Connect with us

UAE Visa

യു എ ഇയിലെ എല്ലാ എമിറേറ്റുകളും പ്രവേശ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നു; വിസ കാലാവധി കഴിഞ്ഞവര്‍ക്കും ആശ്വാസം

വിദേശത്ത് കുടുങ്ങിയവരുടെ താമസ വിസ കാലാവധി ദുബൈ നീട്ടി

Published

|

Last Updated

ദുബൈ | ദുബൈക്ക് പിന്നാലെ യു എ ഇയില്‍ മറ്റു എമിറേറ്റുകളും വിദേശികള്‍ക്ക് പ്രവേശ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നു. ഐ സി എ അനുമതിയുണ്ടെങ്കില്‍ യു എ ഇ താമസ വിസക്കാരനാണെങ്കില്‍ ആറ് മാസത്തില്‍ അധികം നാട്ടിലുള്ളവര്‍ക്കും യു എ ഇയില്‍ എത്താന്‍ യാതൊരു പ്രയാസവുമില്ലെന്ന് ഷാര്‍ജയില്‍ അനുഭവസ്ഥര്‍ വ്യക്തമാക്കി. എവിടെ നിന്ന് കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തിയെന്നത് പ്രസക്തമല്ല. ആര്‍ ടി പി സി ആര്‍, നാട്ടിലെ വിമാനത്താവളത്തിലെ കൊവിഡ് ദ്രുത പരിശോധന എന്നിവയില്‍ കൊവിഡില്ല രേഖ വേണമെന്നേ ഉള്ളൂ.

ഇന്ത്യയടക്കം സൗഹൃദ രാജ്യക്കാര്‍ക്ക് എല്ലാ എമിറേറ്റുകളും പ്രത്യേക പരിഗണന നല്‍കുന്നുണ്ട്.  ദുബൈ ഏതാനും ദിവസങ്ങള്‍ക്കകം ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശക വിസ അനുവദിക്കും. വേറെ രാജ്യങ്ങള്‍ വഴി യു എ ഇയിലെത്താന്‍ ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശക വിസ നല്‍കിവരുന്നു. ട്രാന്‍സിറ്റ് രാജ്യത്തു 14 ദിവസത്തെ ക്വാറന്റൈനാണ് നിബന്ധന.

വിമാന യാത്ര സാധ്യമാകാതെ നാട്ടില്‍ കുടുങ്ങി വിസ കാലാവധി കഴിഞ്ഞ അനേകം പേര്‍ യു എ ഇ ഈയിടെ പ്രഖ്യാപിച്ച ഇളവ് പ്രകാരം തിരിച്ചെത്തിയിട്ടുണ്ട്. നാട്ടില്‍ നിന്ന് യാത്ര പുറപ്പെടുന്നതിനു മുമ്പ് ഐ സി എ അനുമതി നേടിയാല്‍ മതി. ദുബൈ വിസക്കാരാണെങ്കില്‍ ജി ഡി ആര്‍ എഫ് എ അനുമതിയാണ് വേണ്ടത്. താമസവിസാ കാലാവധിയുള്ളവരും അനുമതി നേടണം. ഈ രേഖയാണ് യു എ ഇ പ്രവേശത്തിന് അടിസ്ഥാന രേഖയായി കണക്കാക്കുന്നത്.

ഇതിനിടെ വിദേശത്ത് കുടുങ്ങിയവരുടെ താമസ വിസ കാലാവധി ദുബൈ നീട്ടി. 2021 നവംബര്‍ പത്ത് വരെയാണ് നീട്ടിയത്. 2021 ഏപ്രില്‍ 20നും 2021 നവംബര്‍ ഒന്പതിനും ഇടയില്‍ കാലഹരണപ്പെട്ടതോ കാലഹരണപ്പെടുന്നതോ ആയ യു എ ഇ താമസ വിസകള്‍ക്ക് ഇത് ബാധകമാണ്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സ് ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് (ജി ഡി ആര്‍ എഫ് എ)അറിയിച്ചതാണിത്. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കു സൗകര്യം ഉപയോഗപ്പെടുത്താം.

നിലവില്‍, വിമാനങ്ങള്‍ നിര്‍ത്തിവച്ചതിനാല്‍ ആയിരക്കണക്കിന് താമസക്കാര്‍ വിദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. 2020 ഒക്ടോബര്‍ 20ന് മുമ്പ് പോയവര്‍ ഇതേക്കുറിച്ച് ആശങ്കയിലായിരുന്നു.

കേരളത്തില്‍ നിന്ന് മിക്ക എയര്‍ലൈനറുകളും സര്‍വീസ് ആരംഭിച്ചു. അതുകൊണ്ട് തന്നെ ടിക്കറ്റ് നിരക്ക് കുറഞ്ഞു. ശരാശരി 20,000 രൂപയാണ് നിരക്ക്. നാട്ടില്‍ ആര്‍ ടി പി സി ആര്‍ പരിശോധനക്ക് 500 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍ വിമാനത്താവളത്തിലെ ദ്രുത പരിശോധനക്ക് 2500 രൂപ നല്‍കണം. ധാരാളം ഗള്‍ഫ് മലയാളികള്‍ യാത്രക്കാരായുള്ള കരിപ്പൂരില്‍ രേഖകള്‍ പരിശോധിക്കുന്ന ഇടങ്ങളില്‍ മതിയായ സൗകര്യം ഇല്ലാത്തത് യാത്രക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രയാസം സൃഷ്ടിക്കുന്നു. പലപ്പോഴും നീണ്ടനിര രൂപപ്പെടുന്നുണ്ട്.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്