Connect with us

siraj editorial

സഹകരണ മേഖലയെ തകർക്കാൻ റിസർവ് ബേങ്കും

സഹകരണ പ്രസ്ഥാനങ്ങൾക്ക് കനത്ത ആഘാതമേൽപ്പിക്കുന്ന ആർ ബി ഐയുടെ നീക്കങ്ങളെ നിയമപരമായി നേരിടാനാണ് കേരളത്തിന്റെ തീരുമാനം. സമ്പദ്ഘടനക്ക് പ്രാഥമിക സഹകരണ സംഘങ്ങൾ നൽകുന്ന താങ്ങും അവയുടെ പ്രസക്തിയും റിസർവ് ബേങ്കിനെ ബോധ്യപ്പെടുത്തുമെന്നും സഹകരണ വകുപ്പ് വ്യക്തമാക്കി

Published

|

Last Updated

സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാൻ റിസർവ് ബേങ്കിനെ ഉപയോഗപ്പെടുത്തുകയാണ് കേന്ദ്ര സർക്കാർ. സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട് അടുത്തിടെ ആർ ബി ഐ പുറപ്പെടുവിച്ച ഉത്തരവുകളും പത്രപ്പരസ്യവും ഇതിന്റെ ഭാഗമായി വേണം കാണാൻ. സഹകരണ സംഘങ്ങൾ ബേങ്ക് എന്ന പേര് ഉപയോഗിക്കരുത്. വോട്ട് അവകാശമുള്ള എ ക്ലാസ്സ് അംഗങ്ങളിൽ നിന്നു മാത്രമേ നിക്ഷേപങ്ങൾ സ്വീകരിക്കാവൂ. നോമിനൽ, അസോസ്സിയേറ്റ് അംഗങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കരുത്. സഹകരണ സംഘങ്ങളുടെ നിക്ഷേപങ്ങൾക്ക് പരിരക്ഷ ഉണ്ടായിരിക്കില്ല എന്നിവയാണ് ആർ ബി ഐയുടെ അറിയിപ്പിൽ പറയുന്നത്. ബേങ്കിംഗ് നിയന്ത്രണ നിയമത്തിൽ 2020 സെപ്തംബർ 29ന് കൊണ്ടുവന്ന ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ആർ ബി ഐയുടെ പുതിയ ഉത്തരവ്. സംസ്ഥാനത്തെ ആയിരക്കണക്കിനു വരുന്ന പ്രാഥമിക സഹകരണ ബേങ്കുകളുടെയും സഹകരണ സംഘങ്ങളുടെയും പ്രവർത്തനത്തെ ഇതു ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

സഹകരണ സംഘങ്ങളുടെ കാര്യത്തിൽ കേരളത്തിലടക്കം ഗുജറാത്ത് മോഡൽ നടപ്പക്കാനാണ് മോദി സർക്കാർ ലക്ഷ്യമിടുന്നത്. ഗുജറാത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരുന്നു അവിടുത്തെ സഹകരണ പ്രസ്ഥാനങ്ങൾ. ഈ സംഘങ്ങളിലെല്ലാം നേരത്തേ കോൺഗ്രസ്സിനായിരുന്നു സ്വാധീനം. മോദിയും ഷായും കുതന്ത്രങ്ങളിലൂടെ ഈ സഹകരണ പ്രസ്ഥാനങ്ങൾ പിടിച്ചെടുത്തു. അതുവഴിയാണ് അവിടെ ബി ജെ പി രാഷ്ട്രീയ സ്വാധീനം കൈവരിച്ചത്. ബി ജെ പിക്കു സ്വാധീനം കുറഞ്ഞ മറ്റു സംസ്ഥാനങ്ങളിലും ഈ തന്ത്രം നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ സഹകരണ മന്ത്രാലയം രൂപവത്കരിച്ചതും വകുപ്പ് അമിത് ഷായെ ഏൽപ്പിച്ചതും. കേരളത്തിലെ സഹകരണ ബേങ്കുകൾ തകരേണ്ടത് കുത്തക ബേങ്കുകളുടെ താത്പര്യം കൂടിയാണ്. സഹകരണ ബേങ്കുകളും സംഘങ്ങളും സൃഷ്ടിക്കുന്ന സമാന്തര സമ്പദ്്വ്യവസ്ഥ സംസ്ഥാനത്തിന്റെ സമ്പദ്ഘടനക്കു വലിയൊരു താങ്ങാണ്. സംസ്ഥാനത്തിന്റെ വികസനത്തിൽ ഈ മേഖലക്കു നല്ലൊരു പങ്കുണ്ട്. രണ്ട് പ്രളയങ്ങളിലും ഓഖിയിലും കൊവിഡിലും തളർന്ന കേരളത്തിനു സഹകരണ മേഖല നൽകിയ പിന്തുണ വളരെ വലുതായിരുന്നു.
ഗ്രാമീണ മേഖലയിലെ കർഷകരുടെയും സാധാരണക്കാരുടെയും ചെറിയ തുകകളാണ് സഹകരണ സ്ഥാപനങ്ങളുടെ മുഖ്യവരുമാന സ്രോതസ്സെങ്കിലും ബേങ്കിന്റെ ജനകീയാടിത്തറ കാരണം അതൊരു വലിയ നിക്ഷേപമായി മാറുന്നുണ്ട്. മൂന്ന് വർഷം മുമ്പത്തെ നബാർഡിന്റെ കണക്കു പ്രകാരം നാൽപ്പതിനായിരം കോടി രൂപയുടെ നിക്ഷേപമുണ്ട് സംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ. കേരളത്തിലെ സഹകരണ ബേങ്കുകളുടെ ജനകീയാടിത്തറ വ്യക്തമാക്കുന്ന റിസർവ് ബേങ്കിന്റെ ഒരു പഠനം 2013ൽ പുറത്തു വന്നിരുന്നു. കേരളത്തിൽ സാധാരണക്കാർ തങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾക്കു വാണിജ്യ ബേങ്കുകളേക്കാൾ ആശ്രയിക്കുന്നത് സഹകരണ ബേങ്കുകളെയാണെന്നായിരുന്നു പഠന റിപ്പോർട്ടിന്റെ ഉള്ളടക്കം.

മറ്റു പല സംസ്ഥാനങ്ങളിലും സഹകരണ മേഖല പുഷ്ടിപ്പെട്ടിട്ടുണ്ടെങ്കിലും ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും കേരളത്തിലേതുപോലെ ഇഴുകിച്ചേർന്നിട്ടില്ല. ക്ഷീരകർഷകർ, കയർ, കൈത്തറി തൊഴിലാളികൾ, നാളികേര കർഷകർ, റബ്ബർ കർഷകർ, അധ്യാപകർ, സർക്കാർ ജീവനക്കാർ, തൊഴിലാളികൾ എന്നിങ്ങനെ എല്ലാ മേഖലകളിലും വ്യാപിച്ചുകിടക്കുന്നതാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനം. നോമിനൽ, അസ്സോസിയേറ്റ് അംഗങ്ങളുടെ പിൻബലത്തിലാണ് ഇവയെല്ലാം നിലനിൽക്കുന്നത്. ഭൂരിപക്ഷവും നോമിനൽ, അസ്സോസിയേറ്റ് അംഗങ്ങളാണ് സംസ്ഥാനത്തെ സഹകരണ ബേങ്കുകളിലും സംഘങ്ങളിലും. 1,000 കോടിക്കു മുകളിൽ നിക്ഷേപമുള്ള പ്രാഥമിക സഹകരണ ബേങ്കുകളിലടക്കം ആയിരത്തിൽ താഴെ അംഗങ്ങൾക്കേ വോട്ടവകാശമുള്ളൂ. വോട്ടവകാശമുള്ള എ ക്ലാസ്സ് അംഗങ്ങളിൽ നിന്ന് മാത്രമേ നിക്ഷേപം സ്വീകരിക്കാവൂ എന്നു വന്നാൽ സഹകരണ പ്രസ്ഥാനങ്ങളിലെ നിക്ഷേപം കുത്തനെ ഇടിയുകയും അവയുടെ നിലനിൽപ്പ് തന്നെ അവതാളത്തിലാവുകയും ചെയ്യും.

സഹകരണ പ്രസ്ഥാനങ്ങൾക്കു കനത്ത ആഘാതമേൽപ്പിക്കുന്ന ആർ ബി ഐയുടെ നീക്കങ്ങളെ നിയമപരമായി നേരിടാനാണ് കേരളത്തിന്റെ തീരുമാനം. സംസ്ഥാനത്തെ സവിശേഷ സാഹചര്യത്തിൽ സമ്പദ്ഘടനക്കു പ്രാഥമിക സഹകരണ സംഘങ്ങൾ നൽകുന്ന താങ്ങും അവയുടെ പ്രസക്തിയും റിസർവ് ബേങ്കിനെ ബോധ്യപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്നും സഹകരണ വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കുകയുണ്ടായി. സഹകരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട കോടതി വിധികളുടെ അടിസ്ഥാനത്തിൽ ആർ ബി ഐയുടെ ഉത്തരവുകൾക്ക് പ്രസക്തിയില്ലെന്നാണ് സഹകരണ മന്ത്രി വി എൻ വാസൻ പറയുന്നത്. സഹകരണം സംസ്ഥാന വിഷയമാണെന്ന് 2020 സെപ്തംബറിലുണ്ടായ ഭേദഗതിക്കു ശേഷവും സുപ്രീം കോടതി വ്യക്തമാക്കിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സഹകരണ സംഘത്തിലെ അംഗങ്ങളെ, അവർ ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നുവെന്നു നോക്കി തരംതിരിച്ചു കണക്കാക്കേണ്ടതില്ലെന്ന് ആദായനികുതി ഇളവ് അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയിലും പറയുന്നുണ്ട്. ഇതടിസ്ഥാനത്തിൽ കോടതിയിൽ നിന്ന് അനുകൂലമായ വിധി സമ്പാദിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ. സഹകരണ സംഘങ്ങളുടെ നിക്ഷേപങ്ങൾക്ക് പരിരക്ഷ ഇല്ലെന്ന ആർ ബി ഐ അറിയിപ്പും ബാലിശമാണ്. കേന്ദ്ര പരിരക്ഷയില്ലെങ്കിലും സംസ്ഥാനത്തിന്റെ പരിരക്ഷയുണ്ടാകും. സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോർഡ് എന്ന ഒരു പ്രത്യേക സ്ഥാപനം തന്നെയുണ്ട് കേരളത്തിൽ. എല്ലാ സഹകരണ സംഘങ്ങളുടെയും നിക്ഷേപത്തിന് ഇതിന്റെ പരിരക്ഷയുണ്ട്. മാത്രമല്ല, ഒരു സഹകരണ സ്ഥാപനത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിലായാൽ, നിക്ഷേപകർക്ക് ബോർഡിന്റെ പരിരക്ഷയുള്ള പണം താമസമില്ലാതെ ലഭ്യമാക്കാനുള്ള കാലോചിത പരിഷ്‌കാരം കൊണ്ടുവരാനുള്ള നീക്കവും നടന്നുവരുന്നതായി മന്ത്രി വ്യക്തമാക്കുകയുണ്ടായി. സഹകരണ മേഖലയെ രാഷ്ട്രീയ പകപോക്കലിനുള്ള ഉപകരണമാക്കി മാറ്റാനുള്ള കേന്ദ്ര നീക്കത്തെ ചെറുക്കുന്നതിന് ഉചിതവും ശക്തവുമായ നടപടി സംസ്ഥാനം കൈക്കൊള്ളേണ്ടതുണ്ട്.