Connect with us

Kerala

കെഎസ്ഇബി ജീവനക്കാര്‍ക്ക് നേരെ വീണ്ടും ആക്രമണം; ജീപ്പിടിച്ചു വീഴ്ത്തി , ലിവര്‍ കൊണ്ടടിച്ചു

സംഭവത്തിൽ കെ എസ് ഇ ബി ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകി

Published

|

Last Updated

നീലേശ്വരം | കെഎസ്ഇബി നല്ലോംപുഴ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കേടായ മീറ്റര്‍ മാറ്റിയിടാനെത്തിയ കരാര്‍ ജീവനക്കാരെ ബൈക്കില്‍ ജീപ്പിടിച്ചു വീഴ്ത്തി ലിവര്‍ കൊണ്ട് അടിച്ചു.. ചിറ്റാരിക്കാല്‍ കാവുന്തലയിലെ എം.ജെ.ജോസഫിന്റെ വീട്ടിലെ കേടായ മീറ്റര്‍ മാറ്റിയിടാനെത്തിയ തയ്യേനിയിലെ കെ. അരുണ്‍ കുമാര്‍ (32), കെ.കെ. അനീഷ് (40) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. മീറ്റര്‍ മാറ്റിയിടുമ്പോള്‍ തന്നെ ഉപഭോക്താവ് പ്രതിഷേധിക്കുകയും നിയമ പ്രശ്‌നങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. ഓഫീസില്‍ നിന്ന് ലഭിച്ച നിര്‍ദേശപ്രകാരം ഇരുവരും ജോലി തീര്‍ത്ത് തിരിച്ചു പോയി.

പണി പൂര്‍ത്തിയാക്കി ബൈക്കില്‍ തിരിച്ചു പോകുന്നതിനിടെ ജീപ്പില്‍ പിന്നാലെയെത്തിയ, ജോസഫിന്റെ മകന്‍ സന്തോഷ് മാരിപ്പുറം അരുണിന്റെ ബൈക്ക് ഇടിച്ചു വീഴ്ത്തി ലിവര്‍ കൊണ്ട് ആക്രമിച്ചു. മുഖത്താണ് പരിക്ക്. അരുണിന്റെ മൊബൈല്‍ ഫോണും സന്തോഷ് പിടിച്ചു വാങ്ങി.

ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട അനീഷ് നല്ലോംപുഴ ഇലക്ട്രിക്കല്‍ സെക്ഷനില്‍ വിവരമറിയിച്ചു. സബ് എഞ്ചിനീയര്‍ എ.കെ. സനിലും സഹപ്രവര്‍ത്തകരും  എത്തി രക്തത്തില്‍ കുളിച്ചു കിടന്ന അരുണിനെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. അനീഷ് ചിറ്റാരിക്കാല്‍ പോലീസില്‍ എത്തി മൊഴി നല്‍കി. സന്തോഷ് ജീപ്പെടുത്ത് സ്ഥലം വിട്ടതായാണ് പോലീസിന് ലഭിച്ച വിവരം.

Latest