Connect with us

bomb attack against akg centre

എ കെ ജി സെന്ററിന് നേരെ അജ്ഞാതൻ ബോംബെറിഞ്ഞു

കോൺഗ്രസാണ് സംഭവത്തിന് പിന്നിലെന്ന് ഇ പി ജയരാജൻ ആരോപിച്ചു.

Published

|

Last Updated

തിരുവനന്തപുരം | സി പി എമ്മിൻ്റെ സംസ്ഥാന ഓഫീസ് ആയ എ കെ ജി സെന്ററിന് നേരെ ബോംബെറിഞ്ഞു. പ്രധാന ഗേറ്റിന് സമീപത്തെ കരിങ്കല്‍ ഭിത്തിയിലേക്കാണ് ബോംബ് പൊട്ടിത്തെറിച്ചത്. ഭിത്തിക്ക് കേടുപാട് സംഭവിച്ചു. ഭയങ്കര ശബ്ദത്തോടെയാണ് പൊട്ടിത്തെറിച്ചത്. രാത്രി 11.30ഓടെയാണ് ബോംബേറുണ്ടായത്.

എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, പി ബി അംഗം എ വിജയരാഘവന്‍ അടക്കമുള്ള സി പി എം നേതാക്കള്‍ സ്ഥലത്തെത്തി. കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി അടക്കമുള്ള നേതാക്കൾ എ കെ ജി സെൻ്ററിന് അകത്തുണ്ടായിരുന്നു. കന്റോണ്‍മെന്റ് പോലീസ് അന്വേഷണം ആരംഭിച്ചു. കോൺഗ്രസാണ് സംഭവത്തിന് പിന്നിലെന്ന് ഇ പി ജയരാജൻ ആരോപിച്ചു. അതേസമയം, ഒരു തരത്തിലുള്ള പ്രകോപനവും പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു കെട്ടിടം തകരാൻ പോന്ന ഉഗ്രശബ്ദവും പ്രകമ്പനവുമാണ് ഉണ്ടായതെന്ന് ശ്രീമതി ടീച്ചർ പറഞ്ഞു. പ്രകോപനമുണ്ടാക്കി വ്യാപക അക്രമമുണ്ടാക്കാനുള്ള ആസൂത്രിത നീക്കമാണിതെന്ന് അവർ കൂട്ടിച്ചേർത്തു. ഇരുചക്ര വാഹനത്തിലെത്തിയയാളാണ് ബോംബെറിഞ്ഞതെന്ന് സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. പ്രധാന റോഡിൽ നിന്ന് മാറി സെൻ്ററിൻ്റെ താഴ്ഭാഗത്തുള്ള കുന്നുകുഴി ഭാഗത്തുനിന്നാണ് ഈ സ്കൂട്ടർ എത്തിയത്. സ്ഫോടക വസ്തു എറിഞ്ഞ ശേഷം വന്നവഴി തന്നെ ഇയാൾ തിരിച്ചുപോയി. സംഭവത്തിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ തിരുവനന്തപുരം നഗരത്തിൽ അർധരാത്രിക്ക് പ്രകടനം നടത്തി. സമാധാനപരമായിരുന്നു പ്രകടനം. മന്ത്രിമാരായ ആൻ്റണി രാജു, വീണാ ജോർജ്, വി ശിവൻകുട്ടി, സി പി ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ അടക്കമുള്ളവർ സ്ഥലത്തെത്തി.

---- facebook comment plugin here -----

Latest