National
ധര്‍മേന്ദ്ര പ്രധാന്റെ രാജി; ഇന്നും സിജെപി - കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച; ഡല്‍ഹിയില്‍ നിയന്ത്രണം കടുപ്പിച്ചു
രാവിലെ 7.30 മുതലാണ് നിയന്ത്രണം
ന്യൂഡല്‍ഹി| നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി(സിജെപി)യുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ സമരം ശക്തമായി തുടരുന്നു. സിജെപി പ്രതിനിധികളുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്നും ചര്‍ച്ച നടത്തും. ഇന്ന് മൂന്നരയ്ക്കാണ് ചര്‍ച്ച. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സിജെപി. തീരുമാനമായില്ലെങ്കില്‍ രാജ്യ വ്യാപകമായി സമരം നടത്തുമെന്നാണ് സിജെപി മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി ജെ പി നദ്ദയുമായി സിജെപി പ്രതിനിധികളായ സൗരവ് ദൗസ്, അശുതോഷ് റാങ്ക എന്നിവര്‍ നടത്തിയ ചര്‍ച്ചയില്‍ രണ്ട് ആവശ്യങ്ങളോട് സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചിരുന്നു. നീറ്റ് പരീക്ഷാ ക്രമക്കേടില്‍ ജീവനൊടുക്കിയ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരുകോടി നഷ്ടപരിഹാരം നല്‍കണം, ഡല്‍ഹിയിലെ പ്രതിഷേധക്കാര്‍ക്കെതിരെ നിയമനടപടി പാടില്ല എന്നീ ആവശ്യങ്ങളാണ് പരിഗണിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചത്.
വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്. രാവിലെ 7.30 മുതലാണ് നിയന്ത്രണം. 18 മെട്രോ സ്റ്റേഷനുകള്‍ ഇന്ന് അടച്ചിടും. ജന്തര്‍ മന്തര്‍ പരിസരത്ത് ഇന്റര്‍നെറ്റ് നിയന്ത്രണവും തുടരും. അതേസമയം സ്ഥലത്തേക്ക് ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് നിയന്ത്രണം ഇല്ലെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.
അതിനിടെ കേന്ദ്രസര്‍ക്കാരുമായി ഡീല്‍ ഉണ്ടെന്ന ആരോപണം തള്ളി വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവും പരിസ്ഥിതി പ്രവര്‍ത്തകനുമായ സോനം വാങ്ചുക് രംഗത്തെത്തിയിരുന്നു. എക്‌സില്‍ പങ്കുവെച്ച വീഡിയോയിലാണ് വാങ്ചുക് ഇക്കാര്യം വിശദീകരിച്ചത്. 26 ദിവസം നിരാഹാര സമരം നടത്തിയ ശേഷവും തന്റെ ആത്മാര്‍ഥത തെളിയിക്കേണ്ട സാഹചര്യമാണോ ഇപ്പോഴും നിലനില്‍ക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. സമരം അവസാനിപ്പിച്ച തീരുമാനത്തെ രാഷ്ട്രീയ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
അതേസമയം, നീറ്റ് പരീക്ഷാ ക്രമക്കേടിലും പോലീസ് അതിക്രമത്തിനുമെതിരെ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന് നടക്കും. ജില്ലാതലങ്ങളില്‍ മെഴുകുതിരി ജാഥകളും സത്യാഗ്രഹവും സംഘടിപ്പിക്കും. ലോക്ഭവനിലേക്ക് മഹിളാ കോണ്‍ഗ്രസ് മാര്‍ച്ചും നടത്തും.
Content Highlights:
The protest led by Cockroach Janata Party at Jantar Mantar demanding the resignation of Education Minister Dharmendra Pradhan over NEET exam irregularities continues. Govt will hold another round of talks today. Meanwhile, Congress will conduct nationwide protests against the exam irregularities.



