‍ മനസ്സിലാക്കണമെന്നും മുന്‍ വി സിമാര്‍ ആവശ്യപ്പെട്ടു.

ഡോ.കെ എന്‍ പണിക്കര്‍, ഡോ.രാജന്‍ഗുരുക്കള്‍, ഡോ.ബി.ഇക്ബാല്‍, ഡോ.സാബുതോമസ്, ഡോ.ഗോപിനാഥ് രവീന്ദ്രന്‍, ഡോ.ജെ പ്രസാദ്, ഡോ.ധര്‍മ്മരാജ് അടാട്ട് , ഡോ.ടി കെ നാരായണന്‍, ഡോ.കെ ജി പൗലോസ് , ഡോ.ജെ പ്രഭാഷ്, ഡോ.കെ എന്‍ ഗണേഷ്, ഡോ.എസ് അയൂബ് , ഡോ. കെ എസ് രവികുമാര്‍ (മുന്‍ പ്രോവൈസ് ചാന്‍സലര്‍), ഡോ.എന്‍ രവീന്ദ്രനാഥ് (മുന്‍ പ്രോവൈസ് ചാന്‍സലര്‍), ഡോ.എസ് രാജശേഖരന്‍ (മുന്‍ പ്രോവൈസ് ചാന്‍സലര്‍), ഡോ.എ ആര്‍രാജന്‍(സര്‍വ്വവിജ്ഞാന കോശം മുന്‍ ഡയറക്ടര്‍), ഡോ.ജെ രാജന്‍(മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ഡയറക്ടര്‍&ഡീന്‍), ഡോ.ടി എസ് അനിരുദ്ധന്‍(ശാസ്ത്രജ്ഞന്‍,യുജിസി ബി എസ് ആര്‍ ഫാക്കല്‍റ്റി ഫെലോ), ഡോ.ജമുന (കേരള സര്‍വ്വകലാശാല മുന്‍ഡീന്‍) എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്.

Latest