National
വ്യോമാക്രമണം: നാളെ രാജ്യത്ത് മുന്നറിയിപ്പ് അപായമണി മുഴങ്ങും
കൊച്ചിയിലും തിരുവനന്തപുരത്തും മോക്ഡ്രില്‍

ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നാളെ രാജ്യത്തുടനീളമുള്ള 244 ജില്ലകളില്‍ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങും. പാകിസ്ഥാനുമായി ഏറ്റുമുട്ടുമ്പോള്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള മേഖലകളിലാണ് സൈറണുകള്‍ മുഴക്കുക. കേരളത്തില്‍ രണ്ട് ജില്ലകളില്‍ നാളെ മോക്ഡ്രില്‍ നടത്തും. കൊച്ചി, തിരുവനന്തപുരം ജില്ലകളിലാണ് മോക്ഡ്രില്‍.
സംഘര്‍ഷത്തില്‍ അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ അതിനെ പ്രതിരോധിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പടെ പരിശീലനം നല്‍കേണ്ടത് ആവശ്യമാണെന്ന് കേന്ദ്രം അറിയിച്ചു. സ്‌കൂളുകള്‍, ഓഫീസുകള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവിടങ്ങളില്‍ സാധാരണക്കാര്‍ക്ക് പരിശീലനം നല്‍കും. ആക്രമണമുണ്ടായാല്‍ സ്വയം രക്ഷക്കാണ് പരിശീലനം.
സംസ്ഥാനത്തെ 20 ജില്ലകളില്‍ മോക്ക് ഡ്രില്ലുകള്‍ സംഘടിപ്പിക്കുമെന്ന് പഞ്ചാബ് മന്ത്രി ഹര്‍പാല്‍ സിംഗ് ചീമ പറഞ്ഞു. സിവില്‍ ഡിഫന്‍സ്, പഞ്ചാബ് പോലീസ്, ആഭ്യന്തര മന്ത്രാലയം എന്നിവ നാളെ മോക്ക് ഡ്രില്ലുകള്‍ നടത്തും. യു പിയില്‍ 19 ജില്ലകളില്‍ സിവില്‍ അഡ്മിനിസ്‌ട്രേഷന്‍, പോലീസ് അഡ്മിനിസ്‌ട്രേഷന്‍, ഫയര്‍ സര്‍വീസസ്, ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ് എന്നിവയുമായി ചേര്‍ന്ന് മോക്ക് ഡ്രില്‍ നടത്തുമെന്ന് ഭരണകൂടം ഉത്തരവിട്ടു.