Connect with us

National

അധ്യാപികയുടെ നിര്‍ദ്ദേശമനുസരിച്ച് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം; ഇടപെട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍

അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി.

Published

|

Last Updated

ലക്‌നോ| ഉത്തര്‍പ്രദേശില്‍ അധ്യാപികയുടെ നിര്‍ദേശപ്രകാരം വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ പ്രിയങ്ക് കനൂംഗോ പറഞ്ഞു. കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ മുസഫര്‍ നഗര്‍ പോലീസ് അന്വേഷണം തുടങ്ങി.

മുസഫര്‍ നഗറിലെ ഒരു നവോദയ വിദ്യാലയത്തിലാണ് സംഭവം നടന്നത്. കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പുറം ലോകമറിഞ്ഞത്. ഒരു വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ മാറ്റി നിര്‍ത്തി അധ്യാപിക ശകാരിക്കുന്നതും അധ്യാപിക മറ്റ് കുട്ടികളോട് അടിക്കാന്‍ നിര്‍ദ്ദേശിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. മുഖത്ത് അടിക്കാനുള്ള നിര്‍ദ്ദേശത്തൊടൊപ്പം ശരീരത്തിന്റെ മറ്റിടങ്ങളിലും മര്‍ദ്ദിക്കാന്‍ പ്രേരിപ്പിക്കുകയുമാണ് ചെയ്തത്. ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ആളും സംഭവം ആസ്വദിക്കും വിധമുള്ള ശബ്ദം ദൃശ്യത്തില്‍ കേള്‍ക്കാം.

ഒരു മത വിഭാഗത്തില്‍ പെട്ട കുട്ടിയെ മറ്റൊരു മതത്തിലെ കുട്ടികളെ കൊണ്ട് അധ്യാപിക മര്‍ദിച്ചുവെന്ന രീതിയിലാണ് ദൃശ്യം പ്രചരിച്ചത്. കണക്കിന്റെ പട്ടിക പഠിക്കാത്തതിന് നല്‍കിയ ശിക്ഷയാണെന്നും വാദമുണ്ട്. ദൃശ്യങ്ങള്‍ കണ്ട ദേശീയ ബാലാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി. സംഭവത്തെ രാഹുല്‍ ഗാന്ധി അപലപിച്ചു. ബിജെപി വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്നതിന്റെ ദുരന്തമാണ് ക്ലാസ് മുറിയില്‍ കണ്ടതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. അധ്യാപികക്കെതിരെ നടപടി ആവശ്യപ്പെട്ട് വലിയ രോഷമാണ് ഉയരുന്നത്.

 

 

Latest