Uae
ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ ഷെഡ്യൂൾ പ്രകാരമെന്ന് എയർലൈനറുകൾ
വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ എയർപോർട്ടുകൾ സാധാരണനിലയിലേക്ക്

ദുബൈ | ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്കും തിരിച്ചുമുള്ള വ്യോമ ഗതാഗതം തടസപ്പെട്ടിട്ടില്ലെന്ന് വിമാനക്കമ്പനികള്‍ അറിയിച്ചു. യു എ ഇയും ഇന്ത്യയും തമ്മിലുള്ള വിമാന സര്‍വീസുകള്‍ ഷെഡ്യൂള്‍ പ്രകാരം നടക്കുന്നു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ എ ഐ) പുറപ്പെടുവിച്ച വ്യോമസേനാ (നോട്ടംസ്)
നോട്ടീസുകളെത്തുടര്‍ന്ന് വടക്കന്‍, പടിഞ്ഞാറന്‍ ഇന്ത്യയിലെ 32 വിമാനത്താവളങ്ങള്‍ ‘താത്കാലികമായി അടച്ചു’ എന്നേയുള്ളൂ. ഇവിടങ്ങളില്‍ മെയ് 14 വരെ എല്ലാ സിവില്‍ വിമാന സര്‍വീസുകളും നിര്‍ത്തിവെക്കുമെന്ന് ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം നേരത്തെ അറിയിച്ചതാണ്. 15ന് രാവിലെ 05.29 (യു എ ഇ സമയം പുലര്‍ച്ചെ 3.59) വരെ അടച്ചിടല്‍ തുടരും.
അധാംപൂര്‍, അംബാല, അമൃത്്‌സര്‍, അവന്തിപൂര്‍, ബതിന്ദ, ഭുജ്, ബിക്കാനീര്‍, ചണ്ഡീഗഡ്, ഹല്‍വാര, ഹിന്‍ഡണ്‍, ജയ്സാല്‍മീര്‍, ജമ്മു, ജാംനഗര്‍, ജോധ്പൂര്‍, കാണ്ട്ല, കാംഗ്ര (ഗഗ്ഗല്‍), കെശോദ്, കിഷന്‍ഗഡ്, കുളു മണാലി (ഭുന്തര്‍), ലേ, ലുധിയാന, മുന്ദ്ര, നാലിയ, പത്താന്‍കോട്ട്, പട്യാല, പോര്‍ബന്ദര്‍, രാജ്കോട്ട് (ഹിരാസര്‍), സര്‍സാവ, ഷിംല, ശ്രീനഗര്‍, തോയിസ്, ഉത്തര്‍ലൈ എന്നിവയാണ് 32 വിമാനത്താവളങ്ങള്‍. ‘ഇന്ത്യയിലേക്കുള്ള ഞങ്ങളുടെ വിമാനങ്ങള്‍ ഷെഡ്യൂള്‍ പ്രകാരം പ്രവര്‍ത്തിക്കുന്നു.’ ഫ്‌ലൈ ദുബൈ വ്യക്തമാക്കി.
അതേസമയം, പാകിസ്ഥാന്റെ വ്യോമാതിര്‍ത്തിയിലേക്കും വിമാനത്താവളങ്ങളിലേക്കുമുള്ള പ്രവേശനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം കാരണം, എമിറേറ്റ്സ് പാകിസ്ഥാനും യു എ ഇയും തമ്മിലുള്ള വിമാനങ്ങള്‍ മെയ് 12 തിങ്കളാഴ്ച വരെ നിര്‍ത്തിവെച്ചു. പാകിസ്ഥാനിലേക്കും തിരിച്ചുമുള്ള എല്ലാ ഇത്തിഹാദ് എയര്‍വേയ്‌സ് സര്‍വീസുകള്‍ ശനിയാഴ്ചയും (മെയ് പത്ത്) റദ്ദാക്കി.
ഷാര്‍ജയില്‍ നിന്നും അബൂദബിയില്‍ നിന്നും പാകിസ്ഥാനിലേക്കുള്ള എയര്‍ അറേബ്യ വിമാനങ്ങളും മെയ് 13 വരെ നിര്‍ത്തിവെച്ചിട്ടുണ്ട്.
എയര്‍പോര്‍ട്ടുകള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അതേസമയം, വെടിനിര്‍ത്തല്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ സര്‍വീസ് നിര്‍ത്തിവെച്ച എയര്‍പോര്‍ട്ടുകളില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ എയര്‍പോര്‍ട്ട് അതോറിറ്റിയും സിവില്‍ ഏവിയേഷന്‍ വകുപ്പും ഊര്‍ജിതമാക്കിയിട്ടുണ്ട്.എയര്‍പോര്‍ട്ടുകള്‍ തുറക്കുന്നത് സംബന്ധമായ ഔദ്യോഗിക പ്രസ്താവന ഉടന്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.എന്നാല്‍, ഇന്ത്യയുമായുള്ള വെടിനിര്‍ത്തല്‍ കരാറിനെത്തുടര്‍ന്ന് എല്ലാ വാണിജ്യ, സൈനിക വിമാനങ്ങള്‍ക്കും പാകിസ്ഥാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി വീണ്ടും തുറന്നു. പാകിസ്ഥാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി എല്ലാത്തരം വിമാനങ്ങള്‍ക്കും രാജ്യത്തിന്റെ വ്യോമാതിര്‍ത്തി പൂര്‍ണ്ണമായും വീണ്ടും തുറന്നിട്ടുണ്ടെന്ന് വ്യക്തമാക്കി.