Kerala
രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറി; എം ആര്‍ അജിത് കുമാറിനെതിരായ വകുപ്പ് തല അന്വേഷണം ഉടന്‍
അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞാല്‍ ക്രിമിനല്‍ കേസെടുക്കാനും ശമ്പള വര്‍ധന തടയാനുമാണ് നീക്കം
തിരുവനന്തപുരം|ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിച്ചെന്ന കണ്ടെത്തലില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ നടപടിക്ക് പിന്നാലെ വകുപ്പുതല അന്വേഷണം ഉടന്‍ തുടങ്ങും. കുറ്റപത്രം കൊടുക്കുന്നതിനു മുന്നോടിയായാണ് ആന്വേഷണം. ഡിജിപി റാങ്ക് ഉള്ള ഉദ്യോഗസ്ഥനായിരിക്കും അന്വേഷണ ചുമതല. ഡിജിപി യോഗേഷ് ഗുപ്തയാണ് പരിഗണനയില്‍ എന്നാണ് ലഭിക്കുന്ന വിവരം.
കേസില്‍ സാക്ഷി മൊഴികള്‍ രേഖപ്പെടുത്തും. അജിത് കുമാറിന്റെ ഭാഗം കേള്‍ക്കാനും നീക്കമുണ്ട്. അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞാല്‍ ക്രിമിനല്‍ കേസെടുക്കാനും ശമ്പള വര്‍ധന തടയാനുമാണ് നീക്കം നടക്കുന്നത്. എസ്പി ഷൗക്കത്ത് അലിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലായിരുന്നു എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരെ രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിച്ചു എന്ന ആരോപണം വരുന്നത്. എന്നാല്‍ എസ്പിയേക്കാള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് എഡിജിപി എന്നുള്ളതിനാല്‍ അന്വേഷണം അട്ടിമറിച്ചെന്ന് കണ്ടെത്തിയിട്ടും നടപടിക്ക് ശുപാര്‍ശ ചെയ്യാനോ മറ്റ് നടപടികള്‍ എടുക്കാനോ കഴിഞ്ഞിരുന്നില്ല. പിന്നാലെ പഴുതടച്ചുള്ള അന്വേഷണം എന്ന നിലയിലാണ് വകുപ്പ് തല അന്വേഷണം ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന് നല്‍കാന്‍ തീരുമാനമായത്.
സാക്ഷി മൊഴികള്‍ എടുക്കുന്നതോടൊപ്പം എം ആര്‍ അജിത് കുമാറിന് പറയാനുള്ളത് പറയാനും രേഖകള്‍ ഹാജരാക്കാനും അവസരം നല്‍കും. നിരപരാധിയാണെന്ന് തെളിയിക്കാനായാല്‍ അജിത് കുമാര്‍ കേസില്‍ നിന്ന് മുക്തനാകുകയും ചെയ്യും.
Content Highlights:
Departmental inquiry against ADGP MR Ajith Kumar will begin soon over sabotaging the Alappuzha rescue case. A DGP rank officer is expected to lead the investigation. Ajith Kumar will get an opportunity to present his side before any final action is decided.


