National
മൂന്നാം തവണയും മോദി തന്നെ പ്രധാനമന്ത്രിയാകുമെന്ന് അമിത് ഷാ
പുതിയ പാർലിമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം വില കുറഞ്ഞ രാഷ്ട്രീയമാണെന്നും അമിത്ഷാ

ഗുവാഹത്തി | 2024ലെ തിരഞ്ഞെടുപ്പിലും ബിജെപി വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും നരേന്ദ്ര മോദി മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പിൽ പാർട്ടി മുന്നൂറിലധികം സീറ്റുകൾ നേടുമെന്നും അമിത് ഷാ വ്യക്തമാക്കി.
പുതിയ പാർലിമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം വില കുറഞ്ഞ രാഷ്ട്രീയമാണെന്നും അമിത്ഷാ കുറ്റപ്പെടുത്തി. കോൺഗ്രസ് പാർട്ടിയുടെ സമീപനം നെഗറ്റീവാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതിയെകൊണ്ട് പാർലിമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യിപ്പിച്ചില്ല എന്നാണ് കോൺഗ്രസ് പറയുന്നത്. എന്നാൽ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സംസ്ഥാന അസംബ്ലികളുമായി ബന്ധപ്പെട്ട പരിപാടികളിൽ ഗവർണർമാരെ ക്ഷണിക്കാത്ത നിരവധി സംഭവങ്ങളുണ്ടെന്നും അദ്ദഹം ചൂണ്ടിക്കാട്ടി. നിങ്ങൾ ചെയ്യുമ്പോൾ എല്ലാം നല്ല കാര്യവും ബിജെപി ചെയ്യുമ്പോൾ ബഹിഷ്കരിക്കലുമാണ് കോൺഗ്രസിന്റെ ശൈലിയെന്നും അമിത് ഷാ പറഞ്ഞു.