International
മാർപാപ്പയുടെ വേഷത്തിൽ ട്രംപിന്റെ എഐ ചിത്രം; വിവാദക്കൊടുങ്കാറ്റ്
വൈറ്റ് ഹൗസിന്റെ ഔദ്യോഗിക അക്കൗണ്ടിൽ പങ്കുവെച്ച ഈ ചിത്രത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.

വാഷിംഗ്ടൺ | പോപ്പ് ഫ്രാൻസിസ് മാർപാപ്പയുടെ മരണാനന്തര ചടങ്ങുകൾക്ക് പിന്നാലെ, താൻ മാർപാപ്പയാകാൻ ആഗ്രഹിക്കുന്നുവെന്ന് പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇപ്പോൾ മാർപാപ്പയുടെ വേഷത്തിലുള്ള ഒരു എഐ ചിത്രം പുറത്തുവിട്ട് വിവാദത്തിലായിരിക്കുകയാണ്. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക അക്കൗണ്ടിൽ പങ്കുവെച്ച ഈ ചിത്രത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.
ഏപ്രിൽ 22-ന് പോപ്പ് ഫ്രാൻസിസ് അന്തരിച്ചതിന് ശേഷം, ഏപ്രിൽ 26-ന് നടന്ന അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകളിൽ ട്രംപും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ വിവാദപരമായ പ്രസ്താവനയും ചിത്രവും പുറത്തുവന്നത്.
ചിത്രം പോപ്പ് ഫ്രാൻസിസിനെയും വത്തിക്കാനെയും അപമാനിക്കുന്നതാണെന്നാണ് നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്. ട്രംപിന്റെ ഈ പ്രവർത്തി അദ്ദേഹത്തിന്റെ അഹംഭാവം വെളിവാക്കുന്നതാണെന്നും, റിപ്പബ്ലിക്കൻ അനുയായികൾ ഇതിന് വോട്ട് ചെയ്തെന്നും വിമർശകർ പറയുന്നു.
— The White House (@WhiteHouse) May 3, 2025
അതേസമയം, ചിലർ ഈ ചിത്രത്തെ തമാശയായി കണ്ട് ട്രംപിനെ പരിഹസിക്കുന്നുമുണ്ട്. “മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയിൻ” എന്ന ട്രംപിന്റെ തിരഞ്ഞെടുപ്പ് മുദ്രാവാക്യത്തെ അനുകരിച്ച്, “മെയ്ക്ക് വത്തിക്കാൻ ഗ്രേറ്റ് എഗെയിൻ” എന്നാണ് പലരും ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
View this post on Instagram
നേരത്തെ, ആഗോള കത്തോലിക്ക സഭയുടെ അടുത്ത മാർപാപ്പയാകാൻ താൽപര്യമുണ്ടെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. പുതിയ മാർപാപ്പയെ വത്തിക്കാൻ തിരഞ്ഞെടുക്കാനിരിക്കെ, ആരാകും അടുത്ത മാർപാപ്പ എന്ന ചോദ്യത്തിന്, “എനിക്ക് മാർപാപ്പയാകണമെന്നുണ്ട്, അതാണ് എന്റെ ഒന്നാമത്തെ താൽപര്യം” എന്നായിരുന്നു ട്രംപിന്റെ മറുപടി.
അടുത്ത മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള നടപടികൾ വത്തിക്കാനിൽ പുരോഗമിക്കുകയാണ്. ലോകമെമ്പാടുംനിന്ന് കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് എത്തുന്ന 133 മെത്രാന്മാർ സിസ്‌റ്റെയ്‌ൻ ചാപ്പലിൽ പുറംലോകവുമായി ബന്ധമില്ലാതെ യോഗം ചേർന്നാണ് മാർപാപ്പയെ തെരഞ്ഞെടുക്കുക. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്ന മെത്രാൻ ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയാകും.