Connect with us

sex abuse case

ലൈംഗിക പീഡന ആരോപണം; താന്‍ സ്ഥലത്തില്ലെന്ന പ്രതികരണവുമായി പ്രജ്വല്‍ രേവണ്ണ

പ്രത്യേകാന്വേഷണ സംഘം സമന്‍സ് അയച്ചതിനു പിന്നാലെയാണ് പ്രതികരണം.

Published

|

Last Updated

ബംഗളുരു | തനിക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങളില്‍ ആദ്യമായി പ്രതികരിച്ച് ബി ജെ പി സഖ്യത്തിലെ നേതാവ് പ്രജ്വല്‍ രേവണ്ണ. അശ്ലീല വീഡിയോ വിവാദം, പീഡന പരാതി എന്നീ കേസുകളില്‍ പ്രജ്വലിനും അച്ഛനും എം എല്‍ എയുമായ രേവണ്ണക്കുമെതിരെ പ്രത്യേകാന്വേഷണ സംഘം സമന്‍സ് അയച്ചതിനു പിന്നാലെയാണ് പ്രതികരണം.

കര്‍ണാടക ഹാസനിലെ ജെ ഡി എസ് സ്ഥാനാര്‍ഥിയും മുന്‍ പ്രധാനമന്ത്രി ദേവെഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വല്‍ രേവണ്ണ എക്‌സിലൂടെയാണ് പ്രതികരണം പങ്കുവച്ചത്. അന്വേഷണവുമായി സഹകരിക്കാന്‍ ബെംഗളുരുവില്‍ താന്‍ ഇല്ല, ഇക്കാര്യം അന്വേഷണസംഘത്തെ അഭിഭാഷകന്‍ വഴി അറിയിച്ചു, അവസാനം സത്യം തെളിയും- എന്നാണ് എക്‌സ് പോസ്റ്റ്. ഇത് എവിടെ നിന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് വ്യക്തമല്ല. കമന്റ് ചെയ്യാന്‍ കഴിയാത്ത വിധമാണ് പോസ്റ്റ്. വിദേശത്ത് നിന്നാണോ പോസ്റ്റ് ചെയ്തത് അതോ ഹാസനിലെ പ്രജ്വലിന്റെ സോഷ്യല്‍ മീഡിയ ടീം പോസ്റ്റ് ചെയ്തതാണോ എന്ന് വ്യക്തമല്ല.

രാജ്യം വിട്ട പ്രജ്വലിനെ തിരികെയെത്തിക്കുന്ന കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. ഇരകളാക്കപ്പെട്ട സ്ത്രീകളില്‍ നിന്നും മൊഴിയെടുക്കും. ഹൊലെനരസിപുര സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ട ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് സമന്‍സ്. ഇതിന് മുമ്പ് തന്നെ പ്രജ്വല്‍ ലൈംഗികമായി നിരവധി സ്ത്രീകളെ പീഡിപ്പിച്ചുവെന്ന ആരോപണമുള്ളതാണ്. ഇതിന് തെളിവായി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രജ്വല്‍ രാജ്യം വിട്ടത്.

Latest