Connect with us

Kerala

വീണ്ടും ഇടഞ്ഞ് ഗവര്‍ണര്‍; മുഖ്യമന്ത്രി ഭരണഘടനാ ബാധ്യത നിര്‍വഹിക്കുന്നില്ലന്ന് വിമര്‍ശം

ഡല്‍ഹിയിൽ നിന്ന് ഗവർണറെത്തിയതോടെ രാജ്ഭവനിലെത്തിയ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി

Published

|

Last Updated

തിരുവനന്തപുരം | ചെറിയ ഇടവേളക്ക്  ശേഷം വീണ്ടും ഗവര്‍ണര്‍- സര്‍ക്കാര്‍ പോരിന് കളമൊരുങ്ങുന്നു. മന്ത്രിമാരായ പി രാജീവ്, വി എന്‍ വാസവന്‍, ആര്‍ ബിന്ദു, വി അബ്ദുര്‍റഹ്മാന്‍ എന്നിവര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു മുന്നോടിയായാണ് ഗവര്‍ണറുടെ പ്രതികരണം. ഒപ്പം ലോകായുക്ത ബില്ലില്‍ ഒപ്പിടില്ലെന്ന സൂചന നല്‍കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശവുമുന്നയിച്ചു.

ഭരണപരമായ കാര്യങ്ങള്‍ തന്നെ അറിയിക്കണം. സംസ്ഥാനത്തിലെ ഭരണപരമായ കാര്യങ്ങള്‍ തന്നോട് വിശദീകരിക്കേണ്ടത് മന്ത്രിമാരല്ലെന്നും അത് തന്നോട് ബോധ്യപ്പെടുത്തേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാ ബാധ്യതയാണെന്നും വിശദീകരിച്ച ഗവര്‍ണ്‍ അത് മുഖ്യമന്ത്രി നിര്‍വഹിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി.

സ്വയം വിധികര്‍ത്തക്കാളാകാന്‍ ആര്‍ക്കും കഴിയില്ല. സര്‍ക്കാറിനെതിരായ പരാതികള്‍ എത്തുമ്പോള്‍ അത് അന്വേഷിക്കണമോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാര്‍ അല്ല. ഭരണഘടനാ തത്വങ്ങള്‍ പാലിക്കാന്‍ ഗവര്‍ണര്‍ എന്ന നിലക്ക് താന്‍ ജാഗ്രത പാലിക്കും. ഇനി ഒപ്പുവെക്കാനുള്ള കുറച്ച് ബില്ലുകളില്‍ ഇനിയും വ്യക്തത വരുത്താനുണ്ട് തന്റെ മുന്നില്‍ എത്തുന്ന ബില്ലുകളിലെ വിശദീകരണം തൃപ്തികരമെങ്കില്‍ ഒപ്പ് വെക്കുന്നതിന് തനിക്ക് യാതൊരു തടസ്സവുമില്ല. ഗവര്‍ണര്‍ എന്ന നിലയില്‍ ഭരണഘടനാപരമായി മാത്രമേ പ്രവര്‍ത്തിക്കാന്‍ തനിക്ക് കഴിയൂവെന്നും ഗവര്‍ണര്‍ പറഞ്ഞു.

അതേസമയം, നിയമസഭ പാസ്സാക്കിയതും ഗവര്‍ണര്‍ ഒപ്പിടാനുള്ളതുമായ ചില ബില്ലുകളുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ സര്‍ക്കാരിന്റെ ഭാഗം വിശദീകരിച്ച് ആശയവിനിമയം നടത്തി. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് തനിക്കുള്ള അതൃപ്തി ഗവര്‍ണര്‍ മന്ത്രിമാരോട് അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

നേരത്തെ മന്ത്രിമാര്‍ നേരിട്ടെത്തി വിശദീകരണം നല്‍കിയാല്‍ മാത്രമേ ബില്ലില്‍ ഒപ്പിടുന്നത് പരിഗണിക്കുകയുള്ളൂ എന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിമാര്‍ രാജ്ഭവനിലെത്തി വിശദീകരണം നല്‍കിയത്. ലോകായുക്ത നിയമഭേദഗതി, സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍നിന്നു ഗവര്‍ണറെ മാറ്റുന്ന ബില്‍ എന്നിവ അടക്കം എട്ടു ബില്ലുകളാണ് രാജ്ഭവനിലുള്ളത്. ഡല്‍ഹിയിലായിരുന്ന ഗവര്‍ണര്‍ ഇന്ന് വൈകുന്നേരേത്തോടെയാണ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്.

Latest