Connect with us

Kerala

സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് സീറ്റ് വീതം വെക്കൽ; നടപടികളായില്ല

പുതിയ ഹജ്ജ് നയമനുസരിച്ച് നേരത്തേ സ്വകാര്യ ഗ്രുപ്പുകൾക്ക് ലഭിച്ചുകൊണ്ടിരുന്ന 30 ശതമാനം എന്ന അനുപാതം 20 ആയി കുറഞ്ഞു. ഇതിനാൽ ഇപ്രാവശ്യവും സ്വകാര്യ ഗ്രുപ്പുകൾക്കുള്ള ക്വാട്ടയിൽ കുറവ് വരും.

Published

|

Last Updated

കോഴിക്കോട് | സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്കുള്ള സീറ്റുകൾ വീതം വെക്കുന്ന കാര്യത്തിൽ നടപടികളായില്ല. സഊദി, ഇന്ത്യക്ക് നൽകുന്ന ക്വാട്ടയുടെ 80 ശതമാനം സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്കും 20 ശതമാനം സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്കുമാണ്. എന്നാൽ, ഈ ക്വാട്ട സ്വകാര്യ ഗ്രൂപ്പുകൾക്ക് ഇതുവരെയും വീതിച്ച് നൽകിയിട്ടില്ല. കൊവിഡിന് ശേഷം കഴിഞ്ഞ വർഷം നടന്ന ഹജ്ജിൽ വിവിധ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്ക് 50 വീതം സീറ്റുകളായിരുന്നു ലഭിച്ചത്.
സഊദിയിൽ നിന്ന് ലഭിച്ച മൊത്തം ക്വാട്ടയിൽ കുറവ് വന്നതിനെ തുടർന്നാണ് സ്വകാര്യ ഗ്രുപ്പുകൾക്കും ക്വാട്ടയിൽ വലിയ കുറവ് വന്നത്.

എന്നാൽ, ഇത്തവണ ഇന്ത്യക്ക് മൊത്തം 1,75,025 ക്വാട്ട ലഭിച്ചിട്ടുണ്ട്. എങ്കിലും പുതിയ ഹജ്ജ് നയമനുസരിച്ച് നേരത്തേ സ്വകാര്യ ഗ്രുപ്പുകൾക്ക് ലഭിച്ചുകൊണ്ടിരുന്ന 30 ശതമാനം എന്ന അനുപാതം 20 ആയി കുറഞ്ഞു. ഇതിനാൽ ഇപ്രാവശ്യവും സ്വകാര്യ ഗ്രുപ്പുകൾക്കുള്ള ക്വാട്ടയിൽ കുറവ് വരും.

അതേസമയം, ജി എസ് ടി കുടിശ്ശിക സംബന്ധിച്ച് സ്വകാര്യ ഗ്രൂപ്പുകൾക്ക് ആശങ്കയുണ്ട് . ജി എസ് ടി സംബന്ധിച്ച് സുപ്രീം കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. ജി എസ് ടി കുടിശ്ശിക വന്നാൽ സ്വകാര്യ ഗ്രുപ്പുകൾക്ക് വലിയ സാമ്പത്തിക ബാധ്യത വരും. കഴിഞ്ഞ വർഷം പുതിയ സ്വകാര്യ ഹജ്ജ് ഗ്രുപ്പുകളിൽ നിന്ന് ഹജ്ജിന് അപേക്ഷ ക്ഷണിച്ചിരുന്നില്ല. നിലവിലുള്ള ഗ്രുപ്പുകൾക്ക് മാത്രം ക്വാട്ട അനുവദിക്കുകയായിരുന്നു. നിലവിലുള്ള ഗ്രൂപ്പുകളിൽ നിന്ന് സന്നദ്ധത അറിയിച്ച് കൊണ്ടുള്ള സമ്മതപത്രവും സ്വീകരിച്ചിരുന്നു. സമ്മതപത്രം നൽകുമ്പോൾ മൂന്ന് ലക്ഷവും തിരഞ്ഞെടുക്കപ്പെട്ടാൽ 25 ലക്ഷം രൂപയും സെക്യൂരിറ്റി ഫീസായി അടക്കാനും നിർദേശമുണ്ടായിരുന്നു. എന്നാൽ ഇത്തവണ അപേക്ഷ സ്വീകരിക്കുന്ന നടപടികളിലോ സീറ്റുകൾ അനുവദിക്കുന്ന കാര്യത്തിലോ ഇതുവരെയും നടപടികളായിട്ടില്ല.

എന്നാൽ, സ്ഥിരമായി ക്വാട്ട ലഭിച്ചുകൊണ്ടിരിക്കുന്ന സ്വകാര്യ ഹജ്ജ് ഗ്രുപ്പുകൾ ഹജ്ജിന്റെ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുമുണ്ട്. അതേസമയം, സംസ്ഥാന ഹജ്ജ് കമ്മിറ്റികൾ മുഖേന ഹജ്ജിന് പോകാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അടുത്ത മാസം പത്ത് ആണ് അവസാന തീയതി.

അതേസമയം, ഹാജിമാർക്ക് താമസിക്കുന്നതിന് മക്കയിലെ അസീസിയയിലെ കെട്ടിടങ്ങൾ വാടകക്കെടുക്കുന്ന നടപടികൾ ആരംഭിച്ചു. ഇതിന് തയ്യാറുള്ള ഉടമകളിൽ നിന്ന് സഊദിയിലെ ഇന്ത്യൻ ഹജ്ജ് കോൺസുലേറ്റ് അപേക്ഷ ക്ഷണിച്ചു.

Latest