Connect with us

red fort blast

ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടര്‍ കൂടി അറസ്റ്റില്‍

ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയ ഉമര്‍ നബിയുടെ പുല്‍വാമയിലെ വീട് സുരക്ഷസേന പുലര്‍ച്ചെ ഐ ഇ ഡി ഉപയോഗിച്ച് പൂര്‍ണ്ണമായി തകര്‍ത്തു

Published

|

Last Updated

ന്യൂഡല്‍ഹി | ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടര്‍ കൂടി അറസ്റ്റില്‍. കേസുമായി ഇയാള്‍ക്കുള്ള ബന്ധം എന്താണെന്ന് ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടില്ല. ഡോ. ഷഹീനുമായി ബന്ധമുള്ള ഡോ.ഫറൂഖിനെനാണ് ഹാപ്പൂരില്‍ നിന്ന് പിടികൂടിയത്. തുര്‍ക്കിയില്‍ പോയ മറ്റൊരു ഡോക്ടറെ കൂടി കണ്ടെത്താനുണ്ടെന്നാണ് ഏജന്‍സികള്‍ പറയുന്നത്.

കേസില്‍ അറസ്റ്റിലായ ഡോ.ആദിലിന്റെ സഹോദരന്‍ മുസാഫിറിന്റെ നേതൃത്വത്തിലാണ് ഇവര്‍ 2021ല്‍ തുര്‍ക്കിക്ക് പോയത്. ഭീകരര്‍ സ്‌ഫോടകവസ്തു വാങ്ങിയ ഹരിയാനയിലെ നുഹുവിലും പരിശോധന നടന്നു. ചില വ്യാപാരികളെ കസ്റ്റഡിയിലെടുത്തു. അല്‍ ഫലാഹ് സര്‍വകലാശാലയില്‍ നിന്ന് നാല് പേരെ കൂടി ചോദ്യം ചെയ്യാനായി ഏജന്‍സികള്‍ കൊണ്ടുപോയി.

ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയ ഉമര്‍ നബിയുടെ പുല്‍വാമയിലെ വീട് സുരക്ഷസേന പുലര്‍ച്ചെ ഐ ഇ ഡി ഉപയോഗിച്ച് പൂര്‍ണ്ണമായി തകര്‍ത്തു. ഇതിനിടെ നാക്ക് (എന്‍ എ എ സി) കൗണ്‍സില്‍ യൂനിവേഴ്‌സിറ്റിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. എ ഗ്രേഡ് സര്‍ട്ടിഫിക്കേഷനും അസാധുവാക്കി. സര്‍വകലാശാലയില്‍ ദേശാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടും തടയാന്‍ കഴിയാതിരുന്നത് ഗുരുതര വീഴ്ച്ച എന്ന് കൗണ്‍സില്‍ വിലയിരുത്തി.

ഭീകരര്‍ക്കെതിരെ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ കടുത്ത നടപടിയെടുത്തു. അറസ്റ്റിലായ ഭീകരരുടെ എന്‍ എം സി രജിസ്‌ട്രേഷന്‍ റദ്ദാക്കി. യു എ പി എ പ്രകാരം കേസെടുത്തതോടെയാണ് നടപടി. ഡോ. മുസഫര്‍ അഹമ്മദ്, ഡോ. അദീല്‍ അഹമ്മദ് റാത്തര്‍, ഡോ. മുസമ്മില്‍ ഷക്കീല്‍, ഡോ. ഷഹീന്‍ സയിദ് എന്നിവരുടെ രജിസ്‌ട്രേഷനാണ് റദ്ദാക്കിയത്.

ഇതിനിടെ, ചെങ്കോട്ട സ്‌ഫോടനം നടത്തിയ ഭീകരന്‍ ഉമര്‍ നബിയുടെ പുല്‍വാമയിലെ വീട് തകര്‍ത്ത സംഭവത്തില്‍ വിമര്‍ശനവുമായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള രംഗത്തെത്തി. വീടുകള്‍ പൊളിക്കുന്നത് കൊണ്ട് ഭീകരവാദം അവസാനിക്കുന്നില്ലെന്നും ഇത്തരം തീരുമാനമെടുക്കുന്നവര്‍ കുറച്ചുകൂടി കാര്യങ്ങള്‍ ആലോചിക്കണമെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.

 

---- facebook comment plugin here -----

Latest