Kerala
അമീബിക് മസ്തിഷ്കജ്വരം: കോഴിക്കോട് ഇന്നലെ മരിച്ച ഹോട്ടൽ തൊഴിലാളിയുടെ സഹജീവനക്കാരനും മരിച്ചത് സമാനമായ ലക്ഷണങ്ങളോടെ
ഇരുവരും ജോലി ചെയ്തിരുന്ന പന്നിയങ്കരയിലെ ഹോട്ടൽ കോർപ്പറേഷൻ അധികൃതർ അടപ്പിച്ചു

കോഴിക്കോട് | കോഴിക്കോട് മെഡിക്കൽ കോളജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഇന്നലെ മരിച്ച ഹോട്ടൽ ജീവനക്കാരന്റെ ഒപ്പം ജോലി ചെയ്തിരുന്ന ആളും സമാനമായ ലക്ഷണങ്ങളോടെയാണ് മരിച്ചതെന്ന് റിപ്പോർട്ട്. കോട്ടയം സ്വദേശിയായ ശശി കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്. ഇതോടെ ഇരുവരും ജോലി ചെയ്തിരുന്ന പന്നിയങ്കരയിലെ ഹോട്ടൽ കോർപ്പറേഷൻ അധികൃതർ അടപ്പിച്ചു. പ്രദേശത്ത് കനത്ത ജാഗ്രത പാലിക്കാനും നിർദേശം നൽകി.
മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ട ചാവക്കാട് മണത്തല മലബാരി കുഞ്ഞുമുഹമ്മദിന്റെ മകൻ റഹീം ഇന്നലെയാണ് മരിച്ചത്. ബുധനാഴ്ച അബോധാവസ്ഥയിലായ റഹീമിനെ അയൽവാസികളാണ് മെഡിക്കൽ കോളേജിലെത്തിച്ചത്. പിന്നീട് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. റഹീമിന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. റഹീമും ശശിയും ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. ഈ വീട്ടിലെ കിണറ്റിലെ വെള്ളത്തിന്റെ സാമ്പിൾ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്.
നിലവിൽ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മെഡിക്കൽ കോളേജിൽ അഞ്ചും മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ മൂന്നും സ്വകാര്യ ആശുപത്രിയിൽ ഒരു രോഗിയുമാണ് ചികിത്സയിൽ കഴിയുന്നത്. രോഗികൾ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നും അധികൃതർ അറിയിച്ചു.
രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാത്തതാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ കുഴക്കുന്നത്. ഉറവിടം കണ്ടുപിടിക്കാൻ ശാസ്ത്രീയമായ ശ്രമങ്ങളും കൂട്ടായം പ്രവർത്തനങ്ങളും നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.