Kerala
ഹോണ്‍ അടിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കം: കമ്പിവടി കൊണ്ട് അടിയേറ്റയാളുടെ നില ഗുരുതരം
അഞ്ച് പേര്‍ അറസ്റ്റില്‍

പത്തനംതിട്ട | ഓട്ടോറിക്ഷയുടെ ഹോണ്‍ അടിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ കമ്പിവടി കൊണ്ട് തലക്കടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച കേസില്‍ അഞ്ച് പേരെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. അടിയേറ്റ് തലക്കുള്ളില്‍ രക്തസ്രാവമുണ്ടായ അനൂപ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിൽ ചികിത്സയിലാണ്.
ആറന്മുള ഇടശ്ശേരിമല അഖില്‍ (32), ആറന്മുള ഇടശ്ശേരിമല മേലെ വലക്കടവില്‍ വീട്ടില്‍ പൈങ്കിളി എന്ന നിഖില്‍ ശശി (33), ആറന്മുള ഇടശ്ശേരി മല പാപ്പാട്ട് തറയില്‍ വീട്ടില്‍ മനോജ് (53), പാപ്പാട്ട് തറയില്‍ വീട്ടില്‍ പ്രസാദ് (59), ആറന്മുള ഇടശ്ശേരിമല അഭിലയം വീട്ടില്‍ അഭിഷേക് ( 29) എന്നിവരാണ് അറസ്റ്റിലായത്.
19ന് രാത്രി 11.30ന് കുളമാപ്പുഴിയിലാണ് സംഭവം. ആറന്മുള ഇടശ്ശേരി മല പാപ്പാട്ട് തറയില്‍ വീട്ടില്‍ അനൂപ്, മകന്‍ അതുല്‍ അനൂപ് എന്നിവര്‍ക്കാണ് മർദനമേറ്റത്. ഓട്ടോറിക്ഷയുടെ ഹോണ്‍ അടിച്ച അനൂപുമായി പ്രതികള്‍ തര്‍ക്കം ഉണ്ടാവുകയും, അസഭ്യം വിളിക്കുകയും തുടര്‍ന്ന് ആക്രമിക്കുകയുമായിരുന്നു. അനൂപിന്റെ മകന്‍ അതുലിന്റെ മൊഴിയനുസരിച്ചാണ് ആറന്മുള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.